This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്റ്റാഗ്നോ, ആന്‍ഡ്രിയാ ദെൽ (1421? - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്റ്റാഗ്നോ, ആന്‍ഡ്രിയാ ദെൽ (1421? - 57)

Castagno, Andrea del

ഇറ്റാലിയന്‍ ചിത്രകാരന്‍. നവോത്ഥാനത്തിന്റെ ആദ്യകാലങ്ങളിലെ പ്രമുഖ ചിത്രകാരന്‍മാരിലൊരാളായ ഇദ്ദേഹം ഫ്‌ളോറന്‍സിനു സമീപമുള്ള കാസ്റ്റാഗ്നോയില്‍ സാന്‍മാര്‍ട്ടിനോ എകൊറെല്ലാ എന്ന സ്ഥലത്തു ജനിച്ചു. ആന്‍ഡ്രിയയുടെ കുടുംബം കാസ്റ്റാഗ്നോയില്‍ താമസമുറപ്പിച്ചതിനെത്തുടര്‍ന്നാണ്‌ ആന്‍ഡ്രിയ കാസ്റ്റാഗ്നോ എന്ന പേരു സ്വീകരിച്ചത്‌. പ്രമുഖ ശില്‌പിയായ ഡൊനാറ്റെല്ലോയുടെ സ്വാധീനം ഇദ്ദേഹത്തിന്റെ പില്‌ക്കാലചിത്രങ്ങളില്‍ പ്രകടമായി കാണാവുന്നതാണ്‌.

"ലാസ്റ്റ്‌ സപ്പര്‍'-ആന്‍ഡ്രിയാ ദെല്‍ കാസ്റ്റാഗ്നോയുടെ രചന

17 വയസ്സുള്ളപ്പോള്‍ത്തന്നെ കാസ്റ്റാഗ്നോ ചിത്രരചനയില്‍ പ്രശസ്‌തനായി. മെഡിസിക്കെതിരെ തിരിഞ്ഞതിന്റെ ഫലമായി തൂക്കിക്കൊല്ലപ്പെട്ട കുറ്റവാളികളുടെ ഫ്രസ്‌കോയാണ്‌ കാസ്റ്റാഗ്നോയുടെ ആദ്യകാല രചനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഈ ഫ്രസ്‌കോ രചിച്ചതുകൊണ്ട്‌ കാസ്റ്റാഗ്നോയ്‌ക്ക്‌ "തൂക്കികൊല്ലപ്പെട്ടവരുടെ ആന്‍ഡ്രിയ' എന്ന ഇരട്ടപ്പേരും സിദ്ധിച്ചു. തുടര്‍ന്ന്‌ വെനിസിലെത്തിയ കാസ്റ്റാഗ്നോ സെന്റ്‌ സക്കറിയാ ദേവാലയത്തിനുവേണ്ടി ഫ്രസ്‌കോകള്‍ രചിക്കുന്നതിന്‌ നിയോഗിക്കപ്പെട്ടു. സെന്റ്‌ സക്കറിയാ ദേവാലയത്തില്‍ വരച്ച ഫ്രസ്‌കോ ചൈതന്യവത്തും മഹനീയവുമാണ്‌. 1443-ല്‍ ടസ്‌കനിയില്‍ എത്തിയ കാസ്റ്റാഗ്നോ വാന്‍ ദെല്ലസീകിയിലെ കാസ്റ്റെല്ലോ ദെല്‍ ട്രബിയാ ദേവാലയത്തിനുവേണ്ടി മഡോണ ആന്‍ഡ്‌ ചൈല്‍ ഡ്‌ എന്ന ഫ്രസ്‌കോ രചിച്ചു. ഫ്‌ളൊറന്‍സ്‌ ദേവാലയം, സെന്റ്‌ അപ്പളോണിയാ ദേവാലയം തുടങ്ങിയവയ്‌ക്കുവേണ്ടി കാസ്റ്റാഗ്നോ നിരവധി ഫ്രസ്‌കോകള്‍ രചിച്ചിട്ടുണ്ട്‌. ഇതിനുപുറമേ നിരവധി ഛായാചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്‌. കാസ്റ്റാഗ്നോയുടെ പ്രമുഖ രചനകള്‍ "മഡോണ ആന്‍ഡ്‌ ചൈല്‍ഡ്‌', "ലാസ്റ്റ്‌ സപ്പര്‍, പാഷല്‍ ഒഫ്‌ ക്രൈസ്റ്റ്‌', "അസംപ്‌ഷന്‍ റിസറക്ഷന്‍ ഒഫ്‌ ദ വെര്‍ജിന്‍', "ഡേവിഡ്‌', "ഫേമസ്‌ മെന്‍ അന്‍ഡ്‌ വിമന്‍', "സെന്റ്‌ ജൂലിയന്‍', "ലാസാറസ്‌', "മാര്‍ത്താ ആന്‍ഡ്‌ ദ മഗ്‌ദെലന്‍', "ക്രൂസിഫിക്ഷന്‍' എന്നിവയാണ്‌. കാസ്റ്റാഗ്നോയുടെ രചനകളില്‍ അവശേഷിച്ചിട്ടുള്ളവയില്‍ ഭൂരിഭാഗവും ഫ്‌ളോറന്‍സിലെ സെന്റ്‌ അപ്പളോണിയാ ദോവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ചില ചിത്രങ്ങള്‍ വാഷിങ്‌ടണ്‍ ഡി.സി.യിലെ നാഷണല്‍ ഗാലറിയിലുമുണ്ട്‌. പ്ലേഗുരോഗം പിടിപെട്ടതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം 1457 ആഗ. 19-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍