This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്സിറർ, എണ്‍സ്റ്റ്‌ (1874 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്സിറർ, എണ്‍സ്റ്റ്‌ (1874 - 1945)

Cassirer, Ernst

എണ്‍സ്റ്റ്‌ കാസ്സിറര്‍

ജര്‍മന്‍ നിയോ-കാന്റിയന്‍ തത്ത്വചിന്തകന്‍. 1874 ജനു. 28-ന്‌ ദക്ഷിണ സൈലേഷ്യയിലുള്ള ബ്രസ്‌ലൗ എന്ന സ്ഥലത്തു ജനിച്ചു. ബര്‍ലിന്‍, ലൈപ്‌സിഗ്‌, ഹൈഡെല്‍ ബര്‍ഗ്‌, മാര്‍ബെര്‍ഗ്‌ എന്നീ സര്‍വകലാശാലകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാര്‍ബര്‍ഗ്‌ സര്‍വകലാശാലയില്‍ ഹെര്‍മന്‍ കൊഹെന്റെ ശിഷ്യനായിരുന്ന ഇദ്ദേഹം പില്‌ക്കാലത്ത്‌, മാര്‍ബര്‍ഗ്‌ സര്‍വകലാശാലയില്‍ ആരംഭിച്ച മാര്‍ബര്‍ഗ്‌ സ്‌കൂള്‍ ഒഫ്‌ നിയോ കാന്റിയനിസത്തിന്റെ വ്യാഖ്യാതാവായി.

ദ്‌ ഫിലോസഫി ഒഫ്‌ എണ്‍സ്റ്റ്‌ കാസ്സിറര്‍ എന്ന പുസ്‌തകത്തിന്റെ പുറംചട്ട

ബര്‍ലിന്‍ സര്‍വകലാശാലയില്‍ ഒരു പ്രീവാറ്റ്‌ ഡോട്‌സെന്റ്‌ (കുട്ടികളില്‍ നിന്നു പിരിക്കുന്ന ഫീസുമാത്രം പ്രതിഫലമായി ലഭിക്കുന്ന അധ്യാപകന്‍) ആയിട്ടാണ്‌ കാസ്സിറര്‍ തന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ ജര്‍മന്‍ സിവില്‍ സര്‍വീസില്‍ സേവനം അനുഷ്‌ഠിച്ചു. 1919-ല്‍ ആരംഭിച്ച ഹാംബര്‍ഗ്‌ സര്‍വകലാശാലയില്‍ തത്ത്വശാസ്‌ത്രത്തിന്റെ പ്രാഫസര്‍ ആയും 1930-ല്‍ അധ്യക്ഷന്‍ (Rector) ആയും നിയമിതനായി. നാസി പീഡനങ്ങളെ ഭയന്ന്‌ യഹൂദനായ കാസ്സിറര്‍ 1933-ല്‍ ഹാംബര്‍ഗിലെ ജോലി രാജിവച്ച്‌ ബ്രിട്ടനിലേക്കു പലായനം ചെയ്‌തു. തുടര്‍ന്ന്‌ ഓക്‌സ്‌ഫഡ്‌, ഗോട്ടെബോര്‍ഗ്‌ (സ്വീഡന്‍), യേല്‍ , കൊളംബിയ എന്നീ സര്‍വകലാശാലകളില്‍ പ്രാഫസറായി സേവനം അനുഷ്‌ഠിച്ചു. 1945 ഏ. 13-ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ വച്ച്‌ അന്തരിച്ചു. കാസ്സിററുടെ തത്ത്വചിന്ത പ്രധാനമായും സംസ്‌കാരത്തെ കേന്ദ്രീകരിച്ചാണ്‌ നിലകൊള്ളുന്നത്‌. നരവംശ ശാസ്‌ത്രം, ഭാഷാതത്ത്വശാസ്‌ത്രം, പ്രാചീന സംസ്‌കാരം, പുരാണേതിഹാസം, രാഷ്‌ട്രീയം, മതം, സാഹിത്യം, ശാസ്‌ത്രീയ രീതി തുടങ്ങിയ ഇതര വിഷയങ്ങളിലും ഇദ്ദേഹത്തിന്റെ ശ്രദ്ധ വ്യാപിച്ചിട്ടുണ്ട്‌. കൊഹെന്റെ നിയോ കാന്റിയനിസം, ഹെഗലിന്റെ ഗോചരൈകജ്ഞാനവാദം, ഹെര്‍ഡറുടെ ചരിത്ര തത്ത്വശാസ്‌ത്രം, ഹെര്‍ട്‌സിന്റെ ഭൗതിക ശാസ്‌ത്ര വീക്ഷണം എന്നിവ കാസ്സിററുടെ തത്ത്വചിന്തയെ സ്വാധീനിച്ചിരുന്നു.

ഇദ്ദേഹം തത്ത്വശാസ്‌ത്ര സംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. 1923-27 കാലത്തെഴുതിയ ഫിലോസഫി ദേര്‍സും ബോളിഷെന്‍ ഫൊര്‍മെന്‍ (പ്രതിരൂപങ്ങളുടെ തത്ത്വശാസ്‌ത്രം) ആണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി. മനുഷ്യ സൃഷ്‌ടിയുടെ എല്ലാ വശങ്ങളെക്കുറിച്ചും ഘടനാപരമായി ഇതില്‍ വിശകലനം ചെയ്‌തിട്ടുണ്ട്‌. മനുഷ്യ സംസ്‌കാരത്തിന്റെ വിവിധ ഘടകങ്ങളായ ഭാഷ, പുരാണേതിഹാസം, അറിവ്‌, ശാസ്‌ത്രം, കല, മതം എന്നിവയൊന്നും തന്നെ പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിനുള്ള നേരായ ഉപാധികളല്ല; മറിച്ച്‌ അവ മനുഷ്യന്റെ പ്രാചീന വിശ്വാസ പ്രമാണങ്ങളില്‍ നിന്നും ധാരണകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും ഉടലെടുത്തിട്ടുള്ള ധാരണയുടെ "വിവിധ ഭാവങ്ങള്‍' (Forms of apprehension) മാത്രമാണ്‌. മനുഷ്യമനസ്സിനു നൈസര്‍ഗികമായിട്ടുള്ള തോന്നല്‍ ഈ ഭാവനകളെ മുന്‍ വിധിയോടുകൂടി അംഗീകരിക്കുന്നു എന്നുമാത്രം. മനുഷ്യ മനസ്സിനു മനസ്സിലാകത്തക്ക വിധത്തില്‍ ലോകത്തിനു ഒരു ക്രമമില്ല; അതു മനുഷ്യമനസ്സിന്റെ സൃഷ്‌ടി മാത്രമാണ്‌. മനുഷ്യനെ മനസ്സിലാക്കണമെങ്കില്‍ അവന്റെ ഭാഷ മനസ്സിലാക്കണം. അവന്റെ വിശ്വാസ പ്രമാണങ്ങളും അനുഭവജ്ഞാനത്തിലൂടെയുള്ള പ്രവൃത്തികളുമാണ്‌ അമൂര്‍ത്തമായ ചിന്തയ്‌ക്കു രൂപം നല്‍ കുന്നത്‌. കാസ്സിററുടെ തത്ത്വചിന്ത മനുഷ്യന്റെ നാനാവിധത്തിലുള്ള അനുഭവങ്ങളെയും സ്‌പര്‍ശിക്കുന്നവയാണ്‌. ശാസ്‌ത്രീയജ്ഞാനം, ഇന്ദ്രിയാനുഭവത്തില്‍ നിന്നു ഗുണപരമായിതന്നെ വ്യത്യസ്‌തമാണെന്നും മിക്കപ്പോഴും അത്‌ അനുഭവബോധ്യങ്ങളുടെ നിരാകരണമാണെന്നും കാസ്സിറര്‍ സിദ്ധാന്തിച്ചു. ജ്ഞാനരൂപീകരണത്തില്‍ , ഗണിതശാസ്‌ത്രപരമായ താത്വികപരികല്‌പനകള്‍ക്കുള്ള സ്ഥാനം സ്ഥാപിച്ചെടുത്തു എന്നതാണ്‌ കാസ്സിററുടെ പ്രധാന ജ്ഞാനവിജ്ഞാനീയ സംഭാവന.

20-ാം നൂറ്റാണ്ടിലെ തത്ത്വശാസ്‌ത്രത്തെ വളരെയേറെ സ്വാധീനിച്ച കാസ്സിറയിന്‍ ചിന്തകള്‍ അര്‍ഥവിജ്ഞാനം, നരവംശശാസ്‌ത്രം, സാമൂഹ്യമനഃശ്ശാസ്‌ത്രം എന്നീ വിഷയങ്ങളെയും സ്വാധീനിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍ ആന്‍ എസ്സേ ഓണ്‍ മാന്‍ (1944); ലാംഗ്വേജ്‌ ആന്‍ഡ്‌ മിത്ത്‌ (1925); ഫിലൊസോഫി ദേര്‍ ഔഫ്‌ ക്‌ളേറൂങ്‌ (1932); ഡിറ്റര്‍മിനിസം ആന്‍ഡ്‌ ഇന്‍ഡിറ്റര്‍മിനിസം ഇന്‍ മോഡേണ്‍ ഫിസിക്‌സ്‌ (1937); റൂസ്‌സോ, കാന്റ,്‌ ഗോയ്‌ഥേ (1945); മിത്ത്‌ ആന്‍ഡ്‌ ദ്‌ സ്റ്റേറ്റ്‌ (1946) എന്നിവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍