This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിരിയാത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിരിയാത്ത്‌

Green Chirayta

കിരിയാത്ത്‌

1. ജെന്‍ഷ്യാനേസീ സസ്യകുടുംബത്തില്‍ പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ. ജെന്‍ഷ്യാനാ കുറൂ (Gentiana kurroo). കേരളത്തില്‍ കണ്ടുവരുന്ന നിലവേപ്പ്‌ എന്ന ചെടി(Andrographis paniculata)യാണ്‌ കൂടുതലായും കിരിയാത്ത്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഇതില്‍ നിന്നെടുക്കുന്ന ഔഷധത്തിന്‌ ചിരിയാത്ത എന്നാണ്‌ വ്യാപാരനാമം. ഈ സസ്യം കാശ്‌മീര്‍ മുതല്‍ അസം വരെ 1,200-3000 മീ. ഉയരമുള്ള ഹിമാലയത്തിലെ മിതോഷ്‌ണമേഖലാപ്രദേശങ്ങളില്‍ വളരുന്നു. കാശ്‌മീരില്‍ ഈ ചെടി ധാരാളമായുണ്ട്‌.

ഏതാണ്ട്‌ 1.5 മീ. ഉയരമുള്ള ഒരു ഏക വര്‍ഷ-ഓഷധിയാണ്‌ ഈ ചെടി. ഏകദേശം 10 സെ.മീ. നീളമുള്ള ഇലകള്‍ സമ്മുഖജോടികളില്‍ കാണുന്നു. നീണ്ട്‌ അഗ്രം കൂര്‍ത്ത ഇലകള്‍ക്ക്‌ പര്‍ണവൃന്തമില്ല. പൂവിന്‌ പര്‍പ്പിള്‍ കലര്‍ന്ന പച്ചനിറമാണ്‌. ദളപുടത്തില്‍ പച്ചനിറമുള്ള ഒരു ജോടി ഗ്രന്ഥികള്‍ കാണാം.

വേരും, സസ്യം സമൂലവും ഔഷധത്തിനായി ഉപയോഗിക്കുന്നു. ഈ സസ്യങ്ങളില്‍ ജെന്‍ഷ്യാനിക്‌ അമ്ലം, പെക്‌റ്റിന്‍, ഒരിനം പഞ്ചസാര, കയ്‌പുള്ള വസ്‌തു (Gentian bitter) എന്നിവ അടങ്ങിയിരിക്കുന്നു. ഇതേ വിഭാഗത്തിലെ മറ്റുചില ചെടികളില്‍ ചിരാറ്റിന്‍ (Chiratin), ഒപേലിക്‌ അമ്ലം (Opelic acid) എന്നിവ അടങ്ങിയിരിക്കും.

പ്രാചീനകാലം മുതല്‍ ക്കുതന്നെ കിരിയാത്ത്‌ ഔഷധമായി ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീക്‌-അറബി ഭിഷഗ്വരന്മാര്‍ പല ഔഷധങ്ങളുടെയും നിര്‍മിതിക്ക്‌ ഇത്‌ ഒരു ഘടകമായി ഉള്‍പ്പെടുത്തിയിരുന്നു. ഉദരരോഗങ്ങള്‍, പനി, വിരശല്യം എന്നിവയ്‌ക്കെതിരായുള്ള കിരിയാത്തിന്റെ പ്രവര്‍ത്തനവും അതിന്റെ കയ്‌പുരസവും വളരെ പ്രസിദ്ധമാണ്‌. കഫ-പിത്തരോഗങ്ങള്‍, വ്രണം, കുഷ്‌ഠം, കാസം, അതിസാരം എന്നിവയ്‌ക്കു ഫലപ്രദമായ ഔഷധമാണ്‌ കിരിയാത്ത്‌. ജ്വരത്തിന്‌ അത്യുത്തമമായ ഇത്‌ മലമ്പനിനിവാരണത്തിനും പ്രയോജനപ്പെടുത്തുന്നു. ഫലപ്രദമായ ഒരു വിരേചനൗഷധം കൂടിയാണിത്‌.

2. അക്കാന്‍തേസീ സസ്യകുടുംബത്തില്‍ പ്പെട്ട ഒരു ഔഷധസസ്യം. കിരിയാത്തിന്റെ എല്ലാ ഭാഗങ്ങളും കയ്‌പ്പുരസമുള്ളതിനാല്‍ ഇത്‌ "കിങ്‌ ഒഫ്‌ ബിറ്റര്‍' എന്ന പേരിലും അറിയപ്പെടുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും ഈ സസ്യം ധാരാളമായി വളരുന്നു. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ്‌ കിരിയാത്ത്‌ സ്വാഭാവികമായി വളരുന്നത്‌. 30-110 സെ.മീ. ഉയരത്തില്‍ വളരുന്ന വാര്‍ഷിക ഓഷധിയാണിത്‌. കനംകുറഞ്ഞ തണ്ടിന്‌ ഇരുണ്ട പച്ചനിറമാണുള്ളത്‌. കാണ്ഡത്തിന്റെ കുറുകേയുള്ള ഛേദം ചതുരാകൃതിയില്‍ കാണപ്പെടുന്നു. കുന്തത്തിന്റെ ആകൃതിയോട്‌ കൂടിയ ഇലയ്‌ക്ക്‌ ശരാശരി 8 സെ.മീ. നീളവും 2.5 സെ.മീ. വീതിയും ഉണ്ടായിരിക്കും. റസീം പുഷ്‌പമഞ്‌ജരിയാണുള്ളത്‌. 2 സെ.മീ. നീളമുള്ള ക്യാപ്‌സൂള്‍ ആണ്‌ ഫലം.

വളരെയധികം ഔഷധഗുണത്തോട്‌ കൂടിയ സസ്യമാണ്‌ കിരിയാത്ത്‌. കരള്‍ രോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ കിരിയാത്ത്‌ ഉപയോഗിക്കാമെന്ന്‌ സുശ്രുത സംഹിതയിലും ചരകസംഹിതയിലും പ്രതിപാദിച്ചിരിക്കുന്നു. രക്തശുദ്ധീകരണത്തിനു കഴിവുള്ളതിനാല്‍ കിരിയാത്തിന്റെ ഇല മഞ്ഞപ്പിത്തത്തിനും ത്വഗ്രാഗങ്ങള്‍ക്കും ഉള്ള ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇതിനുപുറമേ ചുമ, ടൈഫോയ്‌ഡ്‌, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കും ആയുര്‍വേദത്തില്‍ കിരിയാത്ത്‌ ഉപയോഗിക്കാറുണ്ട്‌. കിരിയാത്തിന്റെ ഇലയില്‍ നിന്നും ആന്‍ഡ്രാഗ്രാഫോലൈഡ്‌, വേരില്‍ നിന്നും ആന്‍ഡ്രാഗ്രഫൈന്‍ തുടങ്ങിയ രാസവസ്‌തുക്കള്‍ വേര്‍തിരിച്ചെടുക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍