This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഷ്‌ഗർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഷ്‌ഗർ

Kashgar

കാഷ്‌ഗര്‍ നഗരം

പശ്ചിമ ചൈനയില്‍ സിങ്കിയാങ്‌ ഉയിഗുര്‍ പ്രവിശ്യയിലെ ഒരു നഗരം. കാഷ്‌ഗര്‍ എന്നത്‌ നഗരത്തിന്റെ പ്രാദേശിക നാമമാണ്‌. ചൈനീസ്‌ ഭാഷയില്‍ കാ-ഷി (Ka-shih (Kashi) എന്നാണ്‌ ഈ നഗരം അറിയപ്പെടുന്നത്‌. പ്രാദേശികഭാഷയില്‍ വിവിധനിറത്തിലുള്ള (കാഷ്‌) ഇഷ്‌ടികകൊണ്ടുള്ള മന്ദിരങ്ങള്‍ (ഗര്‍) എന്നാണ്‌ കാഷ്‌ഗര്‍ എന്ന പദത്തിന്റെ അര്‍ഥം. സു-ഫു, സു-ലോ എന്നീ രണ്ടു പട്ടണങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌ കാഷ്‌ഗര്‍. നഗരജനസംഖ്യ: 3.83 ദശലക്ഷം (2007). താരിം തടത്തിന്റെ പടിഞ്ഞാറേയറ്റത്തായി കിസില്‍ സു (Kizil Su) നദിക്കരയിലാണ്‌ കാഷ്‌ഗര്‍ നഗരം സ്ഥിതിചെയ്യുന്നത്‌. നഗരത്തിനു ചുറ്റുമുള്ള മരുപ്പച്ച ഫലഭൂമിയിഷ്‌ഠമാണ്‌. ധാന്യങ്ങള്‍, പരുത്തി, പഴം-പച്ചക്കറി തുടങ്ങിയവയുടെ കൃഷിയിടങ്ങളാല്‍ സമ്പന്നമായ ഈ പ്രദേശത്ത്‌ ഭൂഗര്‍ഭ കനാലുകള്‍ ഉള്‍പ്പെടെയുള്ള ജലസേചനസൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. തുകല്‍ ഉത്‌പന്നങ്ങള്‍, പരവതാനികള്‍, കമ്പിളിയുത്‌പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്‌പാദനവും ഈ മേഖലയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്‌.

1759-ല്‍ സ്ഥാപിതമായ മുസ്‌ലിം അധിവാസകേന്ദ്രമാണ്‌ സു-ഫു. ഇതിനെ 1838-ല്‍ പുനരുദ്ധാരണം ചെയ്‌തു. സു-ലോ അതിനുമുമ്പുതന്നെ ഒരു ചെറിയ പട്ടണമായി വളര്‍ന്നിരുന്നു. പ്രധാനമായും ഒരു വാണിജ്യകേന്ദ്രമാണ്‌ കാഷ്‌ഗര്‍. ഏറെ ചരിത്രപ്രാധാന്യമുള്ള "സില്‍ ക്‌പാത'(Silk Route)യുടെ രണ്ടു ശാഖകള്‍ കാഷ്‌ഗറിലാണ്‌ സംഗമിച്ചിരുന്നത്‌. ചൈനയെയും മധ്യ-പൂര്‍വ ദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാതകള്‍ കാഷ്‌ഗറില്‍ സന്ധിച്ചശേഷം പര്‍വതനിരകള്‍ മുറിച്ചുകടന്ന്‌ മധ്യേഷ്യ വരെ എത്തിയിരുന്നു. കാഷ്‌ഗറിനു തെക്കു നിന്നാരംഭിക്കുന്ന മറ്റൊരുപാത കാരക്കോറം ചുരംവഴി ഇന്ത്യന്‍ ഉപദ്വീപിനെ ഈ പ്രദേശവുമായി ബന്ധിപ്പിച്ചു. പുരാതനകാലത്ത്‌ ഈ പാതകളിലൂടെയാണ്‌ ചീനര്‍ യൂറോപ്പ്‌, ഇന്ത്യ എന്നിവിടങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നത്‌. പ്രസിദ്ധ യാത്രികനായിരുന്ന മാര്‍ക്കോപോളോയും ആദ്യകാലത്തെ ബുദ്ധമത സന്ന്യാസികളും ഈ പ്രദേശത്തിലൂടെയാണ്‌ ഭാരതത്തില്‍ നിന്നും ചൈനയിലേക്കു കടന്നത്‌.

എ.ഡി. 3-ാം ശതകത്തില്‍ പേര്‍ഷ്യയിലെ സസ്സാനിദ്‌ രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്ന കാഷ്‌ഗര്‍ പിന്നീട്‌ ചൈനയിലെ തങ്‌ രാജവംശത്തിന്റെ ആധിപത്യത്തിലായി. 8-ാം ശതകത്തിലെ നഗരചരിത്രം അറബികളുടെ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഇസ്‌ലാമിക്‌ ആധിപത്യമുള്ള ഈ പ്രദേശത്ത്‌ ഉയിര്‍ ഗോത്രങ്ങള്‍ മേധാവിത്വം സ്ഥാപിച്ചതോടെ ചൈനീസ്‌ സ്വാധീനം നഷ്‌ടപ്പെട്ടു. 18-ാം ശതകത്തിലാണ്‌ ഈ പ്രദേശം വീണ്ടും ചൈനീസ്‌ ആധിപത്യത്തിലാവുന്നത്‌.

(എസ്‌. ഗോപിനാഥന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B7%E0%B5%8D%E2%80%8C%E0%B4%97%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍