This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിപ്പിങ്‌, ഫ്രഡറിക്‌ സ്റ്റാന്‍ലി (1863 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിപ്പിങ്‌, ഫ്രഡറിക്‌ സ്റ്റാന്‍ലി (1863 - 1949)

Kipping, Frederick Stanley

ഫ്രഡറിക്‌ സ്റ്റാന്‍ലി കിപ്പിങ്‌

ബ്രിട്ടീഷ്‌ രസതന്ത്രജ്ഞന്‍. 1863 ആഗ. 16-ന്‌ മാഞ്ചസ്റ്ററില്‍ ജനിച്ചു. 1882-ല്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്തശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കെമിസ്റ്റായി ജീവിതം ആരംഭിച്ചു. 1886-ല്‍ ഇദ്ദേഹം ജര്‍മനിയിലെത്തി, മ്യൂണിച്ച്‌ സര്‍വകലാശാലയില്‍ വില്യം ഹെന്‍റി പെര്‍ക്കിന്‍ ജൂനിയറുടെ കീഴില്‍ ഗവേഷണം നടത്തി; ഡോക്‌ടറേറ്റ്‌ നേടി. 1899-ല്‍ പെര്‍ക്കിനൊപ്പം ഇദ്ദേഹം കാര്‍ബണിക രസതന്ത്രത്തിനുള്ള ഒരു പുസ്‌തകം തയ്യാറാക്കി. 1897-ല്‍ റോയല്‍ സൊസൈറ്റി അംഗത്വം ലഭിച്ച കിപ്പിങ്‌ അതേവര്‍ഷം തന്നെ നോട്ടിങ്ങാമില്‍ യൂണിവേഴ്‌സിറ്റി കോളജിലെ രസതന്ത്രവിഭാഗം പ്രാഫസറായി നിയമിതനായി.

സിലിക്കണിന്റെ കാര്‍ബണിക വ്യുത്‌പന്നങ്ങള്‍ (ഓര്‍ഗാനോ സിലിക്കണ്‍), സിലിക്കണ്‍ പോളിമറുകള്‍ (സിലിക്കോണ്‍) എന്നിവയെ സംബന്ധിച്ച ഗവേഷണമാണ്‌ ഇദ്ദേഹത്തെ പ്രശസ്‌തനാക്കിയത്‌. സിലിക്കോണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ കിപ്പിങാണ്‌. 1899 മുതല്‍ 40 വര്‍ഷത്തോളം ഇദ്ദേഹം ഈ മേഖലയിലുള്ള ഗവേഷണങ്ങളില്‍ വ്യാപൃതനായി. ഇതു സംബന്ധിച്ച്‌ ഇദ്ദേഹം 51 ശാസ്‌ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1949 മേയ്‌ 1-ന്‌ വെയില്‍ സില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍