This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീലർ, ജെയിംസ്‌ എഡ്വേഡ്‌(1857 - 1900)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീലർ, ജെയിംസ്‌ എഡ്വേഡ്‌(1857 - 1900)

Keeler,James Edward

ജെയിംസ്‌ എഡ്വേഡ്‌ കീലര്‍

യു.എസ്‌. ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1857 സെപ്‌. 10-നു ലസാല്ലിയില്‍ ജനിച്ചു. വളരെ ചെറുപ്പത്തില്‍ ത്തന്നെ ജ്യോതിശ്ശാസ്‌ത്രത്തില്‍ ഇദ്ദേഹത്തിനു താത്‌പര്യമുണ്ടായിരുന്നു. നിരീക്ഷണോപകരണങ്ങളുടെ ആവിഷ്‌കരണത്തിലും ഇദ്ദേഹം പ്രത്യേകം പ്രാഗല്‌ഭ്യം കാണിച്ചിരുന്നു. ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടിയശേഷം (1881) അല്ലെഘനി(Alleghany) നിരീക്ഷണശാലയില്‍ ഒരു അസിസ്റ്റന്റായി ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു.

1886-91 കാലയളവില്‍ ലിക്ക്‌ (Lick) നിരീക്ഷണാലയത്തിന്റെ സ്റ്റാഫ്‌ അംഗങ്ങളില്‍ ഒരാളായിരുന്നു കീലര്‍. പതിമൂന്ന്‌ ഗ്രഹീയ നെബുലകളുടെയും ഓറിയോണ്‍ നെബുലയുടെയും ദൃഷ്‌ടിപഥത്തിലെ വേഗം ഇദ്ദേഹം അളന്നു കണ്ടുപിടിച്ചു. ഇതായിരുന്നു ജ്യോതിശ്ശാസ്‌ത്രത്തിന്‌ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന. ഈ വസ്‌തുക്കളുടെ ചലനം നക്ഷത്രങ്ങളുടേതുപോലെയാണെന്നും തന്മൂലം ഇവയും നമ്മുടെ നക്ഷത്രവ്യൂഹത്തിലെ (Stellar system) അംഗങ്ങളാണെന്നും കീലറിന്റെ നിരീക്ഷണങ്ങള്‍വഴി തെളിയിക്കപ്പെട്ടു. 1891-ല്‍ അല്ലെഘനി നിരീക്ഷണാലയത്തിന്റെ ഡയറക്‌ടറായി കീലര്‍ നിയമിതനായി. ശനിവലയങ്ങള്‍ ശനിഗ്രഹത്തെ അനേകം ചെറിയ സ്വതന്ത്ര ഉപഗ്രങ്ങളെന്നപോലെ ചുറ്റിക്കറങ്ങുന്നതായി സ്‌പെക്‌ട്രാസ്‌കോപ്പ്‌ ഉപയോഗിച്ച്‌ കീലര്‍ തെളിയിച്ചത്‌ ഇക്കാലത്താണ്‌.

1898-ല്‍ വീണ്ടും ലിക്ക്‌ നിരീക്ഷണാലയത്തിലേക്കു മടങ്ങിയ കീലര്‍ അവിടെ "ക്രാസ്‌ലി റിഫ്‌ളക്‌റ്റര്‍' ഉപയോഗപ്പെടുത്തിയുള്ള നെബുലകളുടെ ഫോട്ടോഗ്രാഫിക്‌ നിരീക്ഷണങ്ങളില്‍ വ്യാപൃതനായി. മങ്ങിയ ഖഗോളീയ വസ്‌തുക്കളുടെ ഫോട്ടോ എടുക്കുന്നതിന്‌ ഏറ്റവും പറ്റിയ ഉപകരണം പ്രതിഫലന ദൂരദര്‍ശിനികള്‍ (reflecting telescopes) ആണെന്ന്‌ ഇദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങള്‍ തെളിയിച്ചു. ബാഹ്യഗാലക്‌സികള്‍ എന്ന്‌ ഇന്നറിയപ്പെടുന്ന വാതകശൂന്യനെബുലകളുടെ (non-gaseous nebulae) മുഖ്യാകൃതി സര്‍പ്പിളമായാണ്‌ കാണപ്പെടുന്നതെന്നും ഈ പഠനങ്ങള്‍ വ്യക്തമാക്കി. 1900 ആഗ. 12-നു കീലര്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍