This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീവ്‌

Kiev/Kyiv

കീവ്‌ നഗരം

ഉക്രയ്‌ന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനം. നീപ്പര്‍ നദീതീരത്ത്‌ സ്ഥിതിചെയ്യുന്ന ഈ നഗരം കീവ്‌ പ്രവിശ്യയുടെ(Kiev oblast)യും ആസ്ഥാനമാണ്‌. ഉക്രയ്‌നിലെ മുഖ്യ രാഷ്‌ട്രീയ-സാംസ്‌കാരിക-വിദ്യാഭ്യാസകേന്ദ്രവുമാണിത്‌. നിരവധി വ്യവസായങ്ങള്‍ ഈ നഗരത്തിലുണ്ട്‌. നഗരജനസംഖ്യ: 26,11,327 (2001).

നീപ്പര്‍ നദീതീരത്ത്‌ ഏറിയകൂറും നദിയുടെ പടിഞ്ഞാറുവശത്തായിട്ടാണ്‌ നഗരത്തിന്റെ സ്ഥാനം. വടക്കും കിഴക്കുമുള്ള ഭാഗങ്ങള്‍ നിമ്‌നഭൂമികളാണ്‌. ചതുപ്പുകളുടെ ആധിക്യംനിമിത്തം വിപുലമായ തോതില്‍ ജലനിര്‍ഗമനസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. യുക്രനിയന്മാരാണ്‌ ജനങ്ങളില്‍ ഭൂരിപക്ഷവും.

തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്ക്‌ കാര്‍ഷിക പ്രാധാന്യം കൂടും. ഗോതമ്പ്‌, ബാര്‍ലി, റൈ മുതലായവ ഇവിടെ കൃഷിചെയ്യുന്നു. നദിയുടെ ഇരുകരകളിലും പച്ചക്കറിക്കൃഷിയുമുണ്ട്‌. ഈര്‍പ്പംകൂടിയ വടക്കന്‍ പ്രദേശങ്ങളില്‍ ചണവും ഉരുളക്കിഴങ്ങുമാണ്‌ മുഖ്യമായ കൃഷി. ബെലയാ സെര്‍ക്കോവ്‌ (Belaya-Tser-Kov), വാസില്‍ ക്കാ, ഫസ്റ്റോവ്‌, ബോഗുസ്ലാവ്‌ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിരവധി ചെറുകിട വ്യവസായങ്ങള്‍ ഉണ്ട്‌. ധാരാളം റെയില്‍ പ്പാതകളുള്ള പ്രാവിന്‍സാണ്‌ കീവ്‌. നീപ്പര്‍നദിയില്‍ ജലഗതാഗതസൗര്യമുണ്ട്‌. നഗരത്തിന്‌ സു. 30 കി.മീ. ദൂരെയുള്ള ബോറിസ്‌പോലി (Boryspol)ലാണ്‌ വിമാനത്താവളം സ്ഥിതിചെയ്യുന്നത്‌. ഏറ്റവും പ്രാചീനവും ചരിത്രപ്രധാനവുമായ കീവ്‌ നഗരത്തെ "റഷ്യന്‍ നഗരങ്ങളുടെ മാതാവ്‌' എന്നുവിളിക്കാറുണ്ട്‌.

ഷെവ്‌ചെങ്കോ തിയെറ്റര്‍ ഒഫ്‌ ഓപ്പറാ ആന്‍ഡ്‌ ബാലേ

ഈ നഗരം കീയ്‌ (Kii) സഹോദരന്മാര്‍ സ്ഥാപിച്ചതാണന്നത്ര ഐതിഹ്യം. പ്രകൃത്യാസുരക്ഷിതമായ ഈ നഗരം അതിവേഗം പ്രാമുഖ്യം നേടി. 9-ാം ശതകത്തിന്റെ ഒടുവില്‍ കീവ്‌ രാജാക്കന്മാര്‍ മറ്റു നാടുവാഴികളെ കീഴടക്കി ആദ്യത്തെ റഷ്യന്‍ സ്റ്റേറ്റ്‌ സ്ഥാപിച്ചു. നീപ്പര്‍ നദിവഴി ബൈസാന്‍ഫ്യവുമായി നടത്തിയ കച്ചവടം മുഖേന കീവ്‌ അഭിവൃദ്ധിപ്രാപിച്ചു. 12-ാം ശതകത്തില്‍ മംഗോളിയന്മാര്‍ കീവ്‌ ആക്രമിച്ചു കീഴടക്കി. ജെംഗിസ്‌ഖാന്റെ അനന്തരവനായ ബത്ത്‌ നഗരം നാമാവശേഷമാക്കി. 1320-ല്‍ കീവ്‌ ലിബേനിയായുടെയും അനന്തരം പോളണ്ടിന്റെയും അധീനതയില്‍ വന്നു. റസ്‌സോ-പോളിഷ്‌ യുദ്ധാനന്തരം (1667) കീവ്‌ റഷ്യന്‍ മേല്‍ ക്കോയ്‌മയ്‌ക്കു വിധേയമായി, സ്വയംഭരണാധികാരമുള്ള ഒരു കൊസ്‌സാക്‌ സ്റ്റേറ്റിലെ മുഖ്യനഗരമായിത്തീര്‍ന്നു. മഹാനായ പീറ്റര്‍ കീവിനുചുറ്റും കോട്ട കെട്ടിച്ചു. 1793-ല്‍ ഈ നഗരം റഷ്യയോടു ചേര്‍ക്കപ്പെടുകയും ഒരു പ്രവിശ്യാ തലസ്ഥാനമായിത്തീരുകയും ചെയ്‌തു. 19-ാം ശതകത്തില്‍ കീവിനു പ്രാധാന്യം വര്‍ധിച്ചു. 1863-ല്‍ മോസ്‌കോയിലേക്കും 1870-ല്‍ ഒഡേസയിലേക്കും റെയില്‍ പ്പാത നിര്‍മിക്കപ്പെട്ടതാണ്‌ അതിനുകാരണം. 1905-ലെ വിപ്ലവകാലത്ത്‌ കീവ്‌ ജൂതന്മാരുടെ കൂട്ടക്കൊലയ്‌ക്കു സാക്ഷ്യംവഹിച്ചു. 1918-ല്‍ കീവ്‌ തലസ്ഥാനമാക്കിക്കൊണ്ട്‌ ഉക്രയ്‌ന്‍ ഒരു സ്വതന്ത്രറിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ചു. പക്ഷേ അപ്പോഴേക്കും ബോള്‍ഷെവിക്കുകാര്‍ കീവ്‌ കീഴടക്കി. 1934-ല്‍ ഉക്രയ്‌നിന്റെ തലസ്ഥാനം ഖര്‍ക്കോവില്‍ നിന്നു കീവിലേക്കു മാറ്റി.

രണ്ടാം ലോകയുദ്ധകാലത്തു ജര്‍മന്‍കാര്‍ രണ്ടുവര്‍ഷം (1941-43) കീവ്‌ തങ്ങളുടെ അധീനതയില്‍ വച്ചുകൊണ്ടിരുന്നു. ഇക്കാലത്തു 50,000 ജൂതന്മാര്‍ കൊല്ലപ്പെടുകയും പകുതിയോളം കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്‌തു. ജനസംഖ്യ നാലിലൊന്നായി ചുരുങ്ങി. നഗരത്തിന്റെ പുനര്‍നിര്‍മാണം 1961-ഓടുകൂടിയാണ്‌ പൂര്‍ത്തിയായത്‌. പുതിയ നഗരത്തിന്റെ സംവിധാനം അതിമനോഹരമാണ്‌. 1991 ആഗസ്റ്റില്‍ യു.എസ്‌.എസ്‌.ആറില്‍ നിന്ന്‌ ഉക്രയ്‌ന്‍ സ്വതന്ത്രമായപ്പോഴും കീവ്‌ അതിന്റെ തലസ്ഥാനമായി തുടര്‍ന്നു.

നടക്കാവുകളും ഉദ്യാനങ്ങളും കീവ്‌ നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. 11-ാം ശതകത്തിലെ സെന്റ്‌ സോഫിയ കത്തീഡ്രലും 18-ാം ശതകത്തിലെ സെന്റ്‌ ആന്‍ഡ്രു പള്ളിയും വ്‌ളാഡിമിര്‍ കത്തീഡ്രലും പ്രാചീന ചരിത്രസ്‌മാരകങ്ങളായി അവശേഷിക്കുന്നു. ടി.ജി. ഷെവ്‌ചെങ്കോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ (1834) ആസ്ഥാനവുമാണ്‌ കീവ്‌. 1919-ല്‍ ഒരു സയന്‍സ്‌ അക്കാദമിയും അവിടെ സ്ഥാപിതമായിട്ടുണ്ട്‌. അനേകം തിയെറ്ററുകള്‍ ഉള്ളവയില്‍ "ഷെവ്‌ചെങ്കോ തിയെറ്റര്‍ ഒഫ്‌ ഓപ്പറാ ആന്‍ഡ്‌ ബാലേ' എന്ന സാംസ്‌കാരിക സ്ഥാപനം വളരെ പ്രസിദ്ധമാണ്‌.

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%80%E0%B4%B5%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍