This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഷ്വാറിനേൽസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഷ്വാറിനേൽസ്‌

Casuarinales

കാഷ്വാറിനേല്‍ സ്‌-ജിംനോസ്റ്റോമ

ദ്വിബീജപത്രകവിഭാഗത്തിലെ ഒരു ഗോത്രം. വെര്‍ട്ടിസില്ലേറ്റെ എന്ന പേരിലും ഈ ഗോത്രം അറിയപ്പെടുന്നു. ഈ ഗോത്രത്തില്‍ ഒരു കുടുംബം (കാഷ്വാറിനേസീ) മാത്രമേയുള്ളൂ. ജന്മദേശമായ ആസ്റ്റ്രലിയയിലാണ്‌ മുഖ്യമായും ഈ ഗോത്രത്തിലെ ചെടികള്‍ കാണപ്പെടുന്നതെങ്കിലും ഏഷ്യയിലെ തെക്കുകിഴക്കന്‍ ഉഷ്‌ണമേഖലാപ്രദേശങ്ങള്‍, മാസ്‌കറീന്‍ (Mascarene) ദ്വീപുകള്‍, പസിഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകള്‍ എന്നിവിടങ്ങളിലും ധാരാളമായി വളരുന്നു. ഈ ഗോത്രത്തിലെ കാറ്റാടി (കാഷ്വറിന ഇക്വിസെറ്റി ഫോളിയ), "ആസ്റ്റ്രലിയന്‍ പൈന്‍', "ഷീ-ഓക്‌' എന്നീ പേരുകളില്‍ പ്രസിദ്ധമാണ്‌. ഇവയ്‌ക്ക്‌ ദൂരക്കാഴ്‌ചയില്‍ പൈന്‍മരങ്ങളോട്‌ സാദൃശ്യമുണ്ട്‌.

കാഷ്വാറിനേല്‍ സിലെ അംഗങ്ങള്‍ നിത്യഹരിത കുറ്റിച്ചെടികളോ വൃക്ഷങ്ങളോ ആണ്‌. മരുസസ്യങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുന്ന ഇവയ്‌ക്ക്‌ പച്ചനിറമുള്ള ശാഖോപശാഖകളും ശല്‌കങ്ങളുമാണുള്ളത്‌. നൂലുപോലുള്ള ഉപശാഖകളുടെ പര്‍വ സന്ധികളില്‍ ഇലകള്‍ വൃത്താകാരത്തില്‍ ക്രമീകരിച്ചിരിക്കും. 4 മുതല്‍ 16 വരെയുള്ള ചുറ്റുകളായാണ്‌ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ആണ്‍പൂക്കളും പെണ്‍പൂക്കളും വെണ്ണേറെയുണ്ട്‌. ചെറുശാഖകളുടെ അഗ്രത്തായി കാണപ്പെടുന്ന ആണ്‍പുഷ്‌പ മഞ്‌ജരികള്‍ "ക്യാറ്റ്‌കിന്‍' (catkin) എന്നറിയപ്പെടുന്നു. പരിദളപുടവും (perianth) ഒരൊറ്റ കേസരവും മാത്രമടങ്ങിയ ആണ്‍പൂവ്‌ ഒരു സഹപത്രത്തിന്റെ കക്ഷ്യത്തില്‍ നിന്നുമാണ്‌ പുറപ്പെടുന്നത്‌. ഇവ ഒരുജോടി പാര്‍ശ്വസഹപത്രങ്ങള്‍കൊണ്ട്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വൃത്താകാരമായ അടുക്കുകളായി സ്ഥിതിചെയ്യുന്ന ഇവയുടെ ഒരു വൃത്തത്തിലുള്ള പൂക്കളുടെ സഹപത്രങ്ങളെല്ലാം ഒന്നുചേര്‍ന്ന്‌ ചെറുപുഷ്‌പങ്ങള്‍ക്കു സംരക്ഷണം നല്‌കുന്ന ഒരു "ഷീത്താ'യിട്ടാണ്‌ കാണപ്പെടുന്നത്‌. പൂവിലെ ഏകകേസരത്തിന്‌ ഒരു ചെറിയ തന്തുകവും രണ്ടുപാളികളുള്ള ഒരു പരാഗകോശവുമുണ്ട്‌. നീളം കുറഞ്ഞ ഉപശാഖകളുടെ അഗ്രത്ത്‌ കൂട്ടംകൂട്ടമായിട്ടാണ്‌ പെണ്‍പൂക്കള്‍ കാണപ്പെടുന്നത്‌. സഹപത്രങ്ങളുടെ കക്ഷ്യങ്ങളില്‍ കാണപ്പെടുന്ന ഓരോ പൂവിനും ഒരു ജോടി സഹപത്രകവും (bracteoles) രെണ്ട്‌ അണ്ഡപര്‍ണങ്ങള്‍ ചേര്‍ന്ന ഒരു അണ്ഡാശയവും നീളംകൂടിയ രണ്ടു വര്‍ത്തികാഗ്ര(stigma)ങ്ങളുമുണ്ട്‌. പക്വമാകുമ്പോള്‍ അണ്ഡാശയത്തിന്‌ ഒരു അറമാത്രമേ ഉണ്ടാകൂ. രണ്ട്‌ "ഇന്‍റ്റെഗുമെന്റു'കള്‍ വീതമുള്ള ബീജാണ്ഡങ്ങള്‍ (ovules) ഉെണ്ടായിരിക്കും. ബീജസങ്കലനാനന്തരമുള്ള ഒരു അണ്‌ഡം നശിച്ചുപോവുകയാണ്‌ പതിവ്‌. ഒരു വിത്തു മാത്രമുള്ള "സമാറ'യാണ്‌ ഫലം. അണ്ഡാശയങ്ങളെ പൊതിഞ്ഞുകാണുന്ന സഹപത്രകങ്ങള്‍ ഫലത്തിന്റെ കട്ടിയുള്ള ചിറകുകളായിത്തീരുന്നു. പാകമായ ഫലങ്ങള്‍ക്ക്‌ കോണുകളോടു രൂപസാദൃശ്യമുണ്ട്‌. ഭ്രൂണം വിത്തിനുള്ളില്‍ പൂര്‍ണമായും നിറഞ്ഞിരിക്കും. ആദ്യകാലങ്ങളളില്‍ കാഷ്വാറിന എന്ന ഒരു ജീനസ്‌ മാത്രമാണ്‌ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ പിന്നീട്‌ നടന്ന തന്മാത്രാ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനുപുറമേ ജിംനോസ്റ്റോമ, അലോ കാഷ്വാറിന, സ്യുത്തോസ്റ്റോമ എന്നീ ജീനസുകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 70-ഓളം സ്‌പീഷീസുകളാണ്‌ ഇതിലുള്ളത്‌.

അനാവൃതബീജികളില്‍ നിന്നുമാണ്‌ ആവൃതബീജികളുടെ ഉത്‌പത്തി എന്ന സിദ്ധാന്തത്തിന്‌ ഉപോദ്‌ബലകമാണ്‌ കാഷ്വറീനാ ജീനസിന്റെ പല സവിശേഷതകളും. വെറ്റ്‌സ്റ്റീന്‍ എന്ന ശാസ്‌ത്രജ്ഞന്‍ ആവൃതബീജസസ്യങ്ങളിലെ പൂക്കള്‍ എഫീഡ്രായോടു സാദൃശ്യമുള്ള ഏതോ പൂര്‍വികസസ്യങ്ങളില്‍ നിന്നുമാണ്‌ ഉരുത്തിരിഞ്ഞിട്ടുള്ളത്‌ എന്ന തന്റെ അഭിപ്രായത്തിന്‌ ആധാരമായി ഈ സവിശേഷതകള്‍ ഉപയുക്തമാക്കിയിട്ടുണ്ട്‌. സസ്യഭാഗങ്ങളിലെ, പ്രത്യേകിച്ചും പുഷ്‌പങ്ങളിലെ ലാളിത്യം ന്യൂനീകരണം (reduction) കൊണ്ടല്ല മറിച്ച്‌ ആദിമ (primitive) സ്വഭാവം കൊണ്ടാണെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. നോ. കാറ്റാടിമരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍