This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിറ്റാസാറ്റോ, ഷിബസാബുറോ(1852 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിറ്റാസാറ്റോ, ഷിബസാബുറോ(1852 - 1931)

Kitasato Shibasaburo

ഷിബസാബുറോ കിറ്റാസാറ്റോ

ജാപ്പനീസ്‌ ഭിഷഗ്വരന്‍, ബാക്‌റ്റീരിയോളജിസ്റ്റ്‌. 1852 ഡി. 20-ന്‌ കിയൂഷുവിലെ ഒഗുനില്‍ ജനിച്ചു. 1883-ല്‍ ഇദ്ദേഹം ടോക്കിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന്‌ പ്രശസ്‌ത ബാക്‌റ്റീരിയോളജിസ്റ്റായ റോബര്‍ട്ട്‌ കോഹിന്റെ (Robert Koch) കീഴില്‍ ഗവേഷണം നടത്താനായി ജര്‍മനിയിലെത്തി. 1889-ല്‍ ആദ്യമായി ടെറ്റനസ്‌ ബാസിലസുകളുടെ ശുദ്ധകള്‍ച്ചര്‍ വളര്‍ത്തിയെടുക്കുന്നതില്‍ കിറ്റാസാറ്റോ വിജയിച്ചു. തുടര്‍ന്ന്‌ എമില്‍ ഫൊണ്‍ ബെറിങ്‌ എന്ന ശാസ്‌ത്രജ്ഞനോടൊപ്പം ടെറ്റനസ്‌, ഡിഫ്‌തീരിയ ബാസിലസുകളെക്കുറിച്ച്‌ നടത്തിയ പഠനങ്ങളില്‍ നിന്നും ഈ ബാക്‌റ്റീരിയങ്ങള്‍ ആക്രമിക്കുന്ന ജീവികളുടെ രക്തത്തില്‍ ഇവയ്‌ക്കെതിരെ പ്രതിവിഷം (antitoxin) ഉത്‌പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. രോഗങ്ങള്‍ തടയുന്നതിന്‌ ഈ പ്രതിവിഷം ഉപയോഗപ്പെടുത്താമെന്ന്‌ ആദ്യമായി കണ്ടുപിടിച്ചത്‌ ഇവരാണ്‌. 1892-ല്‍ കിറ്റാസാറ്റോ ജപ്പാനില്‍ മടങ്ങിയെത്തി. അവിടെ പകര്‍ച്ചവ്യാധികളെക്കുറിച്ച്‌ പഠനം നടത്തുന്നതിനുള്ള സ്ഥാപനമായ ഇംപീരിയല്‍ ജാപ്പനീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്‌ടറായി ഇദ്ദേഹം നിയമിതനായി. ഇതേവര്‍ഷം തന്നെ എല്‍ . ബീഗര്‍, എ. ഫൊണ്‍ വാസര്‍മാന്‍ എന്നീ സഹപ്രവര്‍ത്തകരുമായി ഒരുമിച്ചു ഗവേഷണം നടത്തി വാക്‌സിനേഷന്‌ മൃതവൈറസുകളെ ഉപയോഗിക്കാമെന്നു കണ്ടുപിടിച്ചു. 1894-ല്‍ ഇദ്ദേഹം ബുബോണിക്‌ പ്ലേഗിനു കാരണമായ ബാസിലസിനെ (പാസ്റ്ററെല്ലാ പെസ്റ്റിസ്‌) വേര്‍തിരിച്ചെടുത്തു. കോബ്‌, ഒസാകാ, മഞ്ചൂറിയ എന്നിവിടങ്ങളില്‍ പ്ലേഗ്‌ പൊട്ടിപ്പുറപ്പെട്ടപ്പോഴെല്ലാം കിറ്റാസാറ്റോ തന്റെ ഗവേഷണം തുടര്‍ന്നിരുന്നു. ക്ഷയരോഗാണുക്കളുടെ സംക്രമണരീതിയും ഇദ്ദേഹം പഠിക്കുകയുണ്ടായി. 1908-ല്‍ റോയല്‍ സൊസൈറ്റിയിലെ ഓണററി അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1914-ല്‍ ഇദ്ദേഹം ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടര്‍ പദവി രാജിവയ്‌ക്കുകയും കിറ്റാസാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്ന പേരില്‍ പുതിയ ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്‌തു. 1923-ല്‍ ജാപ്പനീസ്‌ മെഡിക്കല്‍ അസോസിയേഷന്റെ ആദ്യപ്രസിഡന്റായി ഇദ്ദേഹം നിയമിതനായി. 1924-ല്‍ കിറ്റാസാറ്റോയ്‌ക്ക്‌ ജപ്പാന്‍ ചക്രവര്‍ത്തി പ്രഭു പദവി നല്‌കി. 1931 ജൂല. 13-നു ഇദ്ദേഹം നകനോജായില്‍ നിര്യാതനായി. നോ. കോഹ്‌, റോബര്‍ട്ട്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍