This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസിറ്ററൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസിറ്ററൈറ്റ്‌

Cassiterite

കാസിറ്ററൈറ്റ്‌

വെളുത്തീയത്തിന്റെ ഒരു പ്രമുഖ അയിര്‌ (ധാതു). വെളുത്തീയക്കല്ല്‌ എന്നു സാധാരണ വിളിക്കപ്പെടുന്ന ഘനമേറിയ ഈ ധാതുവിന്റെ നിറം ചുവപ്പോ തവിട്ടോ ആയിരിക്കും. വെളുത്തീയത്തിന്റെ ഗ്രീക്ക്‌ പദമായ "കാസിറ്റെറോസ്‌' എന്നതില്‍ നിന്നാണ്‌ ധാതുവിന്‌ ഈ പേര്‍ നിഷ്‌പാദിച്ചിട്ടുള്ളത്‌. കാഠിന്യമേറിയതും ലോഹദ്യുതിയുള്ളതുമായ കാസിറ്ററൈറ്റിന്റെ ഫോര്‍മുല SnO₂ ആണ്‌. കാസിറ്ററൈറ്റിന്റെ സവിശേഷമായ യുഗ്മപരലുകളെ വൈസര്‍ ടിന്‍ എന്നു വിശേഷിപ്പിക്കുന്നു. തന്തുരൂപത്തിലുള്ള സമുച്ചയമായോ, പരല്‍ സഞ്ചയമായോ സാധാരണ ഇത്‌ അവസ്ഥിതമാവുന്നു. തികച്ചും ശുദ്ധമായ കാസിറ്ററൈറ്റ്‌ പരലുകള്‍ക്ക്‌ ശുഭ്രവര്‍ണമാണെങ്കിലും ഇരുമ്പിന്റെ അംശം സാധാരണ മാലിന്യമായി ഉള്‍ക്കൊള്ളുന്നതിനാല്‍ ചുവപ്പു കലര്‍ന്ന പലനിറങ്ങളിലും ഇത്‌ കാണപ്പെടുന്നു.

ഗ്രാനൈറ്റ്‌, പെഗ്മടൈറ്റ്‌ എന്നീ ആഗ്നേയശിലകളില്‍ പ്രാഥമിക ഘടകമെന്നോണം കാസിറ്ററൈറ്റ്‌ അവസ്ഥിതമാണ്‌. എന്നാല്‍ ഈ അയിരിന്റെ സാമ്പത്തിക പ്രാധാന്യമുള്ള സഞ്ചയങ്ങള്‍ പ്ലാസര്‍ (Placer) നിക്ഷേപങ്ങളിലും ഉഷ്‌ണജലീയ സിരകളിലും ( hydro thermal veins) ആണ്‌ ഉളളത്‌. ക്വാര്‍ട്ട്‌സ്‌ സിരകള്‍ക്കുള്ളിലും ടൂര്‍മലിന്‍, ടോപാസ്‌, വൊള്‍ഫ്രമൈറ്റ്‌ എന്നീ ധാതുക്കളോടൊപ്പം ചില ആഗ്നേയ ശിലകളിലും കാസിറ്ററൈറ്റ്‌ കാണപ്പെടുന്നു. ആദ്യമായി 15-ാം ശതകത്തില്‍ മധ്യയൂറോപ്പിലെ സാക്‌സണി, ബൊഹീമിയ എന്നിവിടങ്ങളില്‍ നിന്നാണ്‌ കാസിറ്ററൈറ്റ്‌ ഉത്‌ഖനനം ചെയ്യപ്പെട്ടിരുന്നത്‌; 18,19, ശതകങ്ങളില്‍ ഇത്‌ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെട്ടിരുന്നത്‌ ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ നിന്നാണ്‌. മലേഷ്യ, ഇന്തോനേഷ്യ, ബൊളീവിയ, സയ്‌ര്‍, ചൈന. തായ്‌ലന്‍ഡ്‌, നൈജീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ കാസിറ്ററൈറ്റ്‌ അവിക്ഷിപ്‌ത നിക്ഷേപങ്ങളായോ പ്ലേസര്‍ നിക്ഷേപങ്ങളായോ അവസ്ഥിതമായിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍