This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിന്‍സേ, ആൽഫ്രഡ്‌ (1894 - 1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിന്‍സേ, ആൽഫ്രഡ്‌ (1894 - 1956)

Kinsey, Alfred

ആല്‍ ഫ്രഡ്‌ കിന്‍സേ

ഒരു പ്രശസ്‌ത അമേരിക്കന്‍ ലൈംഗിക ശാസ്‌ത്രജ്ഞന്‍. എ.ഡി. 1894-ല്‍ ജനിച്ചു. ബൗഡിന്‍ (Bowdoin) സര്‍വകലാശാലയില്‍ നിന്ന്‌ മനശ്ശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം 1920-ല്‍ ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഇദ്ദേഹം ജീവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി. തുടര്‍ന്ന്‌ ഇന്ത്യാനാ സര്‍വകലാശാലയില്‍ ചേര്‍ന്നു ഷഡ്‌പദങ്ങളെ വര്‍ഗപരമയി തരംതിരിക്കുന്നതു സംബന്ധിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പരിണാമസിദ്ധാന്തത്തെക്കുറിച്ച്‌ വിലപ്പെട്ട പല സംഭാവനകളും നല്‌കുന്നതിന്‌ ഈ ഗവേഷണം വഴിതെളിച്ചു.

20-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി യൂറോപ്പ്‌ വമ്പിച്ച ശാസ്‌ത്രപുരോഗതി നേടിയെങ്കിലും ലൈംഗികശാസ്‌ത്രം പൂര്‍ണമായും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ലൈംഗികമായ അജ്ഞത വ്യക്തികളുടെ ലൈംഗികജീവിതത്തെ വികലമാക്കുകയും കുടുംബജീവിതത്തെത്തന്നെ പരാജയപ്പെടുത്തുകയും ചെയ്‌തിരുന്നു. യൂറോപ്പില്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നവരില്‍ പ്രമുഖനായിരുന്നു ക്രാഫ്‌റ്റ്‌ എബിങ്‌, ആല്‍ ബര്‍ട്ട്‌ മോള്‍, ഹാവ്‌ലോക്ക്‌ എല്ലിസ്‌, മാഗ്നസ്‌ ഹൃച്ച്‌ഫെല്‍ ഡ്‌, സിഗ്മണ്ട്‌ ഫ്രായിഡ്‌ എന്നിവര്‍. 1929-40 കാലഘട്ടത്തില്‍ അമേരിക്കയില്‍ ഡേവിസ്‌, ഹാമില്‍ ട്ടണ്‍, ഡിക്കിന്‍സണ്‍, ടെര്‍മാന്‍ എന്നിവര്‍ ലൈംഗികശാസ്‌ത്രത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവ ഭാഗികമായിരുന്നു. തുടര്‍ന്ന്‌ കിന്‍സേയാണ്‌ ലൈംഗികശാസ്‌ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ ആധികാരികവും വിശദവുമായ പഠനം നടത്തിയത്‌.

1938-ല്‍ കിന്‍സേ ലൈംഗികശാസ്‌ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്പെട്ട നിരവധി സ്‌ത്രീപുരുഷന്മാരുമായി കൂടിക്കാഴ്‌ച നടത്തിയാണ്‌ ഗവേഷണത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്‌. കിന്‍സേയുടെ പഠനത്തിന്റെ പ്രാധാന്യം വളരെവേഗം അംഗീകരിക്കപ്പെട്ടു. ഇന്‍ഡ്യാനാ സര്‍വകലാശാല ഇദ്ദേഹത്തെ ഗവേഷണ സഹകാരിയായി അംഗീകരിക്കുകയും ഗവേഷണത്തിനാവശ്യമായ സാമ്പത്തികസഹായം നല്‌കുകയും ചെയ്‌തു. നാഷണല്‍ റിസര്‍ച്ച്‌ കൗണ്‍സിലും റോക്ക്‌ ഫെല്ലര്‍ ഫൗണ്ടേഷനിലെ വൈദ്യശാസ്‌ത്രവിഭാഗവും കിന്‍സേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ലോഭമായ പിന്തുണ നല്‌കി.

കിന്‍സേ, 1947-ല്‍ ഇന്ത്യാനാ സര്‍വകലാശാലയുമായി ബന്ധപ്പെടുത്തി ഒരു ലൈംഗികഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചു. 1948-ല്‍ ലൈംഗികവിജ്ഞാനത്തിന്റെ ഒന്നാം വാല്യമായ സെക്ഷ്വല്‍ ബിഹേവ്യര്‍ ഇന്‍ ദ്‌ ഹ്യൂമന്‍ മെയില്‍ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. സാധാരണക്കാരിലും വിദ്യാസമ്പന്നരിലും ഈ പുസ്‌തകം ഏറെ മതിപ്പും താത്‌പര്യവും ജനിപ്പിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞ്‌ ഇതിന്റെ രണ്ടാം വാല്യമായ സെക്ഷ്വല്‍ ബിഹേവ്യര്‍ ഇന്‍ ദ്‌ ഹ്യൂമന്‍ ഫീമെയില്‍ എന്ന ഗ്രന്ഥവും പുറത്തുവന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട്‌ ലൈംഗികവിഷയങ്ങള്‍ സംബന്ധിച്ചുള്ള ധാരാളം പുസ്‌തകങ്ങള്‍ വിദേശങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തിരുന്നു. 1950-ല്‍ കസ്റ്റംസ്‌ അധികൃതര്‍ ഇത്തരത്തിലുള്ള പുസ്‌തകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനെ നിരോധിക്കുകയും ഇറക്കുമതി ചെയ്‌തിരുന്ന പുസ്‌തകങ്ങള്‍ കണ്ടുകെട്ടുകയും ചെയ്‌തു. 1957-ല്‍ ഉണ്ടായ കോടതിവിധിപ്രകാരം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി പുസ്‌തകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള അവകാശം ഇന്‍സ്റ്റിറ്റ്യൂട്ടിന്‌ വീണ്ടും ലഭിച്ചു. ഇതിനിടയില്‍ കിന്‍സേ അന്തരിച്ചു (1956).

കിന്‍സേയുടെ മരണശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. 1958-ല്‍ ലൈംഗികവിജ്ഞാനത്തിന്റെ മൂന്നാം വാല്യവും 1965-ല്‍ നാലാം വാല്യവും പ്രസിദ്ധീകൃതമായി. മൂന്നാം വാല്യത്തില്‍ ഗര്‍ഭം, ഗര്‍ഭച്ഛിദ്രം, ജനനം എന്നീ വിഷയങ്ങളും നാലാം വാല്യത്തില്‍ ലൈംഗിക കുറ്റവാളികളുമായിരുന്നു പ്രതിപാദ്യവിഷയം. ഇപ്പോള്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ട്‌ "കിന്‍സേ ആല്‍ ഫ്രഡ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌ ഇന്‍ സെക്‌സ്‌, ജെന്‍ഡര്‍ ആന്‍ഡ്‌ റീപ്രാഡക്ഷന്‍' എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍