This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീൽ

Kiel

കീല്‍ തോട്‌

ബാള്‍ട്ടിക്‌ കടലിനെയും ഉത്തരസമുദ്രത്തെയും(North Sea)തമ്മില്‍ ബന്ധിപ്പിക്കുന്ന കൃത്രിമതോട്‌. പടിഞ്ഞാറന്‍ ജര്‍മനിയുടെ ഉത്തരമധ്യമേഖലയിലുള്ള പഴയ പ്രഷ്യന്‍ പ്രവിശ്യയായ ഷെള്‍സ്‌വിഗ്‌-ഹോള്‍-സ്റ്റെയിനില്‍ സ്ഥിതിചെയ്യുന്നു. ഏകദേശം 98 കി.മീ. നീളമുള്ള ഈ തോടിന്റെ വീതി 103 മീറ്ററും ആഴം 11 മീറ്ററുമാണ്‌. അതിനാല്‍ വലിയ യുദ്ധക്കപ്പലുകള്‍ക്കുപോലും ഇതുവഴി കടന്നുപോകാന്‍ സാധിക്കും. ഈ തോടിന്റെ ഇരുവശവുമുള്ള ചീപ്പുകള്‍ വേലിയേറ്റത്തെയും വേലിയിറക്കത്തെയും പരമാവധി നിയന്ത്രിക്കുന്നു. കീല്‍ ത്തോടിന്റെ നിര്‍മാണംമൂലം കപ്പല്‍ യാത്രക്കാര്‍ക്ക്‌ ജൂട്ട്‌ലന്‍ഡ്‌ ചുറ്റിയുള്ള യാത്ര ഒഴിവാക്കാന്‍ സാധിച്ചു. അങ്ങനെ ഏകദേശം 650 കി.മീ. ദൂരം കുറഞ്ഞുകിട്ടി. കീല്‍ കനാലിലൂടെയുള്ള ഗതാഗതം സുഗമവും സുരക്ഷിതവും സമയദൈര്‍ഘ്യം കുറഞ്ഞതുമായതിനാല്‍ കച്ചവടക്കപ്പലുകള്‍ക്ക്‌ ഈ തോട്‌ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്‌. ബാള്‍ട്ടിക്‌ കടലിനെയും ഉത്തരസമുദ്രത്തെയും ബന്ധിപ്പിച്ച്‌ ഒരു തോട്‌ നിര്‍മിക്കാന്‍ 14-ാം ശതകത്തിനു മുമ്പുതന്നെ ശ്രമങ്ങളാരംഭിച്ചിരുന്നു. പ്രിന്‍സ്‌ ഓട്ടോ ഫൊണ്‍ ബിസ്‌മാര്‍ക്ക്‌ ആണ്‌ ആദ്യമായി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്‌. എന്നാല്‍ അന്നത്തെ ജര്‍മന്‍ പട്ടാളഭരണാധികാരികള്‍ ഇതിനെ എതിര്‍ത്തു. പിന്നീട്‌ ഇതിന്റെ ആവശ്യകത മനസ്സിലായപ്പോള്‍ ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. 1887 ജൂണ്‍ 3-ന്‌ വില്യം ഒന്നാമന്‍ ഈ തോടിന്‌ തറക്കല്ലിടുകയും 1895 ജൂണ്‍ 22-ന്‌ കീല്‍ കനാല്‍ ഔദ്യോഗികമായി തുറക്കപ്പെടുകയും ചെയ്‌തു. തുടര്‍ന്നുള്ള കാലങ്ങളില്‍ പല തവണ ഈ തോടിന്റെ വീതിയും ആഴവും കൂട്ടിയിട്ടുണ്ട്‌. ഒന്നാം ലോകയുദ്ധകാലത്താണ്‌ ഈ തോടിന്റെ നിര്‍മാണം പരിപൂര്‍ണമായത്‌. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ജര്‍മന്‍കാര്‍ക്ക്‌ കീല്‍ ത്തോടുകൊണ്ട്‌ വളരെയധികം പ്രയോജനമുണ്ടായിട്ടുണ്ട്‌.

കീല്‍ ത്തോട്‌ കൈസര്‍ വില്യം കനാല്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1895-ല്‍ ജര്‍മന്‍ യുദ്ധക്കപ്പലുകള്‍ക്ക്‌ ഉത്തരസമുദ്രത്തിനും ബാള്‍ടിക്‌ സമുദ്രത്തിനുമിടയില്‍ യാത്രാസൗകര്യം ഒരുക്കുവാന്‍വേണ്ടി കീല്‍ കനാല്‍ തുറന്നു കൊടുത്തപ്പോഴാണ്‌ ഇത്‌ ഈ പേരില്‍ അറിയപ്പെട്ടത്‌. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനംവരെ ജര്‍മനിയുടെ ഒരു സ്വകാര്യസ്വത്തായിരുന്ന ഇത്‌ വേഴ്‌സയില്‍ സ്‌ സന്ധിയനുസരിച്ച്‌ അന്തര്‍ദേശീയമാക്കപ്പെട്ടു. കനാലിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേകവ്യവസ്ഥകളുണ്ട്‌. കടല്‍ വാണിജ്യത്തില്‍ മുഖ്യപങ്കുവഹിക്കുന്ന കീല്‍ കനാല്‍ ഇന്ന്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉപയുക്തമാവുന്ന അന്താരാഷ്‌ട്ര നാവികപാതകളിലൊന്നായി മാറിയിട്ടുണ്ട്‌.

(എസ്‌. ഗോപിനാഥന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%80%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍