This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിൽമർ, ആൽഫ്രഡ്‌ ജോയ്‌സ്‌(1886 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിൽമർ, ആൽഫ്രഡ്‌ ജോയ്‌സ്‌(1886 - 1918)

Kilmer, Alfred Joyce

ആല്‍ഫ്രഡ്‌ ജോയ്‌സ്‌ കില്‍മര്‍

ഒരു അമേരിക്കന്‍ കവി. ന്യൂജേഴ്‌സിയിലെ ന്യൂബേണ്‍സ്‌വിക്കില്‍ 1886 ഡി. 6-ന്‌ ജനിച്ചു. റുട്ട്‌ഗര്‍സ്‌, കൊളംബിയ എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന്‌ ഒരു വര്‍ഷക്കാലം ലാറ്റിന്‍ അധ്യാപകനായി ജോലി ചെയ്‌തു. പിന്നീട്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഡിക്ഷണറിയുടെയും ചര്‍ച്ച്‌മാന്‍ പത്രത്തിന്റെയും എഡിറ്റോറിയല്‍ സ്റ്റാഫ്‌ അംഗമായി പ്രവര്‍ത്തിച്ചു. 1913-ല്‍ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ സണ്‍ഡേ മാഗസിനിലെ പുസ്‌തകനിരൂപണ വിഭാഗത്തില്‍ സേവനമനുഷ്‌ഠിച്ചു.

സമ്മര്‍ ഒഫ്‌ ലവ്‌ എന്ന ആദ്യ കവിതാസമാഹാരം 1911-ല്‍ പ്രസിദ്ധീകരിച്ചു. മൗലിക പ്രതിഭയായ ഒരു കവിയെയല്ല, ഒരു അനുകര്‍ത്താവിനെയാണ്‌ ഈ കൃതിയില്‍ കണ്ടെത്തുക. യേറ്റ്‌സിനെപ്പോലുള്ള ഐറിഷ്‌ കവികളുടെ മാറ്റൊലികളാണ്‌ ഇതിലെ മിക്കവാറും കവിതകള്‍. കത്തോലിക്കാമതം സ്വീകരിച്ചതിനുശേഷം കില്‍മര്‍ കവന്‍ട്രി പാറ്റ്‌മോറിന്റെയും 17-ാം ശതകത്തിലെ "അതിഭൗതിക കവി'കളുടെയും മാതൃക സ്വീകരിച്ചു.

1913-ല്‍ പോയട്രി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച "ട്രീസ്‌' (വൃക്ഷങ്ങള്‍) എന്ന കവിതയാണ്‌ കില്‍മറെ വിശ്വപ്രസിദ്ധനാക്കിയത്‌. വികാരങ്ങള്‍ക്കു ദാര്‍ശനികമാനം നല്‌കി രചിച്ച ഈ കവിത ലോക്രശദ്ധ പിടിച്ചുപറ്റി. എന്നാല്‍ ഇതേ രീതി അവലംബിച്ചെഴുതിയ "നക്ഷത്രങ്ങള്‍', "മേല്‌ക്കൂരകള്‍', "ഹിമമനുഷ്യന്‍', പനിനീര്‍പ്പൂക്കള്‍' തുടങ്ങിയ കവിതകള്‍ പ്രസിദ്ധി നേടിയില്ല.

ഒന്നാം ലോകയുദ്ധത്തില്‍ സൈനികസേവനമനുഷ്‌ഠിക്കവേ ഫ്രാന്‍സിലെ സെറിന്‍ജേ എന്ന ഗ്രാമത്തില്‍വച്ച്‌ 1918 ജൂല. 30-ന്‌ കില്‍മര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത്‌ സൈനികര്‍ക്കിടയില്‍ കാവ്യാദര്‍ശപരതയുടെ പ്രതീകമായി കില്‍മര്‍ അനുസ്‌മരിക്കപ്പെട്ടിരുന്നു.

ട്രീസ്‌ ആന്‍ഡ്‌ അദര്‍ പോയംസ്‌, ദ്‌ സര്‍ക്കസ്‌ ആന്‍ഡ്‌ അദര്‍ എസ്സേസ്‌, മെയിന്‍സ്റ്റ്രീറ്റ്‌ ആന്‍ഡ്‌ അദര്‍ പോയംസ്‌, ലിറ്ററേച്ചര്‍ ഇന്‍ ദ്‌ മേക്കിങ്‌ എന്നിവയാണ്‌ കില്‍മറുടെ പ്രധാനകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍