This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിൽജിവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കില്‍ജിവംശം

ഡല്‍ഹി ആസ്ഥാനമാക്കി ഇന്ത്യ ഭരിച്ച രണ്ടാമത്തെ മുസ്‌ലിം രാജവംശം. കില്‍ജികള്‍ തുര്‍ക്കികളാണെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്‌. തുര്‍ക്കികളുടെ ഇടയിലുണ്ടായിരുന്ന 11 ഗോത്രങ്ങളില്‍പ്പെട്ടവരാണ്‌ കില്‍ജികള്‍ എന്ന്‌ നിസാമുദ്ദീന്‍ ബക്ഷി തന്റെ സല്‍ജുക്‌ നാമയില്‍ പറയുന്നു. സമകാലീനചരിത്രകാരനായ സിയാവുദ്ദീന്‍ ബര്‍ണി പറയുന്നത്‌ കില്‍ജികള്‍ തുര്‍ക്കികളല്ലെന്നാണ്‌. കില്‍ജികള്‍ അഫ്‌ഗാന്‍കാരാണെന്നും ഒരഭിപ്രായമുണ്ട്‌.

അഫ്‌ഗാനിസ്‌താനിലെ ഗസ്‌നി, ഗോറി എന്നീ പട്ടണങ്ങളില്‍ താമസമാക്കിയിരുന്ന യുദ്ധവീരന്മാരായ ഇവര്‍, ഗോറി സുല്‍ത്താന്മാരുടെ സൈന്യത്തില്‍ ചേര്‍ന്ന്‌ ഇന്ത്യയില്‍ വരുകയും ഡല്‍ഹി സുല്‍ത്താന്മാരുടെ കീഴില്‍ സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. മുഹമ്മദ്‌ ഗോറിയുടെയും ഇല്‍ത്തുമിഷിന്റെയും കാലത്ത്‌ കില്‍ജികള്‍ തുര്‍ക്കികളോടൊത്തു ബിഹാറും ബംഗാളും പിടിച്ചടക്കാന്‍ ശ്രമിച്ചു. ബാബന്റെ മരണത്തോടുകൂടി (1286) തുര്‍ക്കികള്‍ ക്ഷീണിക്കുകയും കില്‍ജികള്‍ക്ക്‌ മുന്നേറുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്‌തു. 1290 ജൂണില്‍ കില്‍ജി നേതാവായ ജലാലുദ്ദീന്‍ ഫിറൂസ്‌ ഡല്‍ഹിയിലെ ഭരണാധികാരം കൈക്കലാക്കി.

കില്‍ജികളുടെ ഉയര്‍ച്ചയെ ഒരു വിപ്ലവമായിട്ടാണ്‌ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്‌. അവരുടെ ഭരണം നാട്ടില്‍ സമൂലമായ പല പരിവര്‍ത്തനങ്ങളുമുണ്ടാക്കി. അന്നുണ്ടായിരുന്ന പ്രഭുകുടുംബങ്ങളുടെ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ട്‌, ഭരണാവകാശം ജന്മാവകാശമല്ലെന്ന്‌ അവര്‍ തെളിയിച്ചു. കില്‍ജി വംശസ്ഥാപകനായ ജലാലുദ്ദീനും അദ്ദേഹത്തെത്തുടര്‍ന്ന്‌ അലാവുദ്ദീനും രാജവംശത്തില്‍ ജനിച്ചവരായിരുന്നില്ല. 1290 മുതല്‍ 1320 വരെയുള്ള മുപ്പതു സംവത്‌സരങ്ങളിലായി ആറു സുല്‍ത്താന്മാരാണ്‌ കില്‍ജി വംശത്തിലുണ്ടായിരുന്നത്‌: ജലാലുദ്ദീന്‍ ഫിറൂസ്‌ (1290-96), അലാവുദ്ദീന്‍ (1296-1316), ഷിഹാബുദ്ദീന്‍ ഉമര്‍ (1316), കുത്തുബ്‌ ഉദ്‌-ദീന്‍ മുബാരക്‌ ഷാ (1316-1320), നാസിറുദ്ദീന്‍ ഖുസ്രു (1320). കില്‍ജികള്‍ പൊതുവേ പട്ടാളഭരണമാണ്‌ നടത്തിയത്‌. രാഷ്‌ട്രവിപുലീകരണമായിരുന്നു ഇവരുടെ പ്രധാന ഭരണലക്ഷ്യം. അതിനായി ഒരു വലിയ പട്ടാളംതന്നെ സജ്ജീകരിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമാക്കിയുള്ള ഇവരുടെ സാമ്രാജ്യം വടക്ക്‌ ലാഹോര്‍ മുതല്‍ തെക്ക്‌ മധുരവരെ വ്യാപിച്ചിരുന്നു. അശോകന്‍, അക്‌ബര്‍ എന്നീ ചക്രവര്‍ത്തിമാരുടെ സാമ്രാജ്യങ്ങളോടു കിടപിടിക്കത്തക്കതായിരുന്നു ഇവരുടേതെന്ന്‌ കരുതപ്പെടുന്നു. ജലാലുദ്ദീന്‍ ഫിറൂസില്‍ ആരംഭിച്ച കില്‍ജി ഭരണകൂടം മുബാരക്‌ ഷായുടെ മരണത്തോടുകൂടി അധഃപതിക്കുകയും നാമാവശേഷമാവുകയും ചെയ്‌തു.

അടിമവംശത്തിലെ അവസാനത്തെ രാജാവായ കൈഖുബാദിന്റെ കാലത്ത്‌ രാജ്യമാകെ അരാജകത്വം നടമാടുകയും അരമനയില്‍ പ്രഭുക്കന്മാരുടെ കിടമത്സരം രൂക്ഷമാവുകയും ചെയ്‌തു. ഈ അവസരം ജലാലുദ്ദീന്‍ ശരിക്കും ചൂഷണം ചെയ്‌തു. തുര്‍ക്കി പ്രഭുക്കന്മാരില്‍ പല പ്രധാനികളെയും വധിച്ച ശേഷം കൈഖുബാദിനെയും വധിച്ച്‌ ഇദ്ദേഹം ഡല്‍ഹി സുല്‍ത്താനായി സ്ഥാനാരോഹണം ചെയ്‌തു. ആരംഭത്തില്‍ ഡല്‍ഹി നിവാസികളും പ്രഭുക്കന്മാരും ജലാലുദ്ദീന്‍ കില്‍ജിയോടു സഹകരിച്ചില്ല. തന്മൂലം ജലാലുദ്ദീന്‍, ഡല്‍ഹിക്കടുത്ത്‌ കിലോഖരി(ഗശഹീസവമൃശ)യിലുള്ള കൊട്ടാരത്തിലാണ്‌ താമസമുറപ്പിച്ചത്‌. കാലക്രമത്തില്‍, ജലാലുദ്ദീന്റെ സ്വഭാവമഹിമ മനസ്സിലാക്കിയ ഡല്‍ഹി നിവാസികള്‍ ഇദ്ദേഹത്തിന്‌ പൂര്‍ണ പിന്തുണ നല്‌കി.

പ്രായാധിക്യവും രാജേദ്രാഹികളോടും കൊള്ളക്കാരോടുമുള്ള ഇദ്ദേഹത്തിന്റെ ദയാദാക്ഷിണ്യവും വിട്ടുവീഴ്‌ചാമനോഭാവവും സ്വന്തം അണികളില്‍ ഇദ്ദേഹത്തോടുള്ള മതിപ്പു കുറയുവാന്‍ കാരണമാക്കി. ബാല്‍ബന്റെ മരുമകനായ മാലിക്ക്‌ ഛജ്ജു ഇദ്ദേഹത്തിനെതിരായി കലാപമാരംഭിച്ചു. ഛജ്ജുവിനെ സുല്‍ത്താന്‍ തോല്‌പിച്ചുവെങ്കിലും അയാള്‍ക്കു മാപ്പുനല്‌കുകയാണുണ്ടായത്‌. രാജ്യത്ത്‌ കൊള്ളയും കൊലയും നടത്തിയിരുന്നവരെ പിടികൂടിയിരുന്നു. എന്നാല്‍ അവരെ ശിക്ഷിക്കാതെ മാപ്പു നല്‌കി വിട്ടുകളയുകയാണ്‌ ചെയ്‌തിരുന്നത്‌. രാജ്യം വിസ്‌തൃതമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും രക്തം ചിന്തിക്കൊണ്ട്‌ രാജ്യം പിടിച്ചടക്കുന്നത്‌ ഇദ്ദേഹം ഇഷ്‌ടപ്പെട്ടില്ല. രത്‌നംഭോറിനെതിരായി 1290-ല്‍ അയച്ച സൈന്യത്തെ ഇദ്ദേഹം തിരിച്ചുവിളിക്കുകയാണ്‌ ചെയ്‌തത്‌. 1292-ല്‍ ഇന്ത്യയെ ആക്രമിച്ച ഹലാക്കുഖാന്റെ നേതൃത്വത്തിലുള്ള മംഗോളിയന്‍ സൈന്യത്തെ സുല്‍ത്താന്‍ ചെറുത്തു തോല്‌പിച്ചു. കീഴടങ്ങിയ പലരും ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക്‌ ഡല്‍ഹി പ്രാന്തങ്ങളില്‍ കുടിയേറിപ്പാര്‍ക്കാന്‍ അനുവാദം നല്‌കി. തന്മൂലമുണ്ടായ പ്രത്യാഘാതങ്ങളും മറ്റും സുല്‍ത്താന്റെ ഭരണദൗര്‍ബല്യംമൂലമാണെന്നു വ്യാഖ്യാനിക്കപ്പെട്ടു.

സുല്‍ത്താന്‍ ജലാലുദ്ദീന്‍, തന്റെ സഹോദരപുത്രനും ജാമാതാവുമായ അലാവുദ്ദീനെ കാറയിലെ ഗവര്‍ണറായി നിയമിച്ചിട്ടുണ്ടായിരുന്നു. സുല്‍ത്താന്റെ അനുമതികൂടാതെ അലാവുദ്ദീന്‍ ഡക്കാനില്‍ പ്രവേശിച്ച്‌ സമ്പന്നമായ ദേവഗിരി പിടിച്ചെടുത്തു. സ്വര്‍ണവും രത്‌നവുമടക്കം വളരെയധികം സമ്പത്തു കൈവശപ്പെടുത്തി കാറയില്‍ തിരിച്ചെത്തിയ അലാവുദ്ദീനെ അനുമോദിക്കാന്‍ സുല്‍ത്താനും ഹാജരായി. കൊള്ളമുതലില്‍ നിന്നു യാതൊന്നും സുല്‍ത്താനു കാഴ്‌ചവയ്‌ക്കാതിരുന്നിട്ടും സുല്‍ത്താന്‌ അലാവുദ്ദീനോട്‌ ഒരു നീരസവും തോന്നിയില്ല; മാത്രമല്ല, അലാവുദ്ദീന്റെ അസാമാന്യ ധീരതയ്‌ക്കു പാരിതോഷികമായി എലിച്ച്‌പൂര്‍ എന്ന പ്രദേശം സുല്‍ത്താന്‍ അദ്ദേഹത്തിനു വിട്ടുകൊടുക്കുകകൂടി ചെയ്‌തു. കൃതഘ്‌നനും അധികാരഭ്രാന്തനുമായ അലാവുദ്ദീനാകട്ടെ തന്റെ സേവകന്മാരില്‍ ഒരാളെക്കൊണ്ട്‌ പട്ടാപ്പകല്‍ സുല്‍ത്താനെ വെട്ടിക്കൊലപ്പെടുത്തി തന്റെ ഔന്നത്യത്തിന്റെ മാര്‍ഗം സുഗമമാക്കുവാനാണ്‌ ശ്രമിച്ചത്‌.

ജലാലുദ്ദീന്‍ വധിക്കപ്പെട്ടുവെങ്കിലും സിംഹാസനം കൈക്കലാക്കാന്‍ അലാവുദ്ദീനു വളരെ ക്ലേശിക്കേണ്ടിവന്നു. താന്‍ കൊള്ള ചെയ്‌തു സമ്പാദിച്ച സ്വര്‍ണവും വെള്ളിയും കൊണ്ട്‌ എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റാന്‍ അലാവുദ്ദീനു സാധിച്ചു. 1296-ല്‍ ബാല്‍ബന്റെ ചുവപ്പുകൊട്ടാരത്തില്‍വച്ച്‌ അലാവുദ്ദീന്‍ സിംഹാസനാരോഹണം ചെയ്‌തു.

1296 മുതല്‍ 1316 വരെ ഭരണം നടത്തിയ അലാവുദ്ദീനാണ്‌ കില്‍ജി വംശത്തിലെ പ്രസിദ്ധനും പ്രതാപവാനുമായ സുല്‍ത്താന്‍. രാജ്യനന്മയ്‌ക്കായി ഇദ്ദേഹം പലവിധ നിയമങ്ങളും ഏര്‍പ്പെടുത്തി; ശരിയായ ഒരു ഭൂവ്യവസ്ഥയും സാമ്പത്തികവ്യവസ്ഥയും നടപ്പിലാക്കി. സാമ്രാജ്യം വിപുലീകരിക്കുന്നതിലും അതു നിലനിര്‍ത്തുന്നതിലും ഇദ്ദേഹം വിജയിച്ചു. 1297-ല്‍ അലാവുദ്ദീന്‍ ഗുജറാത്ത്‌ ആക്രമിച്ചു റാണി കമലാദേവിയെ തടവുകാരിയാക്കി. പിന്നീടവര്‍ അലാവുദ്ദീന്റെ പത്‌നീപദം സ്വീകരിച്ചു. മാലിക്ക്‌ കാഫൂര്‍ എന്ന അടിമയും തടവുകാരനായി പിടിക്കപ്പെട്ടു. കാഫൂര്‍ പിന്നീട്‌ അലാവുദ്ദീന്റെ വലംകൈയായിത്തീര്‍ന്നു. 1301-ല്‍ രത്‌നംഭോര്‍ പിടിച്ചടക്കി.

അലാവുദ്ദീന്റെ 1303-ലെ മേവാഡ്‌ ആക്രമണം റാണി പത്‌മിനീദേവിയോടുണ്ടായിരുന്ന അഭിനിവേശംമൂലമാണെന്ന്‌ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌. 1303-ല്‍ അലാവുദ്ദീന്‍ ചിത്തോര്‍ കോട്ട പിടിച്ചു. 1305-നകം ഉത്തരേന്ത്യ മുഴുവന്‍ പിടിച്ചടക്കി. 1307 മുതല്‍ 11 വരെയുണ്ടായ ഡക്കാന്‍ അക്രമണങ്ങള്‍ക്ക്‌ മാലിക്‌ കാഫൂറാണ്‌ നേതൃത്വം നല്‌കിയത്‌. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള രാജ്യങ്ങളായിരുന്നു അലാവുദ്ദീന്റെ അടുത്ത ഉന്നം. മാലിക്‌ കാഫൂറിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്റെ സൈന്യം 1310-ല്‍ ഹോയ്‌സാലയും 1314-ല്‍ മധുരയും പിടിച്ചടക്കി. രാമേശ്വരം വരെ സാമ്രാജ്യവിസ്‌തൃതി വരുത്തി.

അലാവുദ്ദീന്റെ മരണശേഷം മാലിക്ക്‌ കാഫൂര്‍ അധികാരം കൈക്കലാക്കി. ഇളയ മകനായ ഷിഹാബുദ്ദീന്‍ ഉമറിനെ നാമമാത്രമായി വാഴിച്ചു സര്‍വാധികാരിയായിത്തീര്‍ന്നു. മുപ്പത്തഞ്ചു ദിവസങ്ങള്‍ക്കകം അലാവുദ്ദീന്റെ സേവകന്മാരാല്‍ കാഫൂര്‍ വധിക്കപ്പെടുകയും 1316-ല്‍ അലാവുദ്ദീന്റെ മൂന്നാമത്തെ പുത്രന്‍ മുബാറക്‌ കുത്തുബ്‌ ഉദ്‌-ദീന്‍ "മുബാറക്‌ ഷാ' എന്ന പേരില്‍ സുല്‍ത്താനാവുകയും ചെയ്‌തു.

1316-ല്‍ കുത്തുബ്‌ ഉദ്‌-ദീന്‍ രാജ്യഭാരമേറ്റെടുത്തയുടനെ രാജ്യത്ത്‌ അരാജകത്വം പൊട്ടിപ്പുറപ്പെട്ടു. ഇദ്ദേഹം അലാവുദ്ദീന്‍ നടപ്പാക്കിയിരുന്ന പരിഷ്‌കാരങ്ങള്‍ ഓരോന്നായി വേണ്ടെന്നുവച്ചു. കമ്പോളനിയന്ത്രണവും റേഷനിങ്‌ സമ്പ്രദായവും അവസാനിപ്പിച്ചു. ആഫീസര്‍മാര്‍ക്ക്‌ അവരുടെ ശമ്പളമായി പണത്തിനുപകരം ജാഗിര്‍ പതിച്ചുകൊടുക്കുന്ന സമ്പ്രദായം വീണ്ടും നടപ്പാക്കി. മദ്യനിരോധനം എടുത്തുകളഞ്ഞു. ഇതിന്റെയൊക്കെ ഫലമായി ക്രമസമാധാനം തകര്‍ന്നു. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും എങ്ങും നടമാടി. പട്‌വാരി വംശജനും ഒരു "നവമുസ്‌ലിമു'മായിരുന്ന ഖുസ്രുഖാന്‍ എന്നയാളെ സുല്‍ത്താന്‍ ഡല്‍ഹിയിലെ വസീറായി ഉയര്‍ത്തുകയും ഇയാളുടെ കുതന്ത്രത്തില്‍പ്പെട്ടു സ്വയം വഞ്ചിതനാവുകയും ചെയ്‌തു. ഖുസ്രുഖാന്റെ ഗൂഢാലോചനയുടെ ഫലമായി 1320 ഏപ്രിലില്‍ കുത്തുബ്‌ ഉദ്‌-ദീന്‍ മുബാറക്‌ ഷാ വധിക്കപ്പെട്ടു. ഉടനെ ഖുസ്രുഖാന്‍ നാസിറുദ്ദീന്‍ ഖുസ്രു ഷാ എന്ന പേരില്‍ സിംഹാസനാരോഹണം ചെയ്‌തു.

ഖുസ്രുഖാന്‍ തന്റെ അനുകൂലികള്‍ക്ക്‌ ആവശ്യംപോലെ ധനം വാരിക്കോരി കൊടുക്കുകയും പ്രഭുക്കന്മാരെ അടിച്ചമര്‍ത്തുകയും ചെയ്‌തുകൊണ്ടാണ്‌ ഭരണമാരംഭിച്ചത്‌. ജന്മനാ ഹിന്ദുവായിരുന്ന ഖുസ്രുഖാന്‍, ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും നല്‌കി ഹിന്ദുക്കളെ പ്രാത്സാഹിപ്പിച്ചു. മുസ്‌ലിം പ്രഭുക്കള്‍ (അമീര്‍മാര്‍) പ്രക്ഷുബ്‌ധരായി, ഖാസി-മാലിക്കിന്റെ നേതൃത്വത്തില്‍ ഖുസ്രുവിനോടേറ്റുമുട്ടി (1320). ഡല്‍ഹിയില്‍ വച്ചുണ്ടായ യുദ്ധത്തില്‍ ഖുസ്രു വധിക്കപ്പെടുകയും ചെയ്‌തു. ഇതോടെ മുപ്പതു വര്‍ഷക്കാലം നീണ്ടുനിന്ന കില്‍ജി വംശത്തിന്റെ ഭരണപരമ്പര നാമാവശേഷമായിത്തീര്‍ന്നു. ഖാസിമാലിക്ക്‌ 1321-ല്‍ ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌ ഷാ എന്ന സ്ഥാനപ്പേരോടെ സ്ഥാനാരോഹണം ചെയ്‌തതോടുകൂടി തുഗ്ലക്ക്‌ഭരണം ഇന്ത്യയില്‍ ആരംഭിച്ചു.

(പ്രാഫ. സെയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍