This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഹന്‍, ലൂയിസ്‌ ഇസഡോർ (1901-74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഹന്‍, ലൂയിസ്‌ ഇസഡോർ (1901-74)

Kahn, Louis Isadore

ലൂയിസ്‌ ഇസഡോര്‍ കാഹന്‍

അമേരിക്കന്‍ വാസ്‌തുശില്‌പി. വാസ്‌തുശില്‌പകലയില്‍ "ഉത്തരാധുനികത'യ്‌ക്ക്‌ തുടക്കംകുറിച്ച പ്രമുഖരില്‍ കാഹന്‍ ലൂയിസ്‌ മുന്‍പന്തിയിലാണ്‌. 1901 ഫെ. 20-ന്‌ എസ്റ്റോണിയയില്‍ ജനിച്ച കാഹന്‍ മാതാപിതാക്കളോടൊപ്പം യു. എസ്സിലേക്ക്‌ കുടിയേറി. പെന്‍സില്‍ വേനിയ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം കരസ്ഥമാക്കിയ(1924)ശേഷം ഇദ്ദേഹം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കുവേണ്ടിയുള്ള ആസൂത്രണ പ്രവര്‍ത്തനങ്ങളിലും ഭവന നിര്‍മാണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു.

1947 മുതല്‌ക്കാണ്‌ കാഹന്‍ സ്വതന്ത്രമായ പ്രവര്‍ത്തനം ആരംഭിച്ചത്‌. യേല്‍ , പെന്‍സില്‍ വേനിയാ എന്നീ സര്‍വകലാശാലകളില്‍ വാസ്‌തുവിദ്യാധ്യാപകനായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. കാഹന്റെ ഏറ്റവും ശ്രദ്ധേയമായ ആദ്യത്തെ ശില്‌പം യേല്‍ സര്‍വകലാശാലയ്‌ക്കുവേണ്ടി 1953-ല്‍ നിര്‍മിച്ച ആര്‍ട്ട്‌ഗ്യാലറിയാണ്‌. തുടര്‍ന്ന്‌, പെന്‍സില്‍ വേനിയ സര്‍വകലാശാലയ്‌ക്കുവേണ്ടി നിര്‍മിച്ച മെഡിക്കല്‍ റിസര്‍ച്ച്‌ കെട്ടിടം കാഹനെ കൂടുതല്‍ പ്രശസ്‌തനാക്കി. കാലിഫോര്‍ണിയയില്‍ 1965-ല്‍ നിര്‍മിച്ച "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ബയോളജിക്കല്‍ സ്റ്റഡീസി'ന്റെ കെട്ടിടങ്ങള്‍ കാഹന്റെ വാസ്‌തുവിദ്യാവൈദഗ്‌ധ്യം വിളിച്ചറിയിക്കുന്നവയാണ്‌. അഹമദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റും ധാക്കയിലെ നിയമസഭാമന്ദിരവും ഇദ്ദേഹത്തിന്റെ ഈ രംഗത്തുള്ള സവിശേഷ പ്രാഗല്‌ഭ്യം വ്യക്തമാക്കുന്നു. വളരെ വൈകി മാത്രമാണ്‌ കാഹന്റെ പ്രതിഭയ്‌ക്ക്‌ അര്‍ഹമായ അംഗീകാരം ലഭിച്ചത്‌. 20-ാം ശതകത്തിലെ പ്രഗല്‌ഭരായ വാസ്‌തുശില്‌പികളില്‍ ഒരാളായി കാഹന്‍ ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഉന്നതനിലവാരമുള്ള, കവിതാമയമായ ഏതാനും വാസ്‌തുവിദ്യാ ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണിദ്ദേഹം. 1974-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍