This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുംഭകർണന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുംഭകര്‍ണന്‍
രാമായണത്തിലെ ഒരു കഥാപാത്രം. രാവണന്റെ അനുജനും വിഭീഷണന്റെ ജ്യേഷ്‌ഠനുമായ രാക്ഷസനാണ് കുംഭകര്‍ണന്‍. പിതാവ് വിശ്രവസ്സും മാതാവ് കൈകസിയുമാണ്. മഹാബലി ചക്രവര്‍ത്തിയുടെ മകളായ വൃത്രജ്വാലയാണ് പത്‌നി; കുംഭനികുംഭന്മാര്‍ പുത്രന്മാരും. കുംഭം (കുടം) പോലെയുള്ള വലിയ ചെവികള്‍ ഉണ്ടായിരുന്നതുകൊണ്ടു കുംഭകര്‍ണനെന്നു പേരുണ്ടായി. ജന്മനാതന്നെ ഭയങ്കര രൂപനായിരുന്ന ഇദ്ദേഹം ഋഷിമാരെയും അപ്‌സരസ്സുകളെയും എന്നുവേണ്ട കിട്ടിയതെല്ലാം വിഴുങ്ങുമായിരുന്നു. ഈ വൃത്താന്തം അറിഞ്ഞ ഇന്ദ്രന്‍ ഐരാവതാരൂഢനായി വന്ന് ഇദ്ദേഹത്തിന്റെ നേര്‍ക്ക് വജ്രായുധം പ്രയോഗിച്ചു. എന്നാല്‍ ഇദ്ദേഹം ഐരാവതത്തിന്റെ ഒരു കൊമ്പു വലിച്ചെടുത്തു യുദ്ധം ചെയ്യുന്നതു കണ്ടപ്പോള്‍ ഭീതനായ ഇന്ദ്രന്‍ ഓടി ബ്രഹ്മാവിനെ ശരണം പ്രാപിക്കുകയും ഗാഢനിദ്രയിലാണ്ടുപോകട്ടേ എന്നു ബ്രഹ്മാവ് ഇദ്ദേഹത്തെ ശപിക്കുകയും ചെയ്‌തു. വൃത്താന്തം അറിഞ്ഞ വിശ്രവസ്സ് ബ്രഹ്മാവിനോടു ശാപമോക്ഷം അപേക്ഷിച്ചു. ബ്രഹ്മാവാകട്ടെ വര്‍ഷത്തില്‍ ഒരു ദിവസം ഉണര്‍ന്നിരിക്കുമെന്നനുഗ്രഹിച്ചു. അതിനുശേഷം ഇദ്ദേഹം ഗോകര്‍ണത്തില്‍ ചെന്ന് നിര്‍ദേവത്വം (ദേവന്മാരില്ലാത്ത അവസ്ഥ) നേടാനായി തപസ്സു ചെയ്‌തു. ഭയന്ന ദേവന്മാര്‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചു. ബ്രഹ്മാവ് കുംഭകര്‍ണന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുവാന്‍ സരസ്വതിയെ നിയോഗിക്കുകയും, അങ്ങനെ ബുദ്ധിഭ്രമം നേരിട്ട ഇദ്ദേഹം നിര്‍ദേവത്വത്തിനു പകരം നിദ്രാവത്വം (നിദ്രയോടുകൂടിയ അവസ്ഥ) വരമായി നേടുകയും ചെയ്‌തു. രാവണന്‍ കുബേരനെ ജയിച്ചു ലങ്ക കൈവശപ്പെടുത്തുന്നതുവരെ ഇദ്ദേഹം ശ്ലേഷ്‌മാതകവനത്തിലാണ് താമസിച്ചിരുന്നത്. രാവണന്‍ സീതയെ അപഹരിച്ചതും ഹനുമാന്‍ ലങ്കയെ ചാമ്പലാക്കിയതും അറിഞ്ഞ കുംഭകര്‍ണന്‍ സീതയെ ശ്രീരാമനു സമര്‍പ്പിച്ച് അഭയം പ്രാര്‍ഥിക്കുവാന്‍ രാവണനെ ഉപദേശിച്ചു. എന്നാല്‍ ഹിതമെങ്കിലും അപ്രിയമായ ആ ഉപദേശം രാവണന്‍ കൈക്കൊണ്ടില്ല. രാമ-രാവണയുദ്ധത്തില്‍ രാവണന്റെ സൈന്യം നാമാവശേഷമാവുകയും കുംഭനികുംഭന്മാര്‍ കൊല്ലപ്പെടുകയും ചെയ്‌തപ്പോള്‍ ഉണര്‍ത്തപ്പെട്ട ഇദ്ദേഹം ഘോരയുദ്ധം ചെയ്‌തു വാനരപ്പടയെ നശിപ്പിക്കുകയും ഒടുവില്‍ ശ്രീരാമനാല്‍ കൊല്ലപ്പെടുകയും ചെയ്‌തു. നോ. രാവണന്‍
വൈകുണ്‌ഠത്തിലെ ദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാര്‍ സനകാദികളുടെ ശാപം നിമിത്തം ഹിരണ്യാക്ഷ ഹിരണ്യകശിപുകളായും, രാവണകുംഭകര്‍ണന്മാരായും ശിശുപാലദന്തവക്ത്രന്മാരായും മൂന്നു ജന്മമെടുത്തു വിഷ്‌ണുവിനാല്‍ ഹതരായി ശാപമോക്ഷം നേടിയെന്നൊരു കഥയുമുണ്ട്.
കുംഭകര്‍ണന്റെ സ്വഭാവത്തെ ആസ്‌പദമാക്കി "കുംഭകര്‍ണന്‍' (അതിരറ്റ് ഉറങ്ങുന്നവന്‍), "കുംഭകര്‍ണസേവ' (ഉറക്കം) മുതലായ ശൈലികളും ഭാഷയില്‍ പ്രയോഗത്തിലുണ്ട്.