This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീസ്‌ലോവ്‌സ്‌കി ക്രിസ്‌തോഫ്‌ (1941 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീസ്‌ലോവ്‌സ്‌കി ക്രിസ്‌തോഫ്‌ (1941 - 96)

Kieslowsky, Krystof

കീസ്‌ലോവ്‌സ്‌കി ക്രിസ്‌തോഫ്‌

പോളണ്ടുകാരനായ വിശ്രുത ചലച്ചിത്രകാരന്‍. വാഴ്‌സയില്‍ 1941 ജൂണില്‍ ജനിച്ചു. ലോഡ്‌സിലെ സ്റ്റേറ്റ്‌ തീയട്രിക്കല്‍ ഫിലിം കോളജില്‍ നിന്ന്‌ 1969-ല്‍ ബിരുദമെടുത്തശേഷം ഡോക്കുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും നിര്‍മാണത്തില്‍ വ്യാപൃതനായി. പോളിഷ്‌ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഇവയുടെ ഉള്ളടക്കവും ക്രാഫ്‌റ്റും നവീനതയും പരക്കെ ശ്രദ്ധിക്കപ്പെട്ടു. ജീവിതഗന്ധിയായ സമസ്യകളും നിഗൂഢതകളും ആണ്‌ ക്രിസ്‌തോഫ്‌ കീസ്‌ ലോവ്‌സ്‌കിയുടെ ചിത്രത്തിലെ പ്രധാനപ്രമേയങ്ങള്‍. ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്നുകയറി എല്ലാം തകിടംമറിക്കുന്ന മൃത്യുവിന്റെ അജ്ഞാതനീക്കങ്ങള്‍ ഈ ചലച്ചിത്രകാരനെ അസ്വസ്ഥനാക്കി. 1973-ല്‍ പുറത്തിറങ്ങിയ "സബ്‌വേയിലെ പഥികന്‍' ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ ലഘുചിത്രം. തുടര്‍ന്നുവന്ന "പെഴ്‌സണല്‍ ', "സ്‌ക്കാര്‍' (1975), "ശാന്തി' (Calmness-1976), "സംസാരിക്കുന്ന ഹൃദയം' (1980), "സംഭവം', "ബ്ലൈന്‍ഡ്‌ ചോയ്‌സ്‌' (1981), "നോ എന്‍ഡ്‌' (1985) എന്നിവയിലും ജീവിതത്തിന്റെ ചഞ്ചലതയും വെറുതേ മോഹിപ്പിക്കുന്ന മനുഷ്യന്റെ വ്യാകുലതകളും ചുരുക്കം കഥാപാത്രങ്ങളിലൂടെ അദ്ദേഹം ശക്തമായി ആഖ്യാനം ചെയ്യുന്നു. 1988-ല്‍ പുറത്തിറങ്ങിയ പത്തു കല്‌പനകള്‍ എന്ന്‌ വിളിക്കപ്പെടുന്ന "ഡെക്കലോഗ്‌' ഈ ലോകപ്രശസ്‌ത ഫിലിം സ്രഷ്‌ടാവിന്റെ ഉദാത്തമായ ജീവിതദര്‍ശനം വിളംബരം ചെയ്യുന്നു. ഇതില്‍ അഞ്ചാമത്തെ ദളം കൊലപാതകത്തിന്റെ മനഃശാസ്‌ത്രവും ദാരുണമായ ഭവിഷ്യത്തും വെളിവാക്കുന്ന ഫീച്ചര്‍ ചിത്രമാണ്‌. "ആറാം ദളം' വെറുപ്പിന്റെ മറുപുറത്തുള്ള വികാരലോലമായ പ്രണയത്തെ അനാവരണം ചെയ്യുന്നു. മറ്റ്‌ എട്ട്‌ ചിത്രങ്ങളും ഭാവകാവ്യങ്ങളെപ്പോലെ മനുഷ്യജീവിതത്തിന്റെ മാറുന്ന മുഖങ്ങളെപ്പറ്റിയുള്ള ഉള്ളില്‍ ത്തട്ടുന്ന സങ്കീര്‍ത്തനങ്ങളാണ്‌.

കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ നിന്ന്‌ പോളിഷ്‌ ജനത ക്രിസ്‌തുമതമൂല്യങ്ങളുടെ കരവലയത്തിലേക്ക്‌ കുതറിച്ചാടാന്‍ വെമ്പിയിരുന്ന വിക്ഷുബ്‌ധമായ കാലഘട്ടത്തില്‍ അവിടത്തെ മനുഷ്യര്‍ അനുഭവിച്ചിരുന്ന നൈരാശ്യവും ക്ഷോഭവും ജുഗുപ്‌സയും ആണ്‌ എണ്‍പതുകളിലെ കീസ്‌ലോവ്‌സ്‌കി ചിത്രങ്ങളില്‍ പ്രതിഫലിച്ചത്‌. ജീവിതരംഗങ്ങള്‍ പച്ചയായി പകര്‍ത്താന്‍ റിയലിസവും ശക്തമായ ആശയങ്ങള്‍ പ്രതീകാത്മകഭംഗിയോടെ ആവിഷ്‌കരിക്കാന്‍ എക്‌സ്‌പ്രഷനിസവും അദ്ദേഹം കുശലതയോടെ ഉപയോഗിച്ചു. സിനിമ എന്ന കലയുടെ പരിണാമത്തില്‍ ഈ പോളിഷ്‌ ഫിലിംമേക്കറുടെ ശക്തിയും സൗന്ദര്യബോധവും തുടിക്കുന്ന ചിത്രങ്ങള്‍ പഠനാര്‍ഹമായ മാതൃകകളായി തീര്‍ന്നിട്ടുണ്ട്‌. പ്രസിദ്ധ ചലച്ചിത്ര വിമര്‍ശകനായ ഡറക്‌മാല്‍ ക്കമിന്റെ അഭിപ്രായത്തില്‍ , മഹായുദ്ധാനന്തര ദശകങ്ങളിലെ ഏറ്റവും മികച്ച മൂന്ന്‌ സംവിധായകരില്‍ ഒരാളാണ്‌ കീസ്‌ലോവ്‌സ്‌കി. 1990-ല്‍ പുറത്തുവന്ന "സിറ്റിലവ്‌', അതിനടുത്തവര്‍ഷം റിലീസ്‌ ചെയ്‌ത "ഡബിള്‍ ലൈഫ്‌ ഒഫ്‌ വെറോണിക്ക' എന്ന മുഴുനീള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളാണ്‌. ഒരായുഷ്‌ക്കാലത്ത്‌ അദ്ദേഹം നേടിയ അനുഭവങ്ങളും മനുഷ്യവികാരങ്ങളെ സംബന്ധിച്ച ഉള്‍ക്കാഴ്‌ചയും ഫിലിം നിര്‍മാണസങ്കേതങ്ങളില്‍ ആര്‍ജിച്ച തഴക്കവും ഈ ചിത്രങ്ങളെ അവിസ്‌മരണീയ അനുഭവങ്ങളാക്കി. 1993-94-ല്‍ അദ്ദേഹം വര്‍ണങ്ങളെ പ്രകൃതിയുടെ അഴകായും ആശയങ്ങളുടെ അര്‍ഥമായും വ്യാഖ്യാനിക്കുന്ന മൂന്ന്‌ ചിത്രങ്ങള്‍ എടുത്തു. സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങളെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന ഫ്രഞ്ച്‌ പതാകയിലെ നീലം, വെളുപ്പ്‌, ചുവപ്പ്‌ എന്നീ നിറങ്ങളെയാണ്‌ അദ്ദേഹം ഈ ചിത്രത്തില്‍ വിശകലനം ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ അവസാനപരീക്ഷണവും ഈ ചിത്രങ്ങളായിരുന്നു. 1996-ല്‍ ഇദ്ദേഹം അന്തരിച്ചു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍