This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിച്ച്‌ലു, പി.കെ. (1899 - 1982)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിച്ച്‌ലു, പി.കെ. (1899 - 1982)

ഇന്ത്യന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1899 ഡി. 9-ന്‌ പ്രതാപ്‌ കൃഷ്‌ണ കിച്ച്‌ലു റാവല്‍ പിണ്ടിയില്‍ ജനിച്ചു. ജമ്മുവിലും ലാഹോറിലും ആയി പ്രാഥമിക വിദ്യാഭ്യാസം ചെയ്‌തശേഷം പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഭൗതികത്തില്‍ മാസ്റ്റേഴ്‌സ്‌ ബിരുദവും അലഹബാദ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഡി.എസ്‌സി.യും നേടി. പിന്നീട്‌ ഒരു കൊല്ലത്തോളം അലഹബാദ്‌ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിചെയ്‌തശേഷം കിച്ച്‌ലു 1928-47 കാലയളവില്‍ ബിഹാറിലെ വിദ്യാഭ്യാസവകുപ്പില്‍ സേവനമനുഷ്‌ഠിച്ചു. 1947-ല്‍ ഡല്‍ ഹി സര്‍വകലാശാലയില്‍ പ്രാഫസറായി നിയമിതനായി. 1963 ഒക്‌ടോബറില്‍ പ്രസിദ്ധ ഭൗതികശാസ്‌ത്രജ്ഞനായ കെ.എസ്‌. കൃഷ്‌ണനുശേഷം നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ ഡയറക്‌ടറായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സിലെ ഒരംഗമായിരുന്നു ഇദ്ദേഹം.

സ്‌പെക്‌ട്രാസ്‌കോപ്പി, ഓപ്‌ടിക്കല്‍ ക്രിസ്റ്റലുകള്‍, അലൂമിനാ പോലുള്ള ഒറ്റ ക്രിസ്റ്റലുകള്‍, ഇന്ദ്രനീലക്കല്ല്‌ (sapphire stone) എന്നിവ കൃത്രിമമായി നിര്‍മിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, വിഭംഗനഗ്രറ്റിങ്ങുകളിലെ ചെറിയ വരകള്‍ ഇടുന്നതിനുള്ള സൂക്ഷ്‌മയന്ത്രം എന്നിവ ആവിഷ്‌കരിച്ചതാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ശാസ്‌ത്രസംഭാവന. സൈദ്ധാന്തികവും പ്രായോഗികവും ആയ മണ്‌ഡലങ്ങളില്‍ പ്രഗല്‌ഭനായ ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ ഫലങ്ങള്‍ പ്രാകാശികോപകരണങ്ങള്‍ നിര്‍മിക്കുന്നതിന്‌ വളരെ സഹായകമായി. അമ്പതിലധികം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1982 സെപ്‌. 8-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍