This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസനോവ ദെ സീന്‍ഗാള്‍ട്ട്‌, ഗിയാകോമോ (1725 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസനോവ ദെ സീന്‍ഗാള്‍ട്ട്‌, ഗിയാകോമോ (1725 - 98)

Casanova de Seingalt Giacomo

കാസനോവ

ഇറ്റാലിയന്‍ സാഹസികനും ഗ്രന്ഥകാരനും. വെനിസ്‌ നഗരത്തില്‍ 1725 ഏ. 2-നു ജനിച്ചു. അച്ഛനുമമ്മയും അഭിനേതാക്കളായിരുന്നു. പാദുവാ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം സെന്റ്‌ സൈപ്രിയാന്‍ സെമിനാരിയില്‍ പൗരോഹിത്യ വിദ്യാഭ്യാസം നടത്തി. ഒരു ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട്‌ സെമിനാരിയില്‍ നിന്ന്‌ ബഹിഷ്‌കൃതനായ ഇദ്ദേഹം തുടര്‍ന്ന്‌ 1744-ല്‍ റോമിലെ കര്‍ദിനാള്‍ അക്വാവിവയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടെങ്കിലും ഏറെത്താമസിയാതെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ ഈ സ്ഥാനത്തുനിന്നും പുറന്തള്ളപ്പെട്ടു. തുടര്‍ന്ന്‌ റോം വിടാന്‍ നിര്‍ബന്ധിതനായ കാസനോവ നേപിള്‍സ്‌, കോര്‍ഫു, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം വെനീസിലെത്തി വയലിന്‍ വാദകനായും ഐന്ദ്രജാലികനായും ഉപജീവനം കഴിച്ചു. 1749-ല്‍ വെനീസില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന ഇദ്ദേഹം ലിയോണ്‍, ഡ്രസ്‌ഡെന്‍, പ്രഗ്‌, വിയന്ന, പാരിസ്‌ എന്നിവിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. പാരിസ്‌ നഗരം കാസനോവയുടെ ഭോഗലാലസമായ ജീവിതത്തിനു അനുകൂലമായിരുന്നു. ചൂതുകളിയായിരുന്നു പ്രധാന ധനാഗമമാര്‍ഗം. 1755-ല്‍ വെനീസില്‍ തിരിച്ചെത്തിയ കാസനോവ ദുര്‍വൃത്തിയുടെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 15 മാസക്കാലം ജയില്‍ വാസമനുഭവിച്ച ഇദ്ദേഹം 1756-ല്‍ ജയിലില്‍ നിന്ന്‌ ഒളിച്ചോടി. ഈ സംഭവത്തെപ്പറ്റി കാസനോവ തന്റെ ആത്മകഥയില്‍ സരസമായി വര്‍ണിച്ചിട്ടുണ്ട്‌.

1757-ല്‍ ഇദ്ദേഹം വീണ്ടും പാരിസിലെത്തിയ കാസനോവ രാജ്ഞിയുടെ പ്രത്യേക പ്രീതിക്കുപാത്രമാവുകയും അവിടെ ഒരു ഉയര്‍ന്ന ജോലിയില്‍ നിയമിക്കപ്പെടുകയും ചെയ്‌തു. അക്കാലത്തെ പല മഹാരഥന്മാരുമായും പ്രത്യേകിച്ച്‌ ലൂയി XV, റൂസ്സോ, വോള്‍ട്ടയര്‍, കാഗ്ലിയോസ്‌ട്രാ തുടങ്ങിയവരുമായി കാസനോവ ഉറ്റസമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു കാസനോവയുടേത്‌. യൂറോപ്പിലുടനീളം ഇദ്ദേഹം സഞ്ചരിച്ചു. 1775-ല്‍ വെനിസിലേക്കു മടങ്ങിയെത്തിയ ഇദ്ദേഹം 1782-ല്‍ നാട്ടില്‍ നിന്ന്‌ ഒളിച്ചോടാന്‍ നിര്‍ബന്ധിതനായി. മൂന്നുവര്‍ഷക്കാലം ഒരു നാടോടിയായി ചുറ്റിത്തിരിഞ്ഞ കാസനോവയെ 1785-ല്‍ ബൊഹീമിയയിലെ വാള്‍ഡ്‌സ്‌റ്റെയില്‍ പ്രഭു തന്റെ സെക്രട്ടറിയായും ഡക്‌സ്‌ കൊട്ടാരത്തിലെ ലൈബ്രറിയനായും നിയമിച്ചു. പില്‌ക്കാലജീവിതം അവിടെത്തന്നെ കഴിച്ചുകൂട്ടി.

1792-ല്‍ കാസനോവ തന്റെ ഓര്‍മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങി. 1774 വരെയുള്ള ജീവിതം ഈ കുറിപ്പുകളില്‍ ഉള്‍ക്കൊള്ളുന്നു. തന്റെ അസാധാരണമായ സാഹസികജീവിതത്തെ ഒരു അശുഭാപ്‌തി വിശ്വാസിയുടെ അസന്തുഷ്‌ടിയോടുകൂടി ഇദ്ദേഹം വിവരിക്കുന്നു. അതോടൊപ്പം സമകാലികസമൂഹത്തിന്റെ ചൈതന്യവത്തായ ചിത്രീകരണവും നിര്‍വഹിക്കുന്നു. ചിത്രീകൃതസംഭവങ്ങളുടെ ആധികാരികതയെപ്പറ്റി അഭിപ്രായാന്തരമുണ്ട്‌. ആരാധ്യതയിലേക്കുയരുവാനാഗ്രഹിച്ച ഇദ്ദേഹം സ്വജീവിതത്തെ നാടകീയമാക്കാന്‍ ശ്രമിച്ചുവെന്നാണ്‌ പണ്ഡിതമതം. ഫ്രഞ്ചുഭാഷയില്‍ എഴുതപ്പെട്ട അനുസ്‌മരണം 19-ാം ശതകത്തിന്റെ ആദ്യപാദത്തില്‍ ജര്‍മന്‍ ഭാഷയിലേക്കു വിവര്‍ത്തനംചെയ്യപ്പെട്ടു. വിശ്വപ്രസിദ്ധിയാര്‍ജിച്ച ഈ ആത്മകഥയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനവും (History of My Life 12 Vols. 1966-71) പ്രസിദ്ധീകൃതമായി.

ഇദ്ദേഹം 1798 ജൂണ്‍ 4-നു ഡക്‌സില്‍ വച്ചു നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍