This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌ലോണ്‍, വില്യം (1692-1766)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്‌ലോണ്‍, വില്യം (1692-1766)

Caslon, William

വില്യം കാസ്‌ലോണ്‍

അച്ചടിക്കാവശ്യമായ ടൈപ്പ്‌ കണ്ടുപിടിച്ച ബ്രിട്ടീഷ്‌ തോക്കുനിര്‍മാതാവ്‌. 1692-ല്‍ വോര്‍സെസ്റ്റര്‍ഷയറിലെ ക്രാഡ്‌ലി എന്ന സ്ഥലത്തു ജനിച്ചു. തോക്കുകുഴല്‍ , ലോക്ക്‌ എന്നിവ മുദ്രണം ചെയ്യുന്ന തൊഴിലിലേര്‍പ്പെട്ടു. 1716-ല്‍ വ്യാപാരസംബന്ധമായി ലണ്ടനിലെത്തിയ കാസ്‌ലോണ്‍, ജോണ്‍ വാട്‌സ്‌ എന്ന അച്ചടിക്കാരന്റെ കീഴില്‍ ജോലിയിലേര്‍പ്പെട്ടു; തുടര്‍ന്ന്‌ സ്വന്തമായി ഒരു ടൈപ്പ്‌ ഫൗണ്ടറി സ്ഥാപിച്ചു. ഇവിടെ നിര്‍മിച്ച അച്ചുകളുടെ സ്‌പഷ്‌ടത മൂലം അക്കാലത്തുണ്ടായിരുന്ന പ്രസിദ്ധ അച്ചടിക്കാരില്‍ നിന്നെല്ലാം രക്ഷാധികാരിത്വം (patronage) സമ്പാദിക്കുവാന്‍ കാസ്‌ലോണിനു സാധിച്ചു. 1720-ല്‍ നിര്‍മിച്ച അറബിക്‌ ഫോണ്ട്‌ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ ടൈപ്പ്‌ ഫോണ്ട്‌. പിന്നീട്‌ അനേക തരത്തിലുള്ള ഫോണ്ടുകള്‍ ഇദ്ദേഹം നിര്‍മിച്ചുവെങ്കിലും ഡച്ച്‌മാതൃക അടിസ്ഥാനമാക്കി 1726-ല്‍ ഇദ്ദേഹം നിര്‍മിച്ച കാസ്‌ലോണ്‍ ഓള്‍ഡ്‌ഫേസ്‌ (Caslon old face) ആണ്‌ ഏറ്റവും പ്രധാനം. ഇദ്ദേഹം പിന്നീട്‌ നിര്‍മിച്ച റോമന്‍-ഇറ്റാലിക്‌ ഫോണ്ടുകള്‍ക്ക്‌ വിദേശങ്ങളില്‍ പോലും പ്രചാരം സിദ്ധിച്ചു. അമേരിക്കന്‍ സ്വാതന്ത്യ്രപ്രഖ്യാപനം അച്ചടിക്കുന്നതിന്‌ കാസ്‌ലോണ്‍ ഫോണ്ടുകളിലൊന്നാണ്‌ ഉപയോഗിച്ചതെന്നത്‌ ഇതിനു തെളിവാണ്‌. 19-ാം ശതകത്തിന്റെ ആരംഭത്തോടെ കാസ്‌ലോണ്‍ ടൈപ്പുകളുടെ ഉപയോഗം കുറഞ്ഞുവന്നു. എന്നാല്‍ 1845-ല്‍ ഹെന്‌റികോളിന്റെ നിര്‍ദേശപ്രകാരം കാസ്‌ലോണ്‍ ടൈപ്പുകള്‍ പുനഃപരിഷ്‌കരിക്കുകയും "ഡയറി ഒഫ്‌ ലേഡി വില്ലോബി' എന്ന കഥ (17-ാം നൂറ്റാണ്ട്‌) പ്രസിദ്ധീകരിക്കുവാന്‍ ചിസ്വിക്‌ പ്രസ്‌ ഈ ടൈപ്പ്‌ ഉപയോഗപ്പെടുത്തുകയും ചെയ്‌തിരുന്നു. കാസ്‌ലോണ്‍ ടൈപ്പിന്റെ പരിഷ്‌കരിച്ച മാതൃകകള്‍ ഇന്നും ചിലയിടങ്ങളില്‍ പ്രചാരത്തിലുണ്ട്‌. 1766 ജനു. 23-നു ലണ്ടനിലെ ബെത്‌നാള്‍ഗ്രിനില്‍ വച്ച്‌ കാസ്‌ലോണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍