This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീറ്റ്‌സ്‌, ജോണ്‍ (1795 - 1821)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീറ്റ്‌സ്‌, ജോണ്‍ (1795 - 1821)

Keats, John

ജോണ്‍ കീറ്റ്‌സ്‌

ഇംഗ്ലീഷ്‌ കവി. ലണ്ടനില്‍ ഫിന്‍സ്‌ബറി എന്ന സ്ഥലത്ത്‌ ഒരു കുതിരാലയം സൂക്ഷിപ്പുകാരന്റെ മൂത്തപുത്രനായി 1795 ഒക്‌. 31-ന്‌ ജനിച്ചു. ഇദ്ദേഹത്തിന്‌ രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമുണ്ടായിരുന്നു. എന്‍ഫീല്‍ ഡിലെ ഒരധ്യാപകനായ ജോണ്‍ ക്ലാര്‍ക്കിന്റെ കീഴില്‍ കീറ്റ്‌സ്‌ പ്രാഥമിക വിദ്യാഭ്യാസം നേടി. ഈ അധ്യാപകനിലൂടെയാണ്‌ ഇദ്ദേഹം എലിസബത്തന്‍ സാഹിത്യവുമായി പരിചയപ്പെട്ടത്‌. ലീ ഹണ്ടിന്റെ സ്വതന്ത്ര ചിന്താപദ്ധതിയുമായി ഇടപഴകാനും അതില്‍ ആകൃഷ്‌ടനാകാനും ക്ലാര്‍ക്കാണ്‌ പ്രചോദനം നല്‌കിയത്‌.

1804-ല്‍ പിതാവും 1810-ല്‍ മാതാവും അന്തരിച്ചതോടെ അമ്മൂമ്മയുടെയും രക്ഷാകര്‍ത്താവായ റിച്ചാര്‍ഡ്‌ ആബിയുടെയും സംരക്ഷണയിലാണ്‌ ഇദ്ദേഹം പിന്നീട്‌ വളര്‍ന്നത്‌. തോമസ്‌ ഹാമണ്ട്‌ എന്ന ഒരു ഭിഷക്കിന്റെ കീഴില്‍ വൈദ്യശാസ്‌ത്രം അഭ്യസിച്ച കീറ്റ്‌സ്‌ 20-ാം വയസ്സില്‍ ഗൈസ്‌ (Guy's) ആശുപത്രിയില്‍ നിയമിതനായി. എങ്കിലും ഏറെക്കഴിയുന്നതിനു മുമ്പ്‌ ഇദ്ദേഹം വൈദ്യവൃത്തി ഉപേക്ഷിച്ചു (1816). അമ്മൂമ്മയുടെ നിര്യാണത്തിനുശേഷം സഹോദരന്മാരായ ജോര്‍ജ്‌, ടോം എന്നിവരോടൊപ്പം ആദ്യം ലണ്ടന്‍ നഗരത്തിലും പിന്നീട്‌ ഹാംപ്‌സ്റ്റഡിലും താമസിച്ചു. ഹാംപ്‌സ്റ്റഡില്‍ വച്ചാണ്‌ ലീ ഹണ്ടിന്റെ ഉറ്റമിത്രമായിത്തീര്‍ന്നത്‌.

കീറ്റ്‌സിന്റെ ആദ്യത്തെ കാവ്യസമാഹാരം (Poems)1817-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. "ചാപ്‌മാന്റെ ഹോമറിലേക്കുള്ള പ്രഥമ വീക്ഷണം' എന്ന പ്രസിദ്ധമായ ഗീതകം ഈ കൃതിയിലൂടെയാണ്‌ പുറത്തുവന്നത്‌. മറ്റു കവിതകള്‍ ഉദാത്തകൃതികളായിരുന്നില്ലെങ്കിലും വളര്‍ന്നുവരുന്ന ഒരു വലിയ കാവ്യപ്രതിഭയുടെ ആദ്യാങ്കുരങ്ങള്‍ എന്ന നിലയില്‍ അവ അംഗീകൃതമായി. അക്കാലത്ത്‌ വികസ്വരമായിക്കഴിഞ്ഞിരുന്ന കാല്‌പനിക പ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയില്‍ കീറ്റ്‌സ്‌ ജനസമ്മതി നേടുകയും ചെയ്‌തു. അതോടെ ഇദ്ദേഹത്തിന്റെ പരിചയവലയം വിപുലമായി. ഷെല്ലി, ജോണ്‍ ഹാമില്‍ ട്ടണ്‍ റെയിനോള്‍ഡ്‌സ്‌, ബെഞ്ചമിന്‍ ബെയിലി, ചാള്‍സ്‌ ഡിക്കന്‍സ്‌, ചാള്‍സ്‌ ലാംബ്‌, വില്യം ഹാസ്‌ലിറ്റ്‌ എന്നീ സാഹിത്യനായകന്മാരുമായി സുഹൃദ്‌ബന്ധം ഉണ്ടായി. കാവ്യരചനയില്‍ കീറ്റ്‌സിനെ ഏറ്റവുമധികം സ്വാധീനിച്ച ബെഞ്ചമിന്‍ റോബര്‍ട്‌ ഹെയ്‌ഡനെ പരിചയപ്പെട്ടതും ഇക്കാലത്താണ്‌. 1818 നവംബറില്‍ എന്‍ഡിമീയോണ്‍ (Endymion) പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷം കീറ്റ്‌സിന്റെ സര്‍ഗപ്രതിഭ കൂടുതല്‍ ഉന്മേഷിതമായി. "ചിന്തകളുടേതിനെക്കാള്‍ വികാരങ്ങളുടെ ലോകത്തിനുവേണ്ടി' ദാഹിച്ചു നടന്നിരുന്ന കീറ്റ്‌സ്‌ വൈജ്ഞാനിക രംഗത്തേക്കു കടക്കാന്‍ ആഗ്രഹിച്ചതും ഇക്കാലത്താണ്‌. സുഹൃത്തുക്കളായ റെയ്‌നോള്‍ഡ്‌സിനും ബെയിലിക്കും നിരവധി കത്തുകള്‍ എഴുതി. ഈ കത്തുകള്‍ ആത്മപരിശോധനാപരമെന്നതിലേറെ കാവ്യാത്മകങ്ങളാണ്‌.

ചാള്‍സ്‌ ബ്രൗണ്‍ എന്ന സുഹൃത്തിനൊപ്പം കീറ്റ്‌സ്‌ ഉത്തര യൂറോപ്പ്‌, സ്‌കോട്‌ലണ്ട്‌, അയര്‍ലണ്ട്‌ എന്നിവിടങ്ങളിലേക്ക്‌ ഒരു പദയാത്ര നടത്തി. അനുഭവചക്രവാളം വികസിപ്പിക്കുവാന്‍ ഈ യാത്ര സഹായകമായി. എന്നാല്‍ പെട്ടെന്നുണ്ടായ രോഗം കാരണം ഉദ്ദിഷ്‌ട രൂപത്തില്‍ സഞ്ചാരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കീറ്റ്‌സിനു തിരികെ പോരേണ്ടിവന്നു. ചാള്‍സ്‌ ബ്രൗണിന്റെ കൂടെയാണ്‌ പിന്നീട്‌ കുറേക്കാലം കീറ്റ്‌സ്‌ കഴിച്ചുകൂട്ടിയത്‌. കീറ്റ്‌സ്‌ താമസിച്ചിരുന്ന വീട്‌ ഇന്ന്‌ കീറ്റ്‌സ്‌ സ്‌മാരക മ്യൂസിയമായി സംരക്ഷിക്കപ്പെട്ടുവരുന്നു.

ക്ഷയരോഗബാധിതനായ കീറ്റ്‌സിനെ നൊമ്പരപ്പെടുത്തിയ സംഭവങ്ങളാണ്‌ തുടര്‍ന്നുണ്ടായത്‌. ഒരു സഹോദരന്‍ അമേരിക്കയിലേക്കു കുടിയേറിപ്പോയി. മറ്റൊരു സഹോദരന്‍, ടോം ക്ഷയരോഗംമൂലം അന്തരിച്ചു. ഏകസഹോദരി കീറ്റ്‌സില്‍ നിന്ന്‌ അകറ്റപ്പെട്ടു. ഉറ്റവരാരുമില്ലാതിരുന്ന ആ സാഹചര്യത്തിലാണ്‌ ഫാനി ബ്രൗണ്‍ എന്ന യുവതിയുമായി കീറ്റ്‌സ്‌ പരിചയപ്പെട്ടത്‌. അയല്‍ വീട്ടില്‍ താമസിക്കാനെത്തിയ ഫാനിയോടു കീറ്റ്‌സിനു തീവ്രമായ പ്രമം തോന്നി. പ്രമസുരഭിലമായ ഈ കാലഘട്ടത്തിലാണ്‌ കീറ്റ്‌സിന്റെ ഏറ്റവും നല്ല കവിതകള്‍-ഹൈപ്പീരിയന്‍ (Hyperion), സെയ്‌ന്റ്‌ ആഗ്നസസ്‌ ഈവ്‌ (The Eve of St. Agnes), ലാമിയ (Lamia) ലാബല്ലേ ഡെയിം സാന്‍സ്‌ മെര്‍സി(La Belle Dame Sans Merci) എന്നിവ വിരചിതമായത്‌. പിന്നീട്‌ പ്രമഭംഗജന്യമായ നൈരാശ്യം ഗ്രസിച്ചപ്പോഴാണ്‌ "ശരത്തിനോട്‌' (Ode to Autumn) എന്ന മനോഹരമായ കവിത ഇദ്ദേഹമെഴുതിയത്‌. ഇതിനിടയ്‌ക്ക്‌ സാമ്പത്തികമായ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. ക്യാപ്‌ ആന്‍ഡ്‌ ബെല്‍ സ്‌ എന്ന ഗ്രന്ഥം രചിക്കുവാനും അങ്ങനെ കുറേ പണമുണ്ടാക്കുവാനും ആഗ്രഹിച്ചു. പക്ഷേ ഗ്രന്ഥരചന തുടരാന്‍ കഴിഞ്ഞില്ല.

1820-ല്‍ കീറ്റ്‌സിന്‌ രോഗം വര്‍ധിച്ചു. നൈരാശ്യവും മരണഭീതിയും അദ്ദേഹത്തെ ഉലച്ചു. തുടര്‍ന്ന്‌ കെന്റിഷ്‌ പട്ടണത്തിലേക്കു താമസംമാറ്റാന്‍ നിര്‍ബന്ധിതനായി. അവിടെവച്ചാണ്‌ തന്റെ കാമുകിയുടെ ഹൃദയശൂന്യതയെ തുറന്നുകാട്ടുന്ന നിരവധി കത്തുകള്‍ ഇദ്ദേഹമെഴുതിയത്‌. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം ഇദ്ദേഹം കാമുകിയുടെ പരിചരണത്തിലേക്കു തിരിച്ചുപോന്നു. ഇതേ വര്‍ഷത്തിലാണ്‌ "ലാമിയ', "ഇസബല്ല', "സെയ്‌ന്റ്‌ ആഗ്നസസ്‌', "ഈവ്‌' തുടങ്ങിയ കവിതകളുള്‍ക്കൊള്ളുന്ന സമാഹാരം പ്രകാശിതമായത്‌. ഒരു നല്ല കവിയെന്ന അംഗീകാരം അങ്ങനെ ഇദ്ദേഹത്തിനു ലഭ്യമായി. പക്ഷേ വൈകിവന്ന അംഗീകാരത്തില്‍ ആഹ്ലാദിക്കാന്‍ കഴിയാത്തവണ്ണം ആ യുവകവി ശാരീരികമായി ആകെത്തകര്‍ന്നു കഴിഞ്ഞിരുന്നു. "എന്‍ഡിമിയോണ്‍' എന്ന കവിതയെച്ചൊല്ലി നിരൂപകന്മാര്‍ ചൊരിഞ്ഞ ആക്ഷേപശരങ്ങള്‍ ആ ദുര്‍ബലഹൃദയനെ വല്ലാതെ തളര്‍ത്തുകയും ചെയ്‌തു.

രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഡോക്‌ടര്‍മാരുടെ ഉപദേശമനുസരിച്ച്‌ കീറ്റ്‌സ്‌ 1820 സെപ്‌തംബറില്‍ ഇറ്റലിയിലേക്കു കപ്പല്‍ കയറി. ഒരു ചിത്രകാരനും സുഹൃത്തുമായ ജോസഫ്‌ സെറോണുമൊത്ത്‌ ഇദ്ദേഹം നവംബര്‍ മധ്യത്തോടെ റോമില്‍ എത്തിച്ചേര്‍ന്നു.1821 ഫെ. 23-ന്‌ കീറ്റ്‌സ്‌ നിര്യാതനായി. അവിടത്തെ ഒരു പ്രാട്ടസ്റ്റന്റ്‌ സെമിത്തേരിയില്‍ ആ കവിയുടെ മൃതദേഹം സംസ്‌കരിക്കപ്പെട്ടു. നാമാങ്കിതമല്ലാത്ത ആ കല്ലറയില്‍ , കീറ്റ്‌സിന്റെ ആഗ്രഹപ്രകാരം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "ജലത്തില്‍ നാമാലേഖനം ചെയ്യപ്പെട്ട ഒരുവന്‍ ഇതാ ഇവിടെ ശയിക്കുന്നു.'

കീറ്റ്‌സ്‌ ഒരു മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും തികച്ചും ഒരു ഇംഗ്ലീഷുകാരനായിരുന്നു. വികാരതാരള്യവും ഹൃദയവിശാലതയും നര്‍മബോധവും ഇദ്ദേഹത്തില്‍ തികഞ്ഞുനിന്നിരുന്നു. ഇദ്ദേഹത്തിന്റെ കവിതകളും കത്തുകളും അതിനു സാക്ഷ്യം വഹിക്കുന്നു. കാവ്യപ്രതിഭയില്‍ കീറ്റ്‌സ്‌ ഷെയ്‌ക്‌സ്‌പിയറെപ്പോലെയായിരുന്നു എന്നു നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. "ഈ ലോകത്തു മാത്രമായല്ല ഞാന്‍ ജീവിക്കുന്നത്‌. പിന്നെയോ ഒരായിരം ലോകങ്ങളില്‍ ' ഇദ്ദേഹം എഴുതി. സൗന്ദര്യത്തെ സത്യമായും സത്യത്തെ സൗന്ദര്യമായും അംഗീകരിച്ച ആ കാവ്യപ്രതിഭ വിശ്വസാഹിത്യത്തില്‍ അവിസ്‌മരണീയമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍