This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിങ്‌സ്‌ലി, ബെന്‍ (1946 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിങ്‌സ്‌ലി, ബെന്‍ (1946 - )

Kingsley, Ben

"ഗാന്ധി' എന്ന ചലച്ചിത്രത്തില്‍ ബെന്‍ കിങ്‌സ്‌ലി

റിച്ചാര്‍ഡ്‌ അറ്റന്‍ബറോ നിര്‍മിച്ച "ഗാന്ധി' എന്ന ഇംഗ്ലീഷ്‌ ചലച്ചിത്രത്തില്‍ മോഹന്‍ദാസ്‌ ഗാന്ധിയായി അഭിനയിച്ച വിശ്രുത നാടക-സിനിമാ നടന്‍. 1943 ഡിസംബറില്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ ഷെയറില്‍ ജനിച്ചു. ഗുജറാത്തില്‍ നിന്ന്‌ ഈസ്റ്റാഫ്രിക്ക വഴി ഇംഗ്ലണ്ടില്‍ കുടിയേറിയ കുടുംബത്തില്‍ പെട്ടയാളാണ്‌ പിതാവ്‌. ബെന്നിന്റെ യഥാര്‍ഥ നാമം കൃഷ്‌ണ ഭാന്‍ജി എന്നായിരുന്നു. അച്ഛനെപ്പോലെ ഒരു ഡോക്‌ടറാകാന്‍ ആഗ്രഹിച്ചെങ്കിലും 19-ാം വയസ്സില്‍ റോയല്‍ ഷെയ്‌ക്‌സ്‌പിയര്‍ കമ്പനിയുടെ റിച്ചാര്‍ഡ്‌ കകക നാടകം കണ്ടതോടെ അമ്മയെപ്പോലെ അഭിനയരംഗത്തേക്ക്‌ പ്രവേശിക്കാന്‍ ഭാന്‍ജി നിശ്ചയിക്കുകയും ബെന്‍ കിങ്‌സ്‌ലി എന്ന പുതിയ പേര്‌ സ്വീകരിക്കുകയും ചെയ്‌തു. 1966-ല്‍ ലണ്ടനില്‍ വച്ച്‌ "എ സ്‌മാഷിങ്‌ ഡേ' (A Smashing Day) എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്‌ പല തിയെറ്റര്‍ സംഘങ്ങളിലും കുറച്ച്‌ നാള്‍ വീതം ചെലവിട്ടശേഷം 1967-ല്‍ റോയല്‍ ഷെയ്‌ക്‌സ്‌പിയര്‍ കമ്പനിയില്‍ എത്തിയതോടെ ബെന്നിന്റെ പ്രാഫഷണല്‍ നാടകാഭിനയജീവിതം ആരംഭിച്ചു. ഷെയ്‌ക്‌സ്‌പിയറുടെ മിക്കവാറും നാടകങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ബെന്‍ കിങ്‌സ്‌ലി ഇംഗ്ലണ്ടിലും അമേരിക്കയിലും കാനഡയിലും യൂറോപ്പിലും അറിയപ്പെടുന്ന മികച്ച നടനായിത്തീര്‍ന്നു. പ്രശസ്‌ത സിനിമാ സംവിധായകനായ റിച്ചാര്‍ഡ്‌ അറ്റന്‍ ബറോയുടെ ക്ലാസിക്‌മാനമുള്ള "ഗാന്ധി'യിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചതോടെ ഈ നടന്‍ എല്ലാ രാജ്യങ്ങളിലുമുള്ള കലാസ്വാദകരുടെ നിസ്സീമമായ ആദരവിന്‌ പാത്രമായി. രൂപസാദൃശ്യത്തിലും പെരുമാറ്റത്തിലും സംഭാഷണത്തിലും ആംഗിക ചലനങ്ങളിലും "മഹാത്മാ'വിനെ തന്മയത്വത്തോടെ പുനഃസൃഷ്‌ടിക്കാന്‍ കഴിഞ്ഞ ബെന്‍, ഗാന്ധിജിയുടെ അപരനായി മാറിയിരിക്കുകയാണെന്ന്‌ നിരൂപകര്‍ വിലയിരുത്തി. മഹാത്മാഗാന്ധിയുടെ സംഭവ ബഹുലമായ ജീവിതത്തിലെ അനര്‍ഘമുഹൂര്‍ത്തങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ ഈ ചലച്ചിത്രത്തില്‍ കലാപരമായി ആവിഷ്‌കരിച്ചിരിക്കുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ നിത്യജീവിതത്തിലെ വേദനകളും വിഹ്വലതകളും തന്റേതായി ഏറ്റെടുത്ത ഗാന്ധിയുടെ സമര്‍പ്പിത ജീവിതത്തിന്റെ അഗാധതകളിലേക്ക്‌ ആണ്ടിറങ്ങാന്‍ ഈ ചിത്രത്തിലൂടെ ബെന്‍ കിങ്‌സ്‌ലിക്കു സാധിച്ചിട്ടുണ്ട്‌.

ഇന്ത്യയിലെയും ലോകത്തെയും പ്രധാന ഭാഷകളിലേക്ക്‌ ഈ ചലച്ചിത്രതിഹാസം ഡബ്ബ്‌ ചെയ്‌തിട്ടുണ്ട്‌. അതോടെ ചലച്ചിത്രഗാന്ധിയായ ബെന്‍ കിങ്‌സ്‌ലിയുടെ യശസ്സും വിശ്വവ്യാപകമായി. ബ്രിട്ടീഷ്‌ രാജ്ഞി നല്‌കിയ "സര്‍' സ്ഥാനവും മികച്ച നടനുള്ള ഓസ്‌കാര്‍ ബഹുമതിയും (1982), പദ്‌മശ്രീയും ഉള്‍പ്പെടെ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഈ മഹാനടന്‌ ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍