This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിളിമാനൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിളിമാനൂര്‍

കിളിമാനൂര്‍ കൊട്ടാരം

തിരുവനന്തപുരം ജില്ലയില്‍ പ്പെട്ട ചിറയിന്‍കീഴ്‌ താലൂക്കിലെ ഒരു പ്രദേശം. തിരുവനന്തപുരത്തുനിന്നും ഏതാണ്ട്‌ 30 കി.മീ. വടക്ക്‌ കൊട്ടാരക്കരയ്‌ക്കും തിരുവനന്തപുരത്തിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു. കുന്നിന്‍പ്രദേശമായ ഇവിടം ഒരുകാലത്ത്‌ കിളികളുടെയും മാനുകളുടെയും കേളീരംഗമായിരുന്നുവെന്നും അങ്ങനെയായിരിക്കാം കിളിമാനൂര്‍ എന്നുപേര്‌ ഉണ്ടായതെന്നും കരുതപ്പെടുന്നു. കിള്ളി (ചോളരാജാക്കന്മാരുടെ ഒരു സ്ഥാനപ്പേര്‌) മനയൂര്‍ കിളിമാനൂരായതായും ഒരു പക്ഷമുണ്ട്‌. ഈ പ്രദേശം പണ്ട്‌ ഗിരിവര്‍ഗക്കാരനായ കുന്നുമ്മേല്‍ രാജാവിന്റെ അധീനതയിലായിരുന്നുവെന്നും പിന്നീട്‌ വേണാടു രാജാക്കന്മാര്‍ക്ക്‌ അടിയറവയ്‌ക്കപ്പെട്ടുവെന്നും ഐതിഹ്യങ്ങളുണ്ട്‌. പണ്ടുകാലം മുതല്‌ക്കേ കിളിമാനൂര്‍ കോവിലകത്തിന്‌ തിരുവിതാംകൂര്‍ രാജകുടുംബവുമായി ഉറ്റബന്ധമുണ്ടായിരുന്നു. വടക്കന്‍ മലബാറിലെ പരപ്പനാട്‌ ബേപ്പൂര്‍ തട്ടാരി കോവിലകം രാജവംശത്തിലെ അനന്തരാവകാശികളായ കോയിത്തമ്പുരാക്കന്മാരുടെ ആസ്ഥാനമായിരുന്നു കിളിമാനൂര്‍. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പലരും കിളിമാനൂര്‍ കോയിത്തമ്പുരാക്കന്മാരുടെ പുത്രന്മാരാണ്‌. കേരളചരിത്രത്തിലെ പ്രമുഖനായ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ പിതാവ്‌, പ്രശസ്‌ത ചിത്രകാരനായ രാജാ രവിവര്‍മ മുതലായവര്‍ ഈ കോവിലകത്തിലെ അംഗങ്ങളാണ്‌. ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാറാണി ഭര്‍ത്താവായ കോയിത്തമ്പുരാനോടും പുത്രനായ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ കുമാരനോടും അനുയായികളോടുംകൂടി മാവേലിക്കരയില്‍ നിന്ന്‌ ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്കു യാത്രതിരിച്ചു. ഈ യാത്രയുടെ വിവരം അറിഞ്ഞ കായംകുളം രാജാവ്‌ പരിവാരസമേതം ചെങ്ങന്നൂരിനു സമീപം ബുധനൂര്‍ പാടത്തില്‍ വച്ച്‌ റാണിയെയും കൂട്ടരെയും ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കായംകുളം രാജാവ്‌ തങ്ങളെ ആക്രമിക്കുമെന്ന വിവരം നേരത്തേതന്നെ അറിഞ്ഞിരുന്ന കോയിത്തമ്പുരാന്‍ റാണിയെയും പുത്രനെയും വേഷം മാറ്റി അടുത്തുള്ള ഒരു ഭവനത്തില്‍ ഇരുത്തിയശേഷം കായംകുളം രാജാവുമായി ഏറ്റുമുട്ടി. ഈ സംഘട്ടനത്തില്‍ കോയിത്തമ്പുരാന്‍ മുറിവേറ്റവശനായെങ്കിലും റാണിയും രാജകുമാരനും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഈ രാജകുമാരനാണ്‌ പില്‌ക്കാലത്ത്‌ "ധര്‍മരാജാ' എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്ന രാമവര്‍മ മഹാരാജാവ്‌. അസാമാന്യ ധൈര്യം പ്രകടിപ്പിച്ചതിന്റെ പ്രതിഫലമായി കിളിമാനൂര്‍ കോയിത്തമ്പുരാക്കന്മാര്‍ക്ക്‌ മാര്‍ത്താണ്ഡവര്‍മ നല്‌കിയതാണ്‌ കിളിമാനൂര്‍ ഇടവക. ഈ ഇടവക പിന്നീട്‌ കിളിമാനൂര്‍ എന്നും പഴയ കുന്നുമ്മേല്‍ എന്നും രണ്ടുപകുതികളായി വിഭജിക്കപ്പെട്ടു. 1955-ലെ ഇടവക നിയമപ്രകാരം ഈ പ്രദേശങ്ങള്‍ 1956 ജനു. 1-നു തിരു-കൊച്ചി ഗവണ്‍മെന്റിന്റെ കീഴിലായി.

ഇംഗ്ലീഷുകാരുമായുള്ള യുദ്ധസമയത്ത്‌ വേലുത്തമ്പി ദളവ ഒളിവിലായിരുന്ന അവസരത്തില്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ അഭയം പ്രാപിച്ചുവെന്നും അവിടെയും തന്നെ പിന്തുടര്‍ന്നെത്തിയ ശത്രുക്കളില്‍ നിന്ന്‌ രക്ഷ പ്രാപിക്കാന്‍ മണ്ണടിയിലേക്കു പോകുന്നതിനുമുമ്പായി തന്റെ വാള്‍ കോവിലകത്തെ മൂത്ത തമ്പുരാനെ ഏല്‌പിച്ചു എന്നും ഈ കോവിലകത്തുനിന്നാണ്‌ തന്റെ അവസാനത്തെ അത്താഴം കഴിച്ചതെന്നും പറയപ്പെടുന്നു. വളരെക്കാലം അവിടെ സൂക്ഷിച്ചുവച്ചിരുന്ന ആ വാള്‍ തിരുവാതിരനാള്‍ സി. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തിരുവിതാംകൂര്‍ രാജാവിനെ ഏല്‌പിച്ചു. 1957 ആഗസ്റ്റില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി തിരുവനന്തപുരം സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തിന്‌ ഈ വാള്‍ സമ്മാനിക്കപ്പെട്ടു. ഡല്‍ ഹി നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈ വാള്‍ 2010-ല്‍ കേരളത്തിനു കൈമാറി. ഇപ്പോള്‍ മണ്ണടിയിലെ വേലുത്തമ്പി സ്‌മാരകത്തിലാണ്‌ ഇത്‌ സൂക്ഷിച്ചിരിക്കുന്നത്‌.

കിളിമാനൂര്‍ രാജാക്കന്മാര്‍ സാഹിത്യത്തിലും ചിത്രരചനയിലും അസാമാന്യ താത്‌പര്യം പ്രദര്‍ശിപ്പിച്ചിരുന്നവരാണ്‌. ഈ കോവിലകത്ത്‌ പ്രതിഭാസമ്പന്നരായ പല കലാകാരന്മാരും കലാകാരികളും ഓരോ കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌. രാവണവിജയം ആട്ടക്കഥ, സന്താനഗോപാലം തുള്ളല്‍ എന്നിവയുടെ കര്‍ത്താവും കരീന്ദ്രന്‍ എന്ന അപരനാമധേയത്തില്‍ പ്രസിദ്ധനുമായ വിദ്വാന്‍ കോയിത്തമ്പുരാന്‍ സ്വാതിതിരുനാളിന്റെ സദസ്യനും കൂടി ആയിരുന്നു. സീതാസ്വയംവരം ആട്ടക്കഥയെഴുതിയ പുണര്‍തംനാള്‍ വലിയതമ്പുരാന്‍, പാലാഴിമഥനം തുള്ളല്‍ എഴുതിയ ഭരണിനാള്‍ ഗോദവര്‍മ ഇട്ടിക്കോമര്‍ തമ്പുരാന്‍, ദാരികവധം കഥകളിയെഴുതിയ ഭരണിനാള്‍ രാജരാജവര്‍മ, രാസക്രീഡയുടെ കര്‍ത്താവായ ചോതിനാള്‍ കൊച്ചുകോയിത്തമ്പുരാന്‍, പ്രശസ്‌ത ചിത്രകാരനായ രാജാ രവിവര്‍മ കോയിത്തമ്പുരാന്‍, കേരളഭാഷാവിജ്ഞാനീയം എഴുതിയ പണ്ഡിതനും സാഹിത്യകാരനുമായ ഡോ. കെ.ഗോദവര്‍മ മുതലായ കലാകാരന്മാരും നിരവധി തിരുവാതിരപ്പാട്ടുകള്‍ എഴുതിയ രോഹിണിനാള്‍ തമ്പുരാട്ടി, തൃക്കേട്ടനാള്‍ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി, പാര്‍വതീസ്വയംവരം തുള്ളല്‍ എഴുതിയ മകയിരം തിരുനാള്‍ തമ്പുരാട്ടി മുതലായ കലാകാരികളും ഈ കോവിലകത്തിന്റെ സന്തതിപരമ്പരയില്‍ പ്പെടുന്ന വിശിഷ്‌ട വ്യക്തികളാണ്‌.

കിളിമാനൂര്‍ പ്രധാനമായും ഒരു കാര്‍ഷികമേഖലയാണ്‌. തെങ്ങ്‌ തുടങ്ങിയ ഫലവൃക്ഷങ്ങളും കുരുമുളക്‌, റബ്ബര്‍, നെല്ല്‌, മരച്ചീനി മുതലായവയും ഇവിടെ സമൃദ്ധമായി വളരുന്നു. കുന്നിന്‍പ്രദേശങ്ങളില്‍ റബ്ബര്‍കൃഷിയാണധികവും. ആറ്റിങ്ങല്‍ ആറിന്റെ ഒരു കൈവഴി ഇതുവഴി കടന്നുപോകുന്നുണ്ട്‌. പറയത്തക്ക വ്യവസായ പ്രാധാന്യം കിളിമാനൂരിനില്ല; ചിത്രകാരനായ രാജാ രവിവര്‍മ സ്ഥാപിച്ച ഒരു ഹൈസ്‌കൂള്‍ ഇവിടെയുണ്ട്‌. കിളിമാനൂര്‍ കൊട്ടാരംവക അയ്യപ്പന്‍കാവു ക്ഷേത്രവും പഴയകുന്നുമ്മേല്‍ പഞ്ചായത്തിലുള്ള മഹാദേവേശ്വരം ക്ഷേത്രവും അറിയപ്പെടുന്നവയാണ്‌. മലഞ്ചരക്കുവ്യാപാരത്തിന്റെ ഒരു കേന്ദ്രംകൂടിയാണ്‌ കിളിമാനൂര്‍.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍