This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസിന്‍, റെനെ സാമുവൽ (1887 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസിന്‍, റെനെ സാമുവൽ (1887 - 1976)

Cassin, Rene Samuel

റെനെ സാമുവല്‍ കാസ്സിന്‍

നോബല്‍ സമ്മാനിതനായ ഫ്രഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍. "അന്താരാഷ്‌ട്ര മനുഷ്യാവകാശപ്രഖ്യാപനം' തയ്യാറാക്കിയതില്‍ ഒരു നിയമജ്ഞന്‍കൂടിയായ കാസിന്‍ റെനെ വഹിച്ച മുഖ്യപങ്കാണ്‌ 1968-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ഇദ്ദേഹത്തിന്‌ നേടിക്കൊടുത്തത്‌. ഇതേവര്‍ഷം തന്നെ യു.എന്‍. മനുഷ്യാവകാശ പുരസ്‌കാരവും കാസിനു ലഭിച്ചിരുന്നു.

1887-ല്‍ ഗബ്രിയേല്‍ കാസിന്റെയും ഹെന്‌റികാസിന്റെയും മകനായി ഫ്രാന്‍സിലെ ബയോന്നയിലാണ്‌. ഇദ്ദേഹം ജനിച്ചത്‌. വിദ്യാഭ്യാസാനന്തരം 1909-ല്‍ പാരിസില്‍ നിയമജ്ഞനായി സേവനമനുഷ്‌ഠിച്ച റെനെ കാസിന്‍ ഒന്നാം ലോകയുദ്ധത്തില്‍ സൈനികസേവനവും അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1916-ല്‍ അയ്‌ക്‌സി(Aix)ലും 1920 മുതല്‍ ലില്ലി(Lille)ലും നിയമാധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം തുടര്‍ന്ന്‌ പാരിസ്‌ സര്‍വകലാശാലയില്‍ അധ്യാപകനാവുകയും (1929) 1960-ല്‍ അധ്യാപനരംഗത്ത്‌ നിന്ന്‌ വിരമിക്കുന്നതുവരെ അവിടെ തുടരുകയും ചെയ്‌തു.

യു.എന്‍. മനുഷ്യാവകാശ കമ്മീഷന്‍ യോഗത്തില്‍ റെനെ സാമുവല്‍ കാസ്സിന്‍ (1949)

ഫ്രഞ്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌മിനിസ്‌ട്രറ്റിവ്‌ സയന്‍സസ്‌ (French Institute of Administrative Sciences-IFSA) സ്ഥാപിച്ചത്‌ (1947) കാസ്സിന്‍ റെനെയാണ്‌. ഉടമ്പടികള്‍, പിന്തുടര്‍ച്ചാവകാശം, സ്‌ത്രീ-പുരുഷ സമത്വം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച്‌ നിയമശാസ്‌ത്ര പ്രബന്ധങ്ങള്‍ രചിച്ച ഇദ്ദേഹം നിയമ വിജ്ഞാനീയത്തിനു നല്‌കിയ സംഭാവനകളും ഏറെ ശ്രദ്ധേയമായിട്ടുണ്ട്‌. 1924-38 കാലയളവില്‍ ലീഗ്‌ ഒഫ്‌ നേഷന്‍സിലെ ഫ്രഞ്ചു പ്രതിനിധിയായിരുന്ന ഇദ്ദേഹം പല ഉന്നതപദവികളും വഹിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ഫ്രഞ്ച്‌ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കമ്മിഷണറായിരുന്നു കാസ്സിന്‍. 1944-60 കാലയളവില്‍ കൗണ്‍സില്‍ ഒഫ്‌ സ്റ്റേറ്റിന്റെ വൈസ്‌ ചെയര്‍മാന്‍ പദവി വഹിച്ച ഇദ്ദേഹം 1945-ല്‍ നാഷണല്‍ സ്‌കൂള്‍ ഒഫ്‌ അഡ്‌മിസ്റ്റ്രഷന്റെ പ്രസിഡന്റായും 1960-ല്‍ ഫ്രഞ്ച്‌ നാഷണല്‍ ഓവര്‍സീസ്‌ സെന്റര്‍ ഒഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ്റഡീസിന്റെ പ്രസിഡന്റായും നിയമിതനായി. ഹേഗിലെ കോര്‍ട്ട്‌ ഒഫ്‌ ആര്‍ബിട്രഷന്റെ പ്രസിഡന്റ്‌ (1950-60), 1949-ല്‍ വേള്‍ഡ്‌ ഫെഡറേഷന്‍ ഒഫ്‌ ഡമോക്രാറ്റിക്‌ ജസ്റ്റിസിന്റെ പ്രസിഡന്റ്‌, യൂറോപ്പിലെ മനുഷ്യാവകാശകോടതിയുടെ പ്രസിഡന്റ്‌ (1965-68), സൊസൈറ്റി ഒഫ്‌ കംപാരിറ്റിവ്‌ ലെജിസ്ലേച്ചറിന്റെ പ്രസിഡന്റ്‌ (1952-56), യു.എന്‍. മനുഷ്യാവകാശ കമ്മിഷന്‍ വൈസ്‌ ചെയര്‍മാന്‍ (1946-55), ചെയര്‍മാന്‍ (1955-57), ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌മിനിസ്റ്റ്രറ്റീവ്‌ സയന്‍സസിന്റെ പ്രസിഡന്റ്‌ (1953-56), 1956-ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഡിപ്ലോമാറ്റിക്‌ സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ച്ചിന്റെ പ്രസിഡന്റ്‌ തുടങ്ങി നിരവധി ഉന്നതപദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്‌.

"ഫ്രഞ്ച്‌ ഫെഡറേഷന്‍ ഒഫ്‌ ഡിസേബിള്‍ഡ്‌ വാര്‍ വെറ്ററന്‍സ്‌' എന്നപേരില്‍ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കായുള്ള സംഘടന സ്ഥാപിച്ചത്‌ (1918) കാസിന്‍ റെനെയാണ്‌. 1976 ഫെ. 20-ന്‌ പാരിസില്‍ വച്ച്‌ അന്തരിച്ച കാസിന്‍ റെനെയുടെ പേരില്‍ ഒരു മനുഷ്യാവകാശസംഘടന 2000 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍