This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർച്ചോഫ്‌ നിയമങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിർച്ചോഫ്‌ നിയമങ്ങള്‍

Kirchhoff Laws

വൈദ്യുത പരിപഥത്തില്‍ പ്രയുക്തമായ ചാര്‍ജിന്റെയും ഊര്‍ജത്തിന്റെയും സംരക്ഷണത്തിനുള്ള നിബന്ധനകള്‍. ഗുസ്‌താവ്‌ റോബര്‍ട്ട്‌ കിര്‍ച്ചോഫ്‌ (1824-87) ആണ്‌ ഈ നിയമങ്ങള്‍ ആവിഷ്‌കരിച്ചത്‌. i). ഒരു പരിപഥവ്യൂഹത്തിലെ ഏതെങ്കിലും സന്ധിയിലേക്കു പ്രവഹിക്കുന്ന ധാരകളുടെ തുക സന്ധിയില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്ന ധാരകളുടെ തുകയ്‌ക്കു തുല്യമായിരിക്കും; അഥവാ ഒരു സന്ധിയിലെ ധാരകളുടെ ബീജീയത്തുക (algebraic sum) പൂജ്യമായിരിക്കും.

അതായത്‌ ഒരു പരിപഥത്തിലെ ഏതെങ്കിലും ഒരു ബിന്ദു(A)വിലേക്ക്‌ എത്ര ചാര്‍ജ്‌ പ്രവഹിക്കുന്നുവോ അത്രതന്നെ ചാര്‍ജ്‌ ആ ബിന്ദുവില്‍ നിന്ന്‌ പുറത്തേക്കു പോകുകയും ചെയ്യുന്നു. I1, I2, I3 സന്ധിയിലേക്കും I4, I5 സന്ധിയില്‍ നിന്നു പുറത്തേക്കും ഒഴുകുന്ന ധാരകളെ സൂചിപ്പിക്കുന്നുവെങ്കില്‍ ഒന്നാം നിയമമനുസരിച്ച്‌ (ചിത്രം 1) I1+I2+I3=I4+I5. ഇവിടെ സന്ധിയിലേക്കു പ്രവഹിക്കുന്ന ധാരകളെ ധനാത്മകമായും പുറത്തേക്കു പോകുന്നവയെ ഋണാത്മകമായും പരിഗണിക്കുന്നപക്ഷം I1+I2+I3-I4-I5=0 എന്നു ലഭിക്കുന്നു.

ii). ഒരു പരിപഥത്തിലെ ഏതെങ്കിലും ഒരു സംവൃതപഥ(closed path)ത്തിലെ ഇ.എം.എഫിന്റെ ബീജീയത്തുക പരിപഥത്തിലെ ധാരയും (I) പ്രതിരോധവും (R) തമ്മിലുള്ള ഗുണനഫലത്തിന്റെ (IR product) ബേീജീയത്തുകയ്‌ക്കു തുല്യമായിരിക്കും; അഥവാ പരിപഥത്തിലെ വോള്‍ട്ടതാവീഴ്‌ചകളുടെ ബീജീയത്തുക പൂജ്യം ആയിരിക്കും.

ABCD എന്ന പരിപഥത്തില്‍ R1, R2, R3, R4 പ്രതിരോധങ്ങളെയും I1, I2 ധാരകളെയും സൂചിപ്പിക്കുന്നു (ചിത്രം 2). വിദ്യുദ്ധാരയുടെ ദിശയില്‍ വോള്‍ട്ടതാവീഴ്‌ച ധനാത്മകമാണെന്നു സങ്കല്‌പിച്ച്‌ പരിപഥത്തിലെ മൊത്തം വോള്‍ട്ടതാവീഴ്‌ച കണക്കാക്കുകയാണെങ്കില്‍ രണ്ടാം നിയമമനുസരിച്ച്‌ I1 R1+E+I1R2-I2R3-I2R4=0 ആയിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍