This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീമിയാഅ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീമിയാഅ്‌

രസവാദവിദ്യ എന്നര്‍ഥം വരുന്ന അറബിപദം. വൈദ്യശാസ്‌ത്രവും ഗോളശാസ്‌ത്രവും ഗണിതശാസ്‌ത്രവും കഴിഞ്ഞാല്‍ ശാസ്‌ത്രരംഗത്ത്‌ അറബികളുടെ ഏറ്റവും മഹത്തായ സംഭാവനയാണ്‌ കീമിയാഅ്‌ (alchemy). രസതന്ത്രത്തില്‍ ആദ്യമായി പരീക്ഷണങ്ങള്‍ ആരംഭിച്ചത്‌ അറബികളായിരുന്നു. നിരീക്ഷണത്തിലും വസ്‌തുക്കളുടെ ക്രാഡീകരണത്തിലും അവര്‍ ബദ്ധശ്രദ്ധരായിരുന്നുവെങ്കിലും ശരിയായ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ അവര്‍ക്ക്‌ പ്രയാസം നേരിട്ടു. ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ചില പദാര്‍ഥങ്ങള്‍ ലോഹങ്ങളോടു ചേര്‍ത്തു വിലപിടിപ്പുള്ള മറ്റു ചില ലോഹങ്ങളുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു. ഈ പഠനങ്ങളുടെ ഫലമായി പ്രകൃതിയില്‍ ലഭിക്കുന്ന പദാര്‍ഥങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ഈ വിജ്ഞാനം ശാസ്‌ത്രീയമായി ഉപയോഗിക്കപ്പെടുകയും ആധുനിക രസതന്ത്രത്തിനു തുടക്കം കുറിക്കുകയും ചെയ്‌തു.

കൂഫയില്‍ പ്രസിദ്ധി നേടിയ ജാബിരി ബ്‌നു ഹയ്യാനെ അല്‍ ക്കെമിയുടെ പിതാവെന്നു വിളിക്കുന്നു. അല്‍ റാസി കഴിഞ്ഞാല്‍ രസതന്ത്രത്തില്‍ മധ്യകാലഘട്ടത്തിലെ ഏറ്റവും ഉന്നതന്‍ ജാബിറാണ്‌. ഗ്രീസിലെയും ഈജിപ്‌തിലെയും തന്റെ മുന്‍ഗാമികളെപ്പോലെ ജാബിറും ഈയം, ഇരുമ്പ്‌, ചെമ്പ്‌ മുതലായ ലോഹങ്ങള്‍ ഒരദ്‌ഭുത വസ്‌തു കൊണ്ട്‌ സ്വര്‍ണമോ, വെള്ളിയോ ആക്കി മാറ്റാന്‍ കഴിയുമെന്നു വിശ്വസിച്ചിരുന്നു. ആ അദ്‌ഭുതവസ്‌തു കണ്ടുപിടിക്കാന്‍ ജാബിര്‍ തന്റെ സര്‍വശക്തിയും ഉപയോഗിച്ചു. ഇദ്ദേഹം രസതന്ത്രപരീക്ഷണങ്ങള്‍ക്ക്‌ പ്രത്യേക പ്രാധാന്യം നല്‌കി. ഇദ്ദേഹത്തിന്റെ കൃതികളില്‍ 22 എണ്ണം ലഭ്യമാണ്‌; ഇവയില്‍ അഞ്ചെണ്ണം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്‌. ഇവയ്‌ക്ക്‌ യൂറോപ്പിലും ഏഷ്യയിലും നല്ല അംഗീകാരമുണ്ടായിരുന്നു. 18-ാം ശതകത്തില്‍ ആധുനിക രസതന്ത്രത്തിന്റെ ആവിര്‍ഭാവം വരെ ജാബിറിന്റെ തത്ത്വങ്ങള്‍ക്ക്‌ പ്രാമാണ്യം ഉണ്ടായിരുന്നു.

പിന്നീടുണ്ടായ അറബി രസതന്ത്രജ്ഞന്മാരില്‍ പ്രധാനികളാണ്‌ ഇബ്‌നുല്‍ വഹ്‌ശിയ്യ (ഫതു്‌ഹുന്നബാതിയ്യ), അല്‍ റാസി (കിതാബുല്‍ അസ്‌റാര്‍), അല്‍ മജ്‌റിത്വി (ത്വബക്വാതുല്‍ ഉലമാഅ്‌), അല്‍ ഖ്വാസ്‌മി (അയിനു സ്വല്‍ അവ ഔനുസ്‌സുന്നാഇ്‌), അല്‍ തുഗ്‌രാഇ (1. കീതാബുന്‍ അന്‍വാര്‍ വല്‍ മഹാതീഹ്‌, 2. മഹാതീഹുര്‍റഹ്മ), അബുല്‍ ഹസന്‍ബ്‌നുമൂസ (ശുദൂറുല്‍ ദഹബ്‌). അബുല്‍ ഹസന്‍ അല്‍ ഇറാഖി (അല്‍ മുക്തസബ്‌ ഫിസ്വീറാഅതിദാഹബ്‌) എന്നിവര്‍.

(പ്രാഫ. വി. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍