This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിങ്‌, ഏണസ്റ്റ്‌ ജോസഫ്‌ (1878 - 1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിങ്‌, ഏണസ്റ്റ്‌ ജോസഫ്‌ (1878 - 1956)

King, Earnest Joseph

ഏണസ്റ്റ്‌ ജോസഫ്‌ കിങ്‌

യു.എസ്‌. നാവികമേധാവി. ഒഹായോയിലെ ലൊറെയിനില്‍ 1878 ന. 23-ന്‌ ഏണസ്റ്റ്‌ കിങ്‌ ജനിച്ചു. ബാല്യം മുതല്‌ക്കേ നാവികനാകണമെന്നാഗ്രഹിച്ചിരുന്ന കിങ്‌ 1897-ല്‍ അന്നപെലിസിലെ യു.എസ്‌. നാവിക അക്കാദമിയില്‍ ചേര്‍ന്നു. 1901-ല്‍ ബിരുദധാരിയായി പുറത്തുവന്ന ഇദ്ദേഹം നാവിക അക്കാദമിയിലെ ഇന്‍സ്‌ട്രക്‌റ്റര്‍ ജോലി ഉള്‍പ്പെടെ പല ജോലികളിലും ഏര്‍പ്പെട്ടു. 1911-ല്‍ അത്‌ലാന്തിക്‌ നാവികപ്പട മേധാവിയുടെ ഫ്‌ളാഗ്‌ സെക്രട്ടറി(flag secretary)യായി നിയമിതനായി. ഒന്നാം ലോകയുദ്ധക്കാലത്ത്‌ ചീഫ്‌ ഒഫ്‌ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന കിങ്ങിന്‌ ക്യാപ്‌റ്റനായി ഉദ്യോഗക്കയറ്റം ലഭിച്ചു. പടിപടിയായി ഉയര്‍ന്ന്‌ 1938-ല്‍ വൈസ്‌ അഡ്‌മിറലായി. രണ്ടാം ലോകയുദ്ധക്കാലത്ത്‌, 1941 ജനുവരിയില്‍ അഡ്‌മിറലായി കയറ്റം കിട്ടിയ കിങ്‌ അതേവര്‍ഷം തന്നെ അറ്റ്‌ലാന്റിക്‌ കപ്പല്‍ പ്പടയുടെ കമാന്‍ഡര്‍-ഇന്‍ ചീഫായി ഉയര്‍ന്നു. ഈ പദവിയിലിരുന്ന സഖ്യകക്ഷിസേനയെ വിജയത്തിലെത്തിക്കുന്നതില്‍ ഇദ്ദേഹം സ്‌തുത്യര്‍ഹമായ പങ്കുവഹിച്ചു. യു.എസ്‌. കപ്പല്‍ പ്പടയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായി നിയമിതനായ ഇദ്ദേഹമായിരുന്നു പിന്നീടുള്ള എല്ലാ നാവികാക്രമണങ്ങളും നിയന്ത്രിച്ചിരുന്നത്‌. നാവികസേനയുടെ ഘടനയില്‍ അഴിച്ചുപണി നടത്തി, പ്രവര്‍ത്തനോന്മുഖമാക്കി യു.എസ്‌. നേവിക്ക്‌ ലോകചരിത്രത്തില്‍ വലിയ പ്രാമാണ്യം നേടിക്കൊടുത്ത കിങ്‌ 1945 ഡിസംബറില്‍ നാവികസേനയില്‍ നിന്ന്‌ പിരിഞ്ഞു; ഫ്‌ളീറ്റ്‌ അഡ്‌മിറല്‍ സ്ഥാനംകൊണ്ട്‌ ബഹുമാനിക്കപ്പെടുകയും ചെയ്‌തു. ഫ്‌ളീറ്റ്‌ അഡ്‌മിറല്‍ കിങ്‌: ഏ നേവല്‍ റെക്കോഡ്‌ എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ 1952-ല്‍ പ്രസിദ്ധീകൃതമായി. 1956 ജൂണ്‍ 25-ന്‌ പോര്‍ട്ട്‌ സ്‌മത്തില്‍ വച്ച്‌ കിങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍