This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശ്‌മീർ ആട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാശ്‌മീർ ആട്‌

Kashmir goat

കാശ്‌മീര്‍ ആട്‌

കാശ്‌മീര്‍, തിബത്ത്‌, ചൈന, മംഗോളിയ, ഇറാന്‍ എന്നിവിടങ്ങളിലെ കുന്നിന്‍പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരിനം കോലാട്‌. സമതലപ്രദേശങ്ങളില്‍ ഇവയ്‌ക്ക്‌ ജീവിക്കാന്‍ കഴിയുകയില്ല. അതുപോലെതന്നെ, ഈര്‍പ്പമുള്ള കാലാവസ്ഥയെ അതിജീവിക്കുന്നതും ഈ ഇനത്തിനു പ്രയാസംതന്നെ. എന്നാല്‍ കൊടുംതണുപ്പു താങ്ങാന്‍ ഇവയ്‌ക്കു യാതൊരു ബുദ്ധിമുട്ടുമില്ല. കാപ്രിനേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ ശാ.നാ.: കാപ്ര ഹിര്‍ക്കസ്‌ ലാനിഗെര്‍ (Capra hircus laniger).

സാധാരണയായി ഇവ ചുറ്റുപാടുകളോടിണങ്ങിച്ചേരുന്ന വെള്ളനിറമുള്ളവയാണെങ്കിലും വെളുപ്പും കറുപ്പും കലര്‍ന്നവയും അപൂര്‍വമല്ല. നീണ്ടുവളഞ്ഞ കൊമ്പുകളും നീളമുള്ള ചെവികളും ഇവയുടെ പ്രത്യേകതകളാണ്‌. മേനിയും മൃദുത്വവുമുള്ള രോമംകൊണ്ട്‌ ഉടലാകെ പൊതിയപ്പെട്ടിരിക്കുന്നു. ഇവയുടെ ശരീരത്തില്‍ രണ്ട്‌ "അട്ടി'യായിട്ടാണ്‌ രോമം കാണപ്പെടുന്നത്‌. പുറമേയുള്ള, കട്ടിയും നീളവും കൂടുതലായ രോമസ്‌തരവും, അതിനുതാഴെയായി സ്ഥിതിചെയ്യുന്ന മേനിയും ചൂടും ഏറിയ മൃദുരോമസ്‌തരവും. ആ ഉള്‍സ്‌തരത്തിന്‌ "പഷ്‌മിന' എന്നാണു പേര്‍. അസഹ്യമായ തണുപ്പിനെ അതിജീവിക്കാന്‍ വേണ്ടിയുള്ളതാണ്‌ ഈ സ്‌തരം. ശീതകാലത്തു വളരാന്‍ തുടങ്ങുന്ന ഈ രോമം വസന്തകാലമാകുന്നതോടെ വെട്ടിയെടുക്കുന്നു. എട്ടുപത്തു ദിവസം ആടിന്റെ ശരീരത്തിലെ രോമം മുഴുവന്‍ ചീകിയൊതുക്കി "പതം' വരുത്തിയശേഷം മാത്രമേ ഈ രോമം കത്രിച്ചെടുക്കൂ. പുറമേ കാണുന്ന നീണ്ടു മിനുസമുള്ള മുടി രണ്ടാമതായാണു വെട്ടിയെടുക്കുന്നത്‌. "നുമ്‌സാ' എന്നു പേരുള്ള പരുക്കന്‍ കമ്പിളിത്തുണി, കയര്‍ എന്നിവ ഉണ്ടാക്കുന്നതിനു മുകളിലത്തെ രോമം ഉപയോഗിക്കുന്നു. സുപ്രസിദ്ധമായ കാശ്‌മീരിഷാളുകളുടെ നിര്‍മിതിക്ക്‌ "പഷ്‌മിന'യാണ്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ മാര്‍ദവവും ചൂടു നിലനിര്‍ത്തുന്നതിനുള്ള അസാധാരണമായ കഴിവുമാണ്‌ കാശ്‌മീരിഷാളുകളുടെ മേന്മയ്‌ക്കുനിദാനം. ഈ രോമത്തിന്റെ ഗുണനിലവാരം മറ്റൊരുതരം ആടിന്റെ രോമത്തിനും കാണാന്‍ കഴിയുകയില്ല.

ഭാരം ചുമക്കാന്‍ അസാമാന്യമായ കഴിവുള്ള ഈ ആടുകളുടെ മാംസവും സ്വാദിഷ്‌ഠമാണ്‌. കുന്നുകളില്‍ , പ്രത്യേകിച്ച്‌ ഉയരം കൂടുതലായ സ്ഥലങ്ങളില്‍ , സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകാന്‍ ഈ ആടുകള്‍ സഹായിക്കുന്നു. ഇവ വളരെക്കുറച്ചു പാല്‍ മാത്രമേ നല്‌കുന്നുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍