This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിദ്വായ്‌, റാഫി അഹമ്മദ്‌ (1894 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിദ്വായ്‌, റാഫി അഹമ്മദ്‌ (1894 - 1954)

റാഫി അഹമ്മദ്‌ കിദ്വായ്‌

ഇന്ത്യന്‍ ദേശീയ നേതാവും സ്വാതന്ത്യ്രസമര ഭടനും മുന്‍കേന്ദ്രമന്ത്രിയും. ഉത്തര്‍പ്രദേശിലെ മാസൂലി ഗ്രാമത്തില്‍ 1894 ഫെ. 18-നു ജനിച്ചു. കിദ്വായിയുടെ പൂര്‍വികനായ ക്വാസി കിദ്വായ്‌, മുഹമ്മദ്‌ ഗസ്‌നിയുടെ സൈന്യത്തില്‍ ചേര്‍ന്ന്‌ ഇന്ത്യയില്‍ വന്നെത്തിയതാണെന്ന്‌ അവകാശപ്പെടുന്നു. പിന്നീട്‌ കിദ്വായ്‌മാര്‍ ഇടത്തരം സെമീന്ദാര്‍മാരായിത്തീര്‍ന്നു.

ഷേയ്‌ക്ക്‌ ഇംത്യാസ്‌ അലി ആണ്‌ റാഫിയുടെ പിതാവ്‌; മാതാവ്‌ ബീഗം റഷീദ്‌-ഉല്‍ -നിസാ. റാഫി അഹമ്മദ്‌ 1919-ല്‍ ബീഗം മജീദ്‌-ഉല്‍ -നിസായെ വിവാഹം കഴിച്ചു. ഇമാം അലി മൗലവിയുടെ കീഴില്‍ ഗ്രാമവിദ്യാലയത്തില്‍ വിദ്യാഭ്യാസം ആരംഭിച്ച റാഫി അഹമ്മദ്‌ ഇളയച്ഛനായ വിലായത്ത്‌ അലിയുടെ മേല്‍ നോട്ടത്തിലായിരുന്നു തുടര്‍ന്ന്‌ വിദ്യാഭ്യാസം ചെയ്‌തത്‌. വിലായത്ത്‌, കോണ്‍ഗ്രസ്സിലെയും മുസ്‌ലിംലീഗിലെയും അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയബന്ധങ്ങള്‍ റാഫി അഹമ്മദിലും സ്വാധീനത ചെലുത്തി. 1918-ല്‍ റാഫി അഹമ്മദ്‌ അലിഗഢിലെ എം.എ.ഒ. കോളജില്‍ നിന്ന്‌ ബിരുദം നേടി. നിയമവിദ്യാഭ്യാസം നടത്തുമ്പോള്‍ത്തന്നെ ഇദ്ദേഹം മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെടുകയും വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ പൊതുപ്രവര്‍ത്തനത്തിനിറങ്ങുകയും ചെയ്‌തു. തീവ്രവാദ രാഷ്‌ട്രീയത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട റാഫി അഹമ്മദ്‌ ജയില്‍ മോചിതനായ ശേഷം ആനന്ദഭവനില്‍ മോത്തിലാല്‍ നെഹ്‌റുവിന്റെ പ്രവറ്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ക്രമേണ, ഇദ്ദേഹം നെഹ്‌റു കുടുംബത്തിലെ ഒരംഗത്തെപ്പോലെ ആയിത്തീര്‍ന്നു. 1926-ല്‍ സ്വരാജ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കേന്ദ്ര നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1930-ല്‍ കോണ്‍ഗ്രസ്സിന്റെ ആഹ്വാനമനുസരിച്ച്‌ നിയമസഭാംഗത്വം രാജിവച്ചു. നിയമസഭയില്‍ ഇദ്ദേഹം കോണ്‍ഗ്രസ്സിന്റെ (സ്വരാജ്‌ പാര്‍ട്ടി) ചീഫ്‌ വിപ്പ്‌ ആയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കാണ്‍പൂര്‍ സമ്മേളന(1925)ത്തില്‍ സ്വീകരണ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ച റാഫി സംഘടനാപാടവം ഉള്ള നേതാവായി അറിയപ്പെട്ടു. ഉപ്പു സത്യഗ്രഹ പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടതോടെ (1931) ഇദ്ദേഹം യു.പി.യില്‍ മടങ്ങിവന്ന്‌ യു.പി. കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറി പദം ഏറ്റെടുത്തു. യു.പി. കര്‍ഷകപ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ ഇദ്ദേഹം ഇക്കാലത്ത്‌ വലിയ പങ്കു വഹിച്ചു. 1930-കളിലെ സാമ്പത്തിക തകര്‍ച്ചാക്കാലത്ത്‌ കര്‍ഷകരെ സംഘടിപ്പിച്ച്‌ പാട്ടത്തിനെതിരായ പ്രക്ഷോഭണം നടത്തി. 1935-ലെ ഇന്ത്യാ ഗവണ്‍മെന്റ്‌ നിയമമനുസരിച്ചുള്ള ആദ്യത്തെ തെരഞ്ഞെടുപ്പുകാലത്ത്‌ ഇദ്ദേഹം യു.പി.സി.സി. പ്രസിഡന്റായി നിയുക്തനായി. റാഫി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗമായി ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ചിരുന്നു.

ഇന്ത്യാ ഗവണ്‍മെന്റ്‌ നിയമ(1935)മനുസരിച്ച്‌ രൂപവത്‌കരിക്കപ്പെട്ട ആദ്യത്തെ മന്ത്രിസഭയില്‍ റാഫി ഭൂനികുതിവകുപ്പു മന്ത്രിയായിരുന്നു. ഇദ്ദേഹം മുന്‍കൈയെടുത്തു പാസ്സാക്കിയ "യു.പി.ടെനന്‍സി ആക്‌റ്റ്‌' കോണ്‍ഗ്രസ്സിന്‌ യു.പി.യിലെ ജനലക്ഷങ്ങള്‍ക്കിടയില്‍ വമ്പിച്ച സ്വാധീനത ഉണ്ടാക്കിക്കൊടുത്തു. അടുത്ത തെരഞ്ഞെടുപ്പിനു (1946) ശേഷം രൂപവത്‌കരിച്ച യു.പി. മന്ത്രിസഭയില്‍ ഇദ്ദേഹം ആഭ്യന്തരകാര്യമന്ത്രിയായി.

സ്വതന്ത്ര ഇന്ത്യാ ഗവണ്‍മെന്റില്‍ വാര്‍ത്താവിനിമയ വകുപ്പുമന്ത്രിയായിരുന്ന റാഫിയാണ്‌ "രാത്രി എയര്‍മെയില്‍ ' സമ്പ്രദായം, "ഓണ്‍-യുവര്‍-ടെലഫോണ്‍' പദ്ധതി, പോസ്റ്റുമാസ്റ്റര്‍മാര്‍ക്ക്‌ ശമ്പളത്തോടെ അവധി എന്നിവ ഏര്‍പ്പെടുത്തിയത്‌. സംഘടനാ പ്രശ്‌നങ്ങളില്‍ നേതൃത്വവുമായി ഇടഞ്ഞ റാഫി 1951-ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും ഗവണ്‍മെന്റില്‍ നിന്നും രാജിവച്ചു. അഭിപ്രായവ്യത്യാസം ഒത്തുതീര്‍ത്ത്‌ റാഫി 1952-ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട്‌ കേന്ദ്രഭക്ഷ്യ-കൃഷി വകുപ്പു മന്ത്രിയായി. ഭക്ഷ്യമന്ത്രിയെന്ന നിലയില്‍ വിദേശസഹായമോ ഭക്ഷ്യധാന്യ നിയന്ത്രണമോ ഏര്‍പ്പെടുത്താതെ ഫലപ്രദമായി പ്രവര്‍ത്തിച്ചു എന്ന ഖ്യാതി ഇദ്ദേഹം നേടി.

മതപരമായി ഇദ്ദേഹം യാഥാസ്ഥിതികനായിരുന്നില്ല. സംഘടിത മതത്തിന്‌ അതിന്റെ യഥാര്‍ഥ ഉള്ളടക്കം നഷ്‌ടമായിരിക്കുന്നുവെന്ന്‌ ഇദ്ദേഹം വിശ്വസിച്ചു. കോണ്‍ഗ്രസ്‌ സംഘടനകള്‍ക്ക്‌ ധനസമാഹരണം നടത്തുന്നയാള്‍ എന്ന നിലയില്‍ റാഫിയെ വെല്ലുവാന്‍ അധികം പേരുണ്ടായിരുന്നില്ല. 1954-ല്‍ റാഫി നിര്യാതനായി.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍