This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിംപൂഷിക്‌ (1075 - 1151)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിംപൂഷിക്‌ (1075 - 1151)

Kim Pusik

കൊറിയന്‍ രാജ്യതന്ത്രജ്ഞനും ചരിത്രകാരനും. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിംകൂണിന്റെ പുത്രനായി 1075-ല്‍ ജനിച്ചു. 1115-ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച ഇദ്ദേഹം അവിടെനിന്ന്‌ പടിപടിയായി ഉയര്‍ന്ന്‌ 1124-ല്‍ ബോര്‍ഡ്‌ ഒഫ്‌ റൈറ്റ്‌സില്‍ (Board of Rites) 4-ാം സെക്രട്ടറിയായി; രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അസിസ്റ്റന്റ്‌ ഇന്‍സ്‌പെക്‌ടര്‍ ജനറലായി. സുങ്‌ ചൈനയില്‍ ഒരു കൊറിയന്‍ ദൂതനായി നിയോഗിക്കപ്പെട്ടു (1126). 1128-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഇദ്ദേഹം ധനകാര്യവകുപ്പിന്റെ മൂന്നാം മന്ത്രിയായും നാഷണല്‍ അക്കാദമിയുടെ ചാന്‍സലറായും നിയുക്തനായി. 1134-ല്‍ ഇദ്ദേഹം ഫീല്‍ ഡ്‌മാര്‍ഷലായി നിയമിതനായി. മ്യോ ചോങ്‌ എന്ന സന്ന്യാസി സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ച്‌ പ്യോങ്‌യാങ്ങില്‍ വിപ്ലവമാരംഭിച്ചപ്പോള്‍ കിം ആണ്‌ വിപ്ലവത്തെ ചെറുത്തു തോല്‌പിച്ച്‌ കൊറ്യോ ഭരണം പുനഃസ്ഥാപിച്ചത്‌. തത്‌ഫലമായി ഇദ്ദേഹത്തിനു ബഹുമതി ബിരുദങ്ങളും ജംഗമവസ്‌തുക്കളും ലഭിച്ചു. ബി.സി. 90-നു മുമ്പ്‌ ചൈനീസ്‌ ചരിത്രകാരനായ സ്സു-മാ-ചീന്‍ രചിച്ച ഷിഹ്‌-ചി എന്ന ചരിത്രഗ്രന്ഥത്തിന്റെ ചുവടുപിടിച്ച്‌ ഇദ്ദേഹം 1145-ല്‍ മൂന്നു രാജ്യങ്ങളുടെ ചരിത്രം (Sam guk Sagi) എന്ന ചരിത്രഗ്രന്ഥം തയ്യാറാക്കുകയുണ്ടായി. അന്‍പത്‌ അധ്യായങ്ങളുള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥമാണ്‌ ആദ്യത്തെ ഔദ്യോഗിക കൊറിയന്‍ ചരിത്രം. ഇദ്ദേഹം തന്റെ സാഹിത്യരചനയ്‌ക്ക്‌ "നോപ്പൊന്‍' എന്ന തൂലികാനാമമാണ്‌ സ്വീകരിച്ചിരുന്നത്‌. 1148-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച കിം 1151-ല്‍ അന്തരിച്ചു. ഇദ്ദേഹത്തിന്‌ "മുന്യോള്‍' (മഹദ്‌വചനം) എന്ന മരണാനന്തര ബഹുമതി നല്‌കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍