This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിസിഞ്‌ജർ, ഹെന്‌റി ആൽബർട്ട്‌ (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിസിഞ്‌ജർ, ഹെന്‌റി ആൽബർട്ട്‌ (1923 - )

Kissinger, Henry Alfred

ഹെന്‌റി ആല്‍ ബര്‍ട്ട്‌ കിസിഞ്‌ജര്‍

യു.എസ്‌. നയതന്ത്രജ്ഞന്‍. റിച്ചാര്‍ഡ്‌ നിക്‌സനും ജെറാള്‍ഡ്‌ ഫോര്‍ഡും യു.എസ്‌. പ്രസിഡന്റുമാരായിരുന്ന കാലത്ത്‌ അവരുടെ വിദേശനയത്തിന്റെ മുഖ്യശില്‌പി എന്ന നിലയില്‍ വിശ്വപ്രശസ്‌തനായിത്തീര്‍ന്ന കിസിഞ്‌ജര്‍ 1923 മേയ്‌ 27-ന്‌ ജര്‍മനിയിലെ ഫര്‍ത്തി(Furth)ല്‍ ജനിച്ചു. 1938-ല്‍ കിസിഞ്‌ജര്‍ തന്റെ മാതാപിതാക്കളോടൊപ്പം ന്യൂയോര്‍ക്ക്‌ സിറ്റിയിലേക്ക്‌ കുടിയേറിപ്പാര്‍ത്തു. രണ്ടാം ലോകയുദ്ധകാലത്ത്‌ പട്ടാളത്തില്‍ ചേര്‍ന്ന്‌ സേവനമനുഷ്‌ഠിച്ചു. ജോര്‍ജ്‌ വാഷിങ്‌ടണ്‍ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.എ., എം.എ., പിഎച്ച്‌.ഡി. ബിരുദങ്ങള്‍ നേടിയ കിസിഞ്‌ജര്‍ 1954-ല്‍ അവിടെ അധ്യാപകവൃത്തി സ്വീകരിച്ചു. 1957-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച ന്യൂക്ലിയര്‍ വെപ്പണ്‍സ്‌ ആന്‍ഡ്‌ ഫോറിന്‍ പോളിസി (Nuclear Weapons and Foreign Policy) എന്ന കൃതി വമ്പിച്ച പൊതുജനശ്രദ്ധ പിടിച്ചുപറ്റി. അന്താരാഷ്‌ട്രബന്ധങ്ങളുടെയും യു.എസ്‌. ദേശീയ-പ്രതിരോധനയത്തിന്റെയും പ്രാമാണികന്‍ എന്ന ഖ്യാതി ഇദ്ദേഹം നേടി. പ്രാഫസര്‍ സ്ഥാനം ഉള്‍പ്പെടെ നിരവധി ഉദേ്യാഗങ്ങള്‍ ഇദ്ദേഹം വഹിച്ചിരുന്നു. കെന്നഡിയും ജോണ്‍സനും യു.എസ്‌. പ്രസിഡന്റുമാരായിരുന്നപ്പോള്‍ അവരുടെ വിദേശനയത്തിന്റെ ഉപദേഷ്‌ടാവായിരുന്നു കിസിഞ്‌ജര്‍. 1968-ല്‍ യു.എസ്‌. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിക്‌സണ്‍ ദേശീയ-രാജ്യരക്ഷാകാര്യ ഉപദേഷ്‌ടാവായി നാമനിര്‍ദേശം ചെയ്‌തത്‌ കിസിഞ്‌ജറെ ആയിരുന്നു. രാജ്യരക്ഷാ ഉപദേഷ്‌ടാവെന്ന നിലയില്‍ കിസിഞ്‌ജര്‍ യു.എസ്‌-യു.എസ്‌.എസ്‌.ആര്‍ സംഘര്‍ഷങ്ങളില്‍ അയവു വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. നിരായുധീകരണ ചര്‍ച്ചകള്‍ നടത്തുകയും ഉടമ്പടികളില്‍ ഒപ്പുവയ്‌ക്കുകയും ചെയ്യുന്നതിനോടൊപ്പം സോവിയറ്റ്‌ യൂണിയനുമേല്‍ സമ്മര്‍ദതന്ത്രങ്ങള്‍ ചെലുത്താനായി ചൈനയുമായി സഖ്യത്തിലാവാനുള്ള ശ്രമങ്ങളും കിസിഞ്‌ജര്‍ നടത്തി. ഇതിനായി 1971-ല്‍ കിസിഞ്‌ജര്‍ നടത്തിയ ചൈനാ സന്ദര്‍ശനങ്ങള്‍ ചരിത്രപ്രസിദ്ധമാണ്‌. യു.എസ്സും ചൈനയും തമ്മില്‍ 23 വര്‍ഷമായി നിലനിന്നിരുന്ന സ്‌പര്‍ധയ്‌ക്കും നയതന്ത്ര ബന്ധങ്ങളിലെ അകല്‍ ച്ചയ്‌ക്കും വിരാമമിട്ടുകൊണ്ട്‌ നിക്‌സനും ചൗഎന്‍ചായും മാവോ സെതുങും പങ്കെടുത്ത 1972-ലെ ഉച്ചകോടിക്ക്‌ വഴിതെളിച്ചത്‌ കിസിഞ്‌ജറിന്റെ ശ്രമങ്ങളാണ്‌. വിയറ്റ്‌നാം യുദ്ധത്തിനു പരിഹാരം കണ്ടെത്തുന്നതിന്‌ കിസിഞ്‌ജര്‍ ഒരു കരാര്‍ ഉണ്ടാക്കി. വടക്ക്‌ വിയറ്റ്‌നാം പ്രതിനിധി ലീ ഡുക്‌തോയുമായി 1973 ജനുവരിയില്‍ ഫ്രാന്‍സില്‍ വച്ച്‌ യുദ്ധവിരാമക്കരാറില്‍ ഒപ്പുവച്ചു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ലീയും കിസിഞ്‌ജറും വഹിച്ച പങ്കിനെ ആസ്‌പദമാക്കി 1973-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇവര്‍ക്ക്‌ രണ്ടു പേര്‍ക്കുമായി നല്‌കപ്പെട്ടു. 1973 സെപ്‌തംബറില്‍ നിക്‌സണ്‍ സ്റ്റേറ്റ്‌ സെക്രട്ടറിയായി കിസിഞ്‌ജറെ നിയമിച്ചു. ഫോര്‍ഡിന്റെ ഭരണകാലത്തും ആ പദവിയില്‍ ഇദ്ദേഹം തുടര്‍ന്നു. യു.എസ്‌.എസ്‌.ആര്‍., ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി നയതന്ത്ര സന്ദര്‍ശനങ്ങള്‍ കിസിഞ്‌ജര്‍ നടത്തി. അറബി-ഇസ്രയേല്‍ യുദ്ധകാലത്താണ്‌ (1973-75) കിസിഞ്‌ജറുടെ നയതന്ത്രപാടവം കൂടുതല്‍ പ്രകടമായത്‌. ഈജിപ്‌ത്‌-ഇസ്രയേല്‍ , ഇസ്രയേല്‍ -സിറിയ യുദ്ധങ്ങള്‍ക്ക്‌ വിരാമമിടുന്നതിനും ഇദ്ദേഹം യത്‌നിച്ചിരുന്നു. സോവിയറ്റ്‌ യൂണിയന്‍ കൂടുതല്‍ മികച്ച സൈനിക ശക്തിയായി വളരാന്‍ കിസിഞ്‌ജറിന്റെ നയങ്ങള്‍ ഇടയാക്കി എന്ന പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ 1975-ല്‍ കിസിഞ്‌ജറെ ദേശീയ-പ്രതിരോധ കാര്യങ്ങളുടെ അസിസ്റ്റന്റ്‌ പദവിയില്‍ നിന്ന്‌ ഫോര്‍ഡ്‌ പിരിച്ചുവിട്ടു. എന്നാല്‍ സ്ഥിരമായി സമാധാനം നിലനിര്‍ത്താന്‍ ഈ ശ്രമങ്ങള്‍ ഒന്നും ഫലപ്രദമായില്ല. ക്രമേണ കിസിഞ്‌ജറുടെ പല വിദേശനയങ്ങളും വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിത്തുടങ്ങി. 1977-ല്‍ ഫോര്‍ഡിനോടൊപ്പം അധികാരത്തില്‍ നിന്ന്‌ കിസിഞ്‌ജര്‍ നിഷ്‌കാസിതനായി. തുടര്‍ന്നുവന്ന ജിമ്മി കാര്‍ട്ടറിന്റെ കാലത്തും കിസിഞ്‌ജര്‍ നയതന്ത്രരംഗത്ത്‌ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. റീഗന്‍, ജോര്‍ജ്‌ ഡബ്ല്യു ബുഷ്‌ തുടങ്ങിയ പ്രസിഡന്റുമാരും കിസിഞ്‌ജറുടെ സേവനങ്ങള്‍ സ്വീകരിച്ചിരുന്നു. ദ്‌ നെസസിറ്റി ഫോര്‍ ചോയ്‌സ്‌ (The Necessity for Choice, 1961); ദ്‌ ട്രബ്‌ള്‍ഡ്‌ പാര്‍ട്‌നര്‍ഷിപ്പ്‌ (The Troubled Partnership, 1965) അമേരിക്കന്‍ ഫോറിന്‍ പോളിസി ഇയേഴ്‌സ്‌ ഒഫ്‌ റിന്യൂവല്‍ (American Foreign Policy Years of Renewal, 1969) തുടങ്ങിയവ കിസിഞ്‌ജറുടെ വിഖ്യാതകൃതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍