This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിരിബാത്തി, റിപ്പബ്ലിക്‌ ഒഫ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിരിബാത്തി, റിപ്പബ്ലിക്‌ ഒഫ്‌

Kiribati, Republic of

മധ്യ-പസിഫിക്കിലെ ഒരു ദ്വീപരാഷ്‌ട്രം. ഭൂമധ്യരേഖയ്‌ക്ക്‌ ഇരുപുറവുമായി വ്യാപിച്ചു കിടക്കുന്ന ദ്വീപസമൂഹമാണ്‌ കിരിബാത്തി (അക്ഷാംശം 4°h.- 3°X; രേഖാംശം 173° - 177°). ബ്രിട്ടീഷ്‌ കോളനിയായിരുന്ന ഗില്‍ ബര്‍ട്‌ ആന്‍ഡ്‌ എലിസ്‌ ദ്വീപുകളുടെ ഭാഗമായിരുന്നു മുമ്പ്‌ ഈ ദ്വീപുകള്‍. ഇതില്‍ എലിസ്‌ ദ്വീപുകള്‍ 1978-ല്‍ തുവാലു എന്നും ഗില്‍ ബര്‍ട്ട്‌ ദ്വീപുകള്‍ 1979 ജൂലായില്‍ കിരിബാത്തി എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ട്‌ സ്വതന്ത്രരാഷ്‌ട്രങ്ങളായി മാറി. ഭൂവിസ്‌തൃതി: 717.1 ച.കി.മീ.; തലസ്ഥാനം: ബെയ്‌റികീ (തരാവ) [Bairiki (Tarawa)]; ജനസംഖ്യ: 92,533 (2005), 100,835 (2010 മതിപ്പുകണക്ക്‌); ഔദ്യോഗിക നാണയം: ആസ്‌റ്റ്രലിയന്‍ ഡോളര്‍

കിരിബാത്തി ദ്വീപ്‌

കിരിബാത്തി ദ്വീപസമൂഹത്തില്‍ 33 ദ്വീപുകളാണ്‌ ഉള്‍പ്പെടുന്നത്‌. പ്രധാനമായും മൂന്നു ദ്വീപസമൂഹങ്ങളില്‍ പ്പെട്ടവയാണ്‌ ഈ ദ്വീപുകള്‍; ഗില്‍ ബര്‍ട്ട്‌ ദ്വീപുകള്‍; ലൈന്‍-ഫീനിക്‌സ്‌ ദ്വീപുകള്‍, ക്രിസ്‌തുമത്‌ (കിരിബാത്തി) ദ്വീപുകള്‍. കിരിബാത്തി ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ കിരിബാത്തി ലോകത്തിലെ ഏറ്റവും വലിയ പവിഴ അടോള്‍ കൂടിയാണ്‌. 5 ച.കി.മീ. വിസ്‌തൃതിയുള്ള ബനാബ (banaba) ദ്വീപ്‌ ഒറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്‌. 16 ദ്വീപുകള്‍ ഉള്‍പ്പെട്ട ഗില്‍ ബര്‍ട്ട്‌ ദ്വീപുകള്‍ക്ക്‌ 29 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ലൈന്‍ ദ്വീപുകളിലെ മൊത്തം 11 ദ്വീപുകളില്‍ എട്ട്‌ എണ്ണം കിരിബാത്തി ദ്വീപസമൂഹത്തിലാണ്‌; വിസ്‌തീര്‍ണം: 329 ച.കി.മീ.; എട്ട്‌ ദ്വീപുകളുള്ള ഫിനിക്‌സ്‌ ദ്വീപുകള്‍ക്ക്‌ 55 ച.കി.മീ. വിസ്‌തൃതിയാണുള്ളത്‌.

ഭൂമധ്യരേഖയ്‌ക്കുസമീപം സ്ഥിതിചെയ്യുന്നവയായതിനാല്‍ കിരിബാത്തിയില്‍ പൊതുവേ ചൂടുകൂടിയ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മാര്‍ച്ച്‌ മുതല്‍ ഒക്‌ടോബര്‍ വരെ വീശുന്ന വടക്കു കിഴക്കന്‍ വാണിജ്യവാതങ്ങള്‍ ഈ കാലയളവില്‍ ചൂട്‌ ഒരു പരിധിവരെ ശമിപ്പിക്കുന്നു. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെ വീശുന്ന പശ്ചിമവാതങ്ങളാണ്‌ ദ്വീപുകളില്‍ പ്രധാനമായി മഴപെയ്യിക്കുന്നത്‌. ഓരോ ദ്വീപിലും വ്യത്യസ്‌ത തോതിലാണ്‌ മഴ ലഭിക്കുന്നത്‌. വടക്കു ഭാഗത്തുള്ള ദ്വീപുകളില്‍ താരതമ്യേന കൂടുതല്‍ മഴ ലഭിക്കുന്നു. ഭൂമധ്യരേഖയ്‌ക്കു സമീപമുള്ള ദ്വീപുകളില്‍ മാസങ്ങളോളം കടുത്ത വരള്‍ച്ച അനുഭവപ്പെടാറുണ്ട്‌.

തെങ്ങ്‌, കൈത തുടങ്ങിയ ചുരുക്കം ചില വൃക്ഷങ്ങളും കുറ്റിച്ചെടികളും മാത്രമേ ദ്വീപുകളില്‍ വളരുന്നുള്ളൂ. ജലപക്ഷികളും ഉഷ്‌ണമേഖലാ മത്സ്യയിനങ്ങളും ദ്വീപുകളിലെ നൈസര്‍ഗിക ജന്തുജാലങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നു.

പവിഴ അടോള്‍-കിരിബാത്തി

മൈക്രാനേഷ്യന്‍ വിഭാഗത്തില്‍ പ്പെട്ടവരാണ്‌ കിരിബാത്തിയന്‍ ജനത. പോളിനേഷ്യര്‍, പസിഫിക്‌ ദ്വീപ്‌ വാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങളുമുണ്ട്‌. 2005-ലെ കണക്കനുസരിച്ച്‌ ജനങ്ങളില്‍ 92 ശതമാനംപേരും സാക്ഷരരാണ്‌. ഗില്‍ ബര്‍ട്ടീസ്‌, ഇംഗ്ലീഷ്‌ ഭാഷകളാണ്‌ ദ്വീപുകളിലെ മുഖ്യവ്യവഹാര ഭാഷകള്‍; ഭരണതലത്തിലും വാണിജ്യമേഖലയിലും ഇംഗ്ലീഷിനാണ്‌ കൂടുതല്‍ പ്രചാരം. ജനങ്ങളില്‍ ഭൂരിഭാഗവും ഗില്‍ ബര്‍ട്ട്‌ ദ്വീപുകളിലാണ്‌ വസിക്കുന്നത്‌. തലസ്ഥാനനഗരമായ സയ്‌റികി(തരാവ)യിലാണ്‌ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്‌. ചെറിയ ചില അടോലുകളില്‍ ജനവാസമില്ല. മത്സ്യബന്ധനമാണ്‌ ജനങ്ങളുടെ മുഖ്യഉപജീവനമാര്‍ഗം, കൃഷിക്കും സസ്യശേഖരണത്തിനും സമ്പത്‌ഘടനയില്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. പന്നി, കോഴി തുടങ്ങിയവ വളര്‍ത്തലും പ്രചാരത്തിലുണ്ട്‌. ചൂരയാണ്‌ ദ്വീപുകളില്‍ നിന്നും ലഭിക്കുന്ന മത്സ്യയിനങ്ങളില്‍ മുഖ്യം. കാര്‍ഷികരംഗത്ത്‌ നാളികേരം, വാഴപ്പഴം, ശീമച്ചക്ക, കൈത, ടാരോ, പപ്പായ തുടങ്ങിയ വിളകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. കൊപ്രയാണ്‌ ദ്വീപുകളുടെ മുഖ്യകയറ്റുമതി വിഭവം. ജനങ്ങളുടെ മുഖ്യാഹാരം മത്സ്യമാണ്‌.

ബനാബ ദ്വീപുകളിലുളള ഫോസ്‌ഫേറ്റ്‌ നിക്ഷേപങ്ങളാണ്‌ കിരിബാത്തി ദ്വീപുകളിലെ മുഖ്യധാതു. ഇവ ഏറെക്കുറെ പൂര്‍ണമായി ചൂഷണം ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. ഭരണ ആസ്ഥാനമുള്ള തരാവ ദ്വീപാണ്‌ ഉത്‌പാദന-വാണിജ്യ മേഖലകളുടെ കേന്ദ്രമായി വര്‍ത്തിക്കുന്നത്‌. ഭക്ഷ്യസംസ്‌കരണവും സേവന വ്യവസായങ്ങളുമാണ്‌ മുഖ്യവ്യവസായങ്ങള്‍. കരകൗശലവ്യവസായവും ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. വിനോദസഞ്ചാരം മറ്റൊരു പ്രധാന ധനാഗമ മാര്‍ഗമാണ്‌.

ഏകസഭാസംവിധാനമുള്ള സ്വതന്ത്ര ജനാധിപത്യ ഭരണസംവിധാനമാണ്‌ കിരിബാത്തിയുടേത്‌. 42 അംഗങ്ങളുള്ള ഹൗസ്‌ ഒഫ്‌ പാര്‍ലമെന്റിലേക്ക്‌ നാലു വര്‍ഷത്തേക്കാണ്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌. ഹൗസ്‌ ഒഫ്‌ പാര്‍ലമെന്റിലെ അംഗങ്ങളില്‍ നിന്നുള്ള 12 അംഗ കാബിനറ്റും പ്രസിഡന്റും ചേര്‍ന്നാണ്‌ ഭരണം നിര്‍വഹിക്കുന്നത്‌. ഹൗസ്‌ ഒഫ്‌ പാര്‍ലമെന്റ്‌ നോമിനേറ്റ്‌ ചെയ്യുന്ന അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ആളായിരിക്കും പ്രസിഡന്റ്‌.

ആസ്‌ത്രാനേഷ്യന്‍ ഭാഷ സംസാരിക്കുന്ന ആദിമ ജനവിഭാഗങ്ങളാണ്‌ കിരിബാത്തിയില്‍ ആദ്യമായി വാസമുറപ്പിച്ചത്‌. 14-ാം ശതകത്തില്‍ ഫിജി, ടോങ്‌ഗ ജനവിഭാഗങ്ങള്‍ ഇവിടെയെത്തുകയും ഇവരുമായി ഇടകലര്‍ന്ന്‌ വസിക്കുകയും ചെയ്‌തതോടെയാണ്‌ ഇപ്പോഴത്തെ മൈക്രാനേഷ്യന്‍ ജനതയും സംസ്‌കാരവും ഉടലെടുത്തത്‌. 1892-ല്‍ കിരിബാത്തി ഒരു ബ്രിട്ടീഷ്‌ സംരക്ഷിത പ്രദേശമായി മാറി. ഗില്‍ ബര്‍ട്‌ ആന്‍ഡ്‌ എലിസ്‌ ദ്വീപുകളില്‍ പ്പെട്ട ഗില്‍ ബര്‍ട്‌ ദ്വീപുകള്‍ 1979-ലാണ്‌ റിപ്പബ്ലിക്‌ ഒഫ്‌ കിരിബാത്തി എന്ന പേര്‌ സ്വീകരിച്ച്‌ സ്വതന്ത്രരാഷ്‌ട്രമായത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍