This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീഴരിയൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീഴരിയൂര്‍

1. കോഴിക്കോട്ടു ജില്ലയിലെ ഒരു ഗ്രാമം. ഈ ഗ്രാമത്തിലാണ്‌ പ്രസിദ്ധമായ അര്‍ജുനന്‍കുന്നു ഗുഹകള്‍ സ്ഥിതിചെയ്യുന്നത്‌. അകലാപ്പുഴയും നെല്യാടി പുഴയും ഇതിനു സമീപത്തുകൂടി ഒഴുകുന്നു. 1942-43 കാലഘട്ടത്തിൽ ഈ ഗ്രാമം വിപ്ലവപ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു.

2. കീഴരിയൂര്‍ ബോംബുകേസ്‌. 1942 ആഗസ്റ്റിലെ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച്‌ മലബാറിലുണ്ടായ പ്രക്ഷോഭജനകമായൊരു കേസ്‌. മലബാറിലെങ്ങും ഗവണ്‍മെന്റ്‌ കെട്ടിടങ്ങളും റെയിൽവേപ്പാലങ്ങളും മറ്റും തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ കീഴരിയൂരിൽവച്ച്‌ ഗൂഢാലോചന നടത്തുകയും ബോംബുണ്ടാക്കുകയും ചെയ്‌തു എന്നതായിരുന്നു ഈ കേസിലെ ചാര്‍ജ്‌. സോഷ്യലിസ്റ്റ്‌ നേതാവും ആഗസ്റ്റുസമരത്തിനു നേതൃത്വം നല്‌കാന്‍ കേരളത്തിലേക്ക്‌ നിയോഗിക്കപ്പെട്ടയാളുമായ ഡോ. കെ.ബി. മേനോന്‍ ആയിരുന്നു പ്രസ്‌തുത കേസിൽ ഒന്നാം പ്രതിയായിരുന്നത്‌. മറ്റു 31 പ്രതികളുടെ കൂട്ടത്തിൽ കെ. ശങ്കരന്‍നായര്‍, എന്‍.എ. കൃഷ്‌ണന്‍നായര്‍, ഒ. രാഘവന്‍നായര്‍, വി.എ. കേശവന്‍നായര്‍, മത്തായി മാഞ്ഞൂരാന്‍, ഇ. വാസുദേവന്‍ നായര്‍, കെ. നാരായണന്‍ നായര്‍, അച്യുതന്‍ വൈദ്യര്‍, കെ. ഗോപാലന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ ഈ കേസിൽ സെഷന്‍സ്‌ കോടതി 12 പ്രതികള്‍ക്കു 7 കൊല്ലവും ഒരാള്‍ക്ക്‌ 10 കൊല്ലവും കഠിനതടവു ശിക്ഷ വിധിച്ചു. മറ്റുള്ളവരെ വിട്ടയയ്‌ക്കുവാനും ഉത്തരവിട്ടു. എന്നാൽ സെഷന്‍സ്‌ കോടതി വിധിയിന്മേൽ സമര്‍പ്പിച്ച അപ്പീലിൽ ഡോ.കെ.ബി. മേനോന്‍, എന്‍.എ. കൃഷ്‌ണന്‍നായര്‍, വി.എ. കേശവന്‍നായര്‍, കെ. ശങ്കരന്‍ നായര്‍ എന്നിങ്ങനെ ഒന്നു മുതൽ 4 വരെയുള്ള പ്രതികള്‍ക്ക്‌ ഹൈക്കോടതി 10 വര്‍ഷം വീതം കഠിനതടവുശിക്ഷ വിധിക്കുകയും മറ്റുള്ളവരെ സംബന്ധിച്ച്‌ കീഴ്‌ക്കോടതി വിധി ശരിവയ്‌ക്കുകയുമാണുണ്ടായത്‌. ഡോ. കെ.ബി. മേനോനും സുഹൃത്തുക്കളും സ്വാതന്ത്യ്രലബ്‌ധിക്കുശേഷമാണ്‌ മോചിതരായത്‌.

(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍