This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിനാവള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിനാവള്ളി

Octopus

സെഫാലോപോഡ്‌ മൊളസ്‌ക്കുകളിലെ ഒക്‌റ്റോപോഡാ വര്‍ഗത്തിലുള്‍പ്പെട്ടതും എട്ടു ഭുജങ്ങളുള്ളതുമായ ഒരു ജലജീവി. നീരാളി എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ആഴംകുറഞ്ഞ ജലത്തിലാണിവ സാധാരണ കാണപ്പെടുന്നത്‌. കിനാവള്ളിയുടെ 300-ഓളം സ്‌പീഷീസുകളെപ്പററി രേഖപ്പെടുത്തിയിട്ടുണ്ട്‌. മറ്റ്‌ മൊളസ്‌കുകള്‍ക്കുള്ളതുപോലെ ഇതിന്‌ ആവരണ കവചം (ടവലഹഹ) കാണാറില്ല. വാസസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ നാലു പ്രധാന ഇനങ്ങളായി തരംതിരിക്കാം. (1) ആഴംകുറഞ്ഞ ജലത്തിലും കടലോരത്തോടടുത്തും ജീവിക്കുന്നവ. ഉദാ. ഒക്‌റ്റോപ്പസ്‌, എലിഡോണ്‍ എന്നിവ. (2) ആഴംകൂടിയ ഭാഗങ്ങളിലും അടിത്തട്ടിലും ജീവിക്കുന്നവ. ഉദാ. ബന്‍ത്തോക്‌റ്റോപ്പസ്‌, ബേത്തിപോളിപ്പസ്‌ എന്നിവ. (3) കടലിന്റെ ഉപരിതലവാസികള്‍. ഉദാ. ട്രമോക്‌റ്റോപ്പസ്‌. (4) ആഴക്കൂടുതലുള്ള ജലത്തില്‍ നീന്തി നടക്കുന്നവ. ഉദാ. സിറോറ്റ്യൂത്തിസ്‌, എലിഡോണെല്ലാ എന്നിവ.

ഒക്‌റ്റോപ്പസ്‌ വള്‍ഗാരിസ്‌

കിനാവള്ളിയുടെ വലുപ്പത്തില്‍ വമ്പിച്ച വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്‌. ഇന്ത്യാസമുദ്രത്തില്‍ കാണപ്പെടുന്നതും ഏറ്റവും ചെറിയ ഇനവുമായ ഒക്‌റ്റോപ്പസ്‌ ആര്‍ബോറെന്‍സിസിന്‌ 3.8 സെ.മീ. നീളം മാത്രമേയുള്ളൂ. അതേസമയം അലാസ്‌കന്‍ കടലില്‍ കാണപ്പെടുന്നതും രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവും വലുതുമായ ഒക്‌റ്റോപ്പസ്‌ ഡോഫ്‌ളെയ്‌നിയുടെ ഭുജങ്ങള്‍ക്കുതന്നെ 97.4 മീ. (32 അടി) വലുപ്പമുണ്ട്‌. ഇവയുടെ ശരീരനീളം 45.7 സെ.മീ. (18 ഇഞ്ച്‌) മാത്രമേയുള്ളൂ.

ഒക്‌റ്റോപ്പസ്‌ ബ്രിയാറിയസ്‌

ലോകത്തിലെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും കാണപ്പെടുന്നയിനം കിനാവള്ളിയുടെ ശാസ്‌ത്രനാമം ഒക്‌റ്റോപ്പസ്‌ വള്‍ഗാരിസ്‌ എന്നാണ്‌. അടിത്തട്ടിലെ പാറകളുടെ വിടവുകളിലും ചെറിയ പുനങ്ങളിലുമാണിതു ജീവിക്കുന്നത്‌. ചെറിയ ഞണ്ടുകള്‍ തുടങ്ങിയ ക്രസ്റ്റേഷ്യകളാണ്‌ ഇതിന്റെ പ്രധാന ആഹാരം. ശരീരത്തിന്‌ സഞ്ചിയുടെ ആകൃതിയാണുള്ളത്‌. തല ഉടലില്‍ നിന്ന്‌ അത്ര വ്യതിരിക്തമല്ല. കണ്ണുകള്‍ വലിയവയാണ്‌. വായയെ ചുറ്റി എട്ടു ഭുജങ്ങളുണ്ട്‌. ഈ ഭുജങ്ങളില്‍ രണ്ടു വരിയിലായി മാംസളമായ ചൂഷകാംഗങ്ങള്‍ (suckers) ഉെണ്ട്‌. ബലമായി എവിടെയെങ്കിലും പറ്റിപ്പിടിക്കാന്‍ ഇവ വളരെയധികം സഹായകമേകുന്നു. വായ്‌ക്കുള്ളില്‍ ബലമേറിയതും കട്ടിയേറിയതുമായ ഒരു ജോഡി വദനഭാഗങ്ങളുണ്ട്‌. ആഹാരവസ്‌തുക്കളെ കടിച്ചുമുറിക്കാനായിട്ടാണ്‌ ഈ ഭാഗം ഉപയോഗപ്പെടുത്തുന്നത്‌. മറ്റൊരു വദനഭാഗമായ റാഡുല കക്കകളെയും മറ്റും പൊട്ടിക്കാനും മാംസം കീറിമുറിക്കാനുമായി ഉപയോഗപ്പെടുത്തുന്നു. രക്തത്തിലെ ഹീമോസയാനിന്‍ എന്ന ഘടകം, കിനാവള്ളിയുടെ രക്തത്തിന്‌ നീലനിറം നല്‍ കുന്നു. കിനാവള്ളിയുടെ പ്രജനനം ശീതകാലത്താണ്‌ നടക്കുക. ആണ്‍ജീവി വിശേഷവത്‌കൃതഭുജങ്ങള്‍ (Hectocotylized arms) കൊണ്ട്‌ ബീജാണുക്കളെ (spermatophores) പെണ്‍ജീവിയുടെ ശരീരകോടരത്തിനുള്ളില്‍ നിക്ഷേപിക്കുന്നു. കല്ലുകള്‍ക്കടിയിലോ ചെറുപുനങ്ങളിലോ ആണ്‌ മുട്ട നിക്ഷേപിക്കുന്നത്‌. ഒരു പ്രാവശ്യം പെണ്‍ കിനാവള്ളി 50,000-1,80,000 മുട്ട വരെ ഇടാറുണ്ട്‌ (ഓരോ സ്‌പീഷീസിലും ഇത്‌ വ്യത്യസ്‌തമായിരിക്കും). നാലു മുതല്‍ എട്ട്‌ ആഴ്‌ചകള്‍ക്കകം മുട്ടവിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ വെളിയില്‍ വരുന്നു. മുട്ടയെ സൂക്ഷിക്കുന്ന ജോലി പെണ്‍ജീവിക്കാണ്‌. ഈ കാലയളവില്‍ പെണ്‍ജീവികള്‍ ആഹാരം തേടാന്‍പോലും ശ്രമിക്കാറില്ല. വളര്‍ച്ചയെത്തിയ കിനാവള്ളിയോട്‌ രൂപസാദൃശ്യമുള്ള ചെറുജീവികള്‍ക്ക്‌ ആദ്യഘട്ടത്തില്‍ വെള്ളത്തിന്റെ അടിത്തട്ടില്‍ സ്വതന്ത്രജീവിതം നയിക്കാനാവില്ല. അതിനാല്‍ വിരിഞ്ഞിറങ്ങി ആഴ്‌ചകളോളം ഒഴുകിനടക്കുന്ന പ്ലവകങ്ങളെ പറ്റിപ്പിടിച്ച്‌ കഴിഞ്ഞുകൂടുന്നു. ഈ സമയത്ത്‌ പ്ലവകങ്ങളെ ഭക്ഷിക്കുന്ന ജന്തുക്കള്‍ക്ക്‌ ഇവ ഇരയാകപ്പെടാറുണ്ട്‌. എന്നാല്‍ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും കരീബിയന്‍ കടലിലും കാണപ്പെടുന്ന ഒക്‌റ്റോപ്പസ്‌ ബ്രിയാറിയസ്‌ എന്ന സ്‌പീഷീസിന്റെ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയാലുടന്‍ തന്നെ സ്വതന്ത്രജീവിതം നയിക്കാന്‍ കഴിവുള്ളവയാണ്‌.

ട്രമോക്‌റ്റോപ്പസ്‌, ഓസിത്തോയ്‌ തുടങ്ങി കടലിലെ ഉപരിതലവാസികള്‍ പ്ലവകങ്ങളെയാണ്‌ പ്രധാനമായും ഭക്ഷിക്കുന്നത്‌. ട്രമൊക്‌റ്റോപ്പസിന്റെ മുകളിലുള്ള മൂന്നു ജോടി ഭുജങ്ങളെ ഒരു നേരിയ വലപോലെയുള്ള ചര്‍മം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പ്ലവകങ്ങളെ ശേഖരിക്കാനുള്ള ഒരു സംവിധാനമാണിതെന്നു കരുതപ്പെടുന്നു. നല്ല കാഴ്‌ചശേഷിയും സ്‌പര്‍ശനശക്തിയുമുള്ളവയാണ്‌ ഇവ. ഭുജങ്ങളിലെ കീമോറിസപ്‌റ്ററുകള്‍, സ്‌പര്‍ശിക്കുന്ന വസ്‌തുക്കളുടെ സ്വാദ്‌ മനസ്സിലാക്കുന്നതിനും കിനാവള്ളിയെ സഹായിക്കുന്നു. വളരെ സങ്കീര്‍ണമായ നാഡീവ്യവസ്ഥയാണ്‌ കിനാവള്ളികള്‍ക്കുള്ളത്‌. ഇതിന്റെ മൂന്നിലൊരുഭാഗം തലച്ചോറില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ശേഷിക്കുന്ന നാഡികള്‍, എട്ട്‌ ഭുജങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

ആഴക്കടലില്‍ സ്വതന്ത്രജീവിതം നയിക്കുന്ന കിനാവള്ളികളില്‍ നിരവധി പ്രത്യേകതകള്‍ കാണപ്പെടുന്നുണ്ട്‌. എലിഡോണെല്ല, വിട്രലിഡോനെല്ല തുടങ്ങിയ സ്‌പീഷീസുകള്‍ അത്ര നീന്തല്‍ വിദഗ്‌ധരല്ല. 185 മീ.-2,250 മീ. താഴ്‌ചയിലാണിവ കാണപ്പെടുന്നത്‌. മറ്റൊരു ആഴക്കടല്‍ സ്‌പീഷീസായ സിറോത്തോമ മുറായി എന്നയിനത്തിന്‌ കണ്ണുകള്‍ ഇല്ല. ഒപ്പിസ്‌തോറ്റ്യുത്തിസ്‌ എന്ന സ്‌പീഷീസ്‌ പരന്നതും ഡിസ്‌കിന്റെ ആകൃതിയിലുള്ളതുമാണ്‌. ഇതിന്റെ ഭുജങ്ങളും വലയാല്‍ ബന്ധിതമാണ്‌. കിനാവള്ളിയുടെ ആയുര്‍ദൈര്‍ഘ്യം താരതമ്യേന വളരെ കുറവാണ്‌. അകശേരുകികളില്‍ വച്ച്‌ ഏറ്റവും ബുദ്ധിയേറിയ ജീവിയാണ്‌ കിനാവള്ളി. ഒക്‌റ്റോപ്പസ്‌, എലിഡോണ്‍ തുടങ്ങിയ ആഴം കുറഞ്ഞ ജലത്തില്‍ ജീവിക്കുന്നവ അടിത്തട്ടിലിഴഞ്ഞു നടക്കാറുണ്ട്‌. ഇവയെ ശല്യപ്പെടുത്തിയാല്‍ ഫണലിലൂടെ ജെറ്റുപോലെ ജലം തെറിപ്പിച്ചുകൊണ്ട്‌ ഇവ പിന്നോട്ടു കുതിക്കുന്നു. അതുപോലെതന്നെ കറുത്ത നിറത്തിലുള്ള ഒരു മഷിയും ഇവ പുറത്തേക്കു പ്രവഹിപ്പിക്കാറുണ്ട്‌. ഈ മഷി സൃഷ്‌ടിക്കുന്ന മറയിലൂടെ ശത്രുവിനെ കബളിപ്പിച്ച്‌ ഇവ രക്ഷപ്രാപിക്കുന്നു. സാധാരണയിനം കിനാവള്ളികളില്‍ മഷി ഉള്‍ക്കൊള്ളുന്ന കോശങ്ങള്‍ വളരെ വികസിതങ്ങളാണ്‌. മഷിയുടെ നിറം വളരെപ്പെട്ടെന്നു മാറ്റാനും ഇവയ്‌ക്കു കഴിയും. പേശീചലനങ്ങളിലൂടെയാണ്‌ ഇവ വെള്ളവും മഷിയും വെളിയിലേക്കു തള്ളുന്നത്‌. നിറം മാറാനുള്ള കഴിവാണ്‌ ഇവയുടെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ശരീരത്തിലെ വിവിധ വര്‍ണങ്ങളിലുള്ള ക്രാമാറ്റോഫോറുകളാണ്‌ കിനാവള്ളിയെ നിറം മാറാന്‍ സഹായിക്കുന്നത്‌.

മെഡിറ്ററേനിയന്‍ പ്രദേശത്തുള്ളവരുടെ വിശിഷ്‌ട ഭോജ്യമാണ്‌ കിനാവള്ളികള്‍. ഇതിന്റെ മാംസം രുചിയേറിയതാണ്‌.

ജന്തുശാസ്‌ത്രഗവേഷണങ്ങള്‍ക്കായി വളരെയധികം ഉപയോഗപ്പെടുത്തിയിട്ടുള്ള ജീവികളാണ്‌ കിനാവള്ളികള്‍. പെരുമാറ്റവിശേഷങ്ങളെപ്പറ്റിയുള്ള പഠനങ്ങളാണ്‌ ഇവയില്‍ കൂടുതലായി നടന്നിട്ടുള്ളത്‌. ഇവയുടെ കണ്ണുകള്‍ മനുഷ്യരുടേതുപോലെ അതിസങ്കീര്‍ണമാണ്‌. ചൂഷകാംഗങ്ങളിലുള്ള സംവേദകഭാഗങ്ങള്‍ വളരെയധികം വികസിച്ചവയുമാണ്‌. കിനാവള്ളികളെപ്പറ്റി ഒട്ടേറെ ഭീകരകഥകള്‍ പ്രചാരത്തിലുണ്ട്‌. ഇവയുടെ ഭീതിയുളവാക്കുന്ന ആകാരവും ഈ കഥകള്‍ മെനഞ്ഞെടുക്കുന്നതിന്‌ സഹായകമേകിയിട്ടുണ്ട്‌. സാധാരണഗതിയില്‍ വളരെ സൗമ്യശീലരായ ജീവികളാണ്‌ ഇവ. എങ്കിലും മനുഷ്യനെ ഇവ ആക്രമിക്കാറുണ്ട്‌. ചൂഷകാംഗങ്ങളുടെ നീണ്ടനിരയുള്ള ഭുജങ്ങള്‍മൂലം മനുഷ്യനെ വരിഞ്ഞുമുറുക്കാന്‍ ഇവയ്‌ക്കു സാധിക്കുന്നു. അതുപോലെ മൂര്‍ച്ചയേറിയ വദനഭാഗങ്ങള്‍ കൊണ്ട്‌ ഇവ കടിച്ച്‌ വിഷമേല്‌പിക്കാറുമുണ്ട്‌. ചില സ്‌പീഷീസുകളുടെ ഉമിനീര്‍ഗ്രന്ഥികള്‍ വിഷം സ്രവിപ്പിക്കുന്നു. നീല വളയന്‍ കിനാവള്ളികള്‍ മനുഷ്യനു മാരകമായിത്തീര്‍ന്നിട്ടുള്ള കഥകളും വിരളമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍