This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസിം ബസാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസിം ബസാർ

Kasim bazar

കാസിം ബസാര്‍

പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദ്‌ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു പട്ടണം. 17-ഉം 18-ഉം ശതകങ്ങളില്‍ ഇന്ത്യയിലുണ്ടായിരുന്ന പ്രമുഖ നഗരങ്ങളിലൊന്നായിരുന്നു കാസിം ബസാര്‍. ഗംഗയുടെ പോഷകനദിയായ ഭാഗീരഥിയുടെ തീരത്തു സ്ഥിതിചെയ്യുന്നു. ബംഗാള്‍ നവാബുമാരുടെ തലസ്ഥാനമായിരുന്ന മുര്‍ഷിദാബാദിനും ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന കല്‍ ക്കത്തയ്‌ക്കും മധ്യേ സ്ഥിതിചെയ്‌തിരുന്ന ഈ പട്ടണത്തില്‍ അധിവസിച്ചിരുന്ന വിദഗ്‌ധരായ തൊഴിലാളികള്‍ വളരെ വിശേഷപ്പെട്ട പരുത്തി വസ്‌ത്രങ്ങളും റ്റാഫെറ്റാ പട്ടും നിര്‍മിച്ചിരുന്നു. വലിയ തോക്കുകള്‍ ഘടിപ്പിക്കുന്നതിനുള്ള വണ്ടികളും ഇവിടെ നിര്‍മിച്ചിരുന്നു. 1663 മുതല്‌ക്കുതന്നെ ഇവിടെ ഡച്ച്‌, ബ്രിട്ടീഷ്‌ വണിക്കുകള്‍ ഫാക്‌ടറികള്‍ സ്ഥാപിച്ചു ചരക്കുകള്‍ കല്‍ ക്കത്തയിലേക്കും അവിടെനിന്ന്‌ വിദേശത്തേക്കും അയയ്‌ക്കുകയും ചെയ്‌തിരുന്നു. അറംഗസീബിന്റെ കാലത്ത്‌ (1658-1707) ബംഗാള്‍ ഗവര്‍ണറായിരുന്ന മിര്‍ ജുംലാ 1659-ല്‍ കാസിം ബസാറിലെ ബ്രിട്ടീഷുകാരുടെ വ്യാപാരം നിര്‍ത്തലാക്കിയെങ്കിലും 1660-ല്‍ അത്‌ വീണ്ടും ആരംഭിക്കുവാനുള്ള സമ്മതം നല്‌കി. 1686-ല്‍ ബംഗാള്‍ നവാബ്‌ ബ്രിട്ടീഷ്‌ ഫാക്‌ടറി വീണ്ടും പിടിച്ചെടുത്തുവെങ്കിലും 1690-ല്‍ അതു മടക്കികൊടുത്തു. 18-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി ഈ നഗരം ക്ഷയോന്മുഖമായി. ഇക്കാലത്ത്‌ ബംഗാളില്‍ എത്തിയ മഹാരാഷ്‌ട്രര്‍ കാസിം ബസാര്‍ കൈവശപ്പെടുത്തുകയും കല്‍ ക്കത്തയിലേക്കു പോകുന്ന ബ്രിട്ടീഷ്‌ കപ്പലുകളെ തടയുകയും ചെയ്‌തു. അലി വര്‍ദിഖാന്റെ ഭരണകാലത്താണ്‌ ബ്രിട്ടീഷ്‌ കച്ചവടസംഘം കാസിം ബസാറില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്‌. കാസിം ബസാറിനെ സംരക്ഷിക്കാന്‍ പട്ടാളക്കാര്‍ നിര്‍ബന്ധിതരായി. 1751-ലെ മഹാരാഷ്‌ട്രരുടെ ആക്രമണം ഈ നഗരത്തിന്‌ പല നാശനഷ്‌ടങ്ങളും വരുത്തിവച്ചു. അലി വര്‍ദിഖാന്‍ അന്തരിച്ചപ്പോള്‍ (1756) അദ്ദേഹത്തിന്റെ മകന്‍ സിറാജ്‌-ഉദ്‌-ദൗള, കാസിംബസാര്‍ പിടിച്ചെടുക്കുകയും അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ്‌ ഫാക്‌ടറി പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ സഹായിയായ വാറന്‍ ഹേസ്റ്റിങ്‌സിനെയും മൂര്‍ഷിദാബാദിലേക്ക്‌ കൊണ്ടുപോവുകയും ചെയ്‌തു. "കല്‍ ക്കത്തയിലെ ഇരുട്ടറവധം' എന്ന കെട്ടുകഥ സൃഷ്‌ടിച്ച ഹോള്‍വെല്ലും ഇവിടെ കമ്പനി ജീവനക്കാരനായിരുന്നു. 1757-ലെ പ്ലാസിയുദ്ധത്തിനുശേഷം കാസിംബസാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1770-ലെ വലിയ ക്ഷാമത്തിനുഷേഷം ഈ പട്ടണം ക്ഷയിച്ചു. 1813-ല്‍ ഭാഗീരഥി നദി കാസിം ബസാറില്‍ നിന്ന്‌ 5 കി. മീ. അകലെ ഗതി മാറിയൊഴുകിയതോടെ ഈ പട്ടണത്തിന്റെ പ്രതാപം അസ്‌തമിച്ചു.

(പ്രാഫ. സെയ്യദ്‌ മൊഹിയുദ്ദിന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍