This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിഷന്‍ ചന്ദർ (1914 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിഷന്‍ ചന്ദര്‍ (1914 - 77)

കിഷന്‍ ചന്ദര്‍

ഉര്‍ദു ചെറുകഥാകൃത്തും നോവലിസ്റ്റും. 1914 ന. 14-ന്‌ ജനിച്ചു. ബാല്യകാലം കാശ്‌മീരില്‍ കഴിച്ചുകൂട്ടി. 1934-ല്‍ ലാഹോറിലെ ഫോര്‍മെന്‍ ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന്‌ എം.എ. ബിരുദം നേടി. അവിടെനിന്നുതന്നെ 1937-ല്‍ എല്‍ എല്‍ . ബി. പരീക്ഷയും പാസ്സായി. ഏതാനും ലേഖനങ്ങളുടെ രചനയിലൂടെയാണ്‌ കിഷന്‍ ചന്ദര്‍ ഉര്‍ദു സാഹിത്യത്തില്‍ രംഗപ്രവേശം ചെയ്‌തത്‌. പിന്നീട്‌ ക്രമേണ ചെറുകഥയിലേക്കും നോവലിലേക്കും ശ്രദ്ധ തിരിച്ചുവിട്ടു. ഹാസ്യലേഖനങ്ങളും നാടകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. ഇന്ത്യയിലെ പുരോഗമന സാഹിത്യകാരന്മാരുടെ പട്ടികയില്‍ കിഷന്‍ ചന്ദറിന്‌ പ്രമുഖമായൊരു സ്ഥാനമുണ്ട്‌. 1930-ല്‍ പുരോഗമന സാഹിത്യസംഘടനയുടെ പഞ്ചാബ്‌ ശാഖാസെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1943-ല്‍ ഡല്‍ ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഫാസിസ്റ്റ്‌ വിരുദ്ധസമ്മേളനത്തിന്റെ സംഘാടകരിലൊരാളായിരുന്ന കിഷന്‍ ചന്ദര്‍ അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും ഇന്ത്യന്‍ പീസ്‌ കോണ്‍ഗ്രസ്സിന്റെയും ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

സൗന്ദര്യത്തെയും സ്‌നേഹത്തെയും കുറിച്ചുള്ള മനോഹര സ്വപ്‌നങ്ങളുടെ ആവിഷ്‌കരണമായിരുന്നു കിഷന്‍ ചന്ദറിന്റെ ആദ്യകാല ചെറുകഥകള്‍. എന്നാല്‍ പിന്നീട്‌ ഇദ്ദേഹം മര്‍ദിതരുടെ വിമോചനത്തിനുവേണ്ടി തൂലിക ചലിപ്പിച്ചു. സാഹിത്യകാരന്‌ സമൂഹത്തോട്‌ ഉത്തരവാദിത്വമുണ്ടെന്നും, അതു നിറവേറ്റേണ്ടത്‌ തന്റെ കടമയാണെന്നും ഇദ്ദേഹം വിശ്വസിച്ചു. മുതലാളിത്തംകൊണ്ട്‌ സമൂഹത്തിലുണ്ടാകുന്ന ദോഷങ്ങളെയും ബൂര്‍ഷ്വാസിയുടെ ക്രൂരതകളെയും പൊലീസ്‌ മര്‍ദനങ്ങളെയും അതോടൊപ്പം പാവപ്പെട്ട തൊഴിലാളിയുടെയും കര്‍ഷകന്റെയും വേദനകളെയും ഇദ്ദേഹം തന്റെ രചനയ്‌ക്കു വിഷയമാക്കി. സമൂഹത്തില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ദരിദ്രലക്ഷങ്ങളുടെ ഉന്നമനമായിരുന്നു കിഷന്‍ ചന്ദറിന്റെ ലക്ഷ്യം.

ഇംഗ്ലീഷ്‌, റഷ്യന്‍, ചൈനീസ്‌, പോളിഷ്‌, ഹംഗേറിയന്‍ മുതലായ ഭാഷകളിലേക്ക്‌ കിഷന്‍ ചന്ദറിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മിക്ക ഭാരതീയ ഭാഷകളിലും കിഷന്‍ചന്ദറിന്റെ കൃതികള്‍ക്ക്‌ തര്‍ജുമകള്‍ വന്നുകഴിഞ്ഞു. ഇദ്ദേഹത്തിന്റെ മിക്ക കൃതികളും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടവയാണ്‌ ജ്വാലയും പൂവും, അവിശ്വാസി, ഒരു കഴുതയുടെ തിരിച്ചുവരവ്‌, നാം കാടന്മാരാണ്‌, ബദാംപഴങ്ങള്‍, ഭൂമിക്കുവേണ്ടി, മഞ്ഞപ്പിത്തം, മണല്‍ ക്കൊട്ടാരം, മായാത്ത ഓര്‍മകള്‍, ലണ്ടനിലെ ഏഴു രാത്രികള്‍, വാക്‌സിനേറ്റര്‍ എന്നിവ.

ബംഗാള്‍ക്ഷാമത്തെ ഉപജീവിച്ചെഴുതിയ ഒരു നീണ്ട ചെറുകഥയായ "എനിക്ക്‌ മരിക്കാന്‍ വയ്യ' ദാരിദ്ര്യത്തിന്റെ ദയനീയചിത്രം വരച്ചുകാട്ടുന്നു. ലോകസമാധാനം ലക്ഷ്യമാക്കി എഴുതിയ പ്രസിദ്ധമായ ചെറുകഥയാണ്‌ "ആഡ്യന്‍ റാണിയും മരിച്ച മനുഷ്യനുള്ള കത്തും'. കൊറിയന്‍ യുദ്ധരംഗത്ത്‌ മരിച്ചുവീണ ഒന്നാമത്തെ അമേരിക്കന്‍ പട്ടാളക്കാരനായ പ്രവറ്റ്‌ ഷാഡ്രിക്കിനുള്ള ഈ കത്ത്‌ സാര്‍വദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഒരു ചെറുകഥയാണ്‌. റഷ്യ, യൂറോപ്പ്‌, ഇംഗ്ലണ്ട്‌, അമേരിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ ഈ കഥയ്‌ക്ക്‌ വളരെയധികം പ്രചാരം ലഭിക്കുകയുണ്ടായി. "പെഷവാര്‍ എക്‌സ്‌പ്രസ്‌', "കവിയും തത്ത്വചിന്തകനും ഗുമസ്‌തനും', "അത്തിപ്പഴം' തുടങ്ങിയ കഥകളും പ്രശസ്‌തങ്ങളാണ്‌. ഈ കഥകളെല്ലാം ജ്വാലയും പൂവും എന്ന കഥാസമാഹാരത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ബദാം പഴങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തില്‍ 25 വര്‍ഷം മുമ്പും, അതിനുശേഷവുമുള്ള കാശ്‌മീരിന്റെ വിവിധമുഖങ്ങളെ ചിത്രീകരിക്കുന്ന കഥകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. "പ്രഹരിക്കുന്തോറും പ്രകാശം വര്‍ധിച്ചു' എന്ന ചെറുകഥ നല്ലൊരു പ്രമകഥയുടെ മനോഹരമായ ആവിഷ്‌കരണമാണ്‌. ഗോവാസമരത്തിന്റെ പശ്ചാത്തലത്തിലെഴുതിയ മറ്റൊരു പ്രമകഥയാണ്‌ "ഒരെഴുത്ത്‌. ഒരു പരിമളം'. "കള്ളന്‍' എന്ന ചെറുകഥയില്‍ നേരിയ പരിഹാസത്തിലൂടെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു. കിഷന്‍ ചന്ദറുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്‌ മണല്‍ ക്കൊട്ടാരം. വെറും നാലുദിവസത്തെ കഥയാണ്‌ ഇതില്‍ പറയുന്നത്‌. അപരാധിയെന്ന്‌ മുദ്രകുത്തി ജയിലിലടച്ച ഒരു വ്യക്തിയുടെ സേവനോത്സുകതയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യം. ഭൂമിക്കുവേണ്ടി എന്ന കൃതി തെലുങ്കാനയിലെ കാര്‍ഷികവിപ്ലവത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഒരു സാമൂഹ്യനോവലാണ്‌. തെണ്ടികളുടെ ജീവിതത്തെ പച്ചയായി ചിത്രീകരിക്കുന്ന ഒരു നോവലാണ്‌ അഞ്ചുതെണ്ടികള്‍. മേരീ യാദോം കെ ചിനാര്‍ (എന്റെ ഓര്‍മയിലെ ചിനാര്‍മരങ്ങള്‍) ഒരു നോവലിനേക്കാളുപരി, ആത്മകഥയാണെന്നു പറയാം. പുത്‌ലിബായിയുടെ ആത്മകഥ എന്ന കൃതി ഒരു വീരേതിഹാസം തന്നെയാണ്‌. ജീവിതത്തിലെ നഗ്നയാഥാര്‍ഥ്യങ്ങളെയും അവ്യക്തമധുരമായ സ്വപ്‌നങ്ങളെയും കാവ്യഭാഷയില്‍ വിവരിക്കാന്‍ കഴിഞ്ഞതാണ്‌ കിഷന്‍ ചന്ദറിന്റെ പ്രതേ്യകത. ഇന്നലത്തെ സ്‌മരണ, ഇന്നത്തെ യാതന, നാളത്തെ പ്രതീക്ഷ ഇതാണ്‌ കിഷന്‍ചന്ദറിന്റെ കൃതികള്‍ പ്രതിനിധാനം ചെയ്യുന്നത്‌. 1977-ല്‍ ഇദ്ദേഹം നിര്യാതനായി.

(ഡോ. എം.എ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍