This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശീമഠം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാശീമഠം

വൈഷ്‌ണവരായ ഗൗഡസാരസ്വതബ്രാഹ്മണരുടെ ധര്‍മപീഠം. അതു സ്ഥാപിച്ചത്‌ എ.ഡി. 16-ാം ശതകാരംഭത്തില്‍ കുംഭകോണം മഠാധിപനായിരുന്ന വിജയീന്ദ്ര തീര്‍ഥനാണെന്നു കരുതുന്നു. സന്ന്യാസം സ്വീകരിക്കുന്നതിനുമുമ്പ്‌ ഇദ്ദേഹത്തിന്റെ പേര്‌ വിഠലാചാര്യന്‍ എന്നായിരുന്നു. അപ്പയ്യദീക്ഷിതരുടെ മാധ്വമത വിമര്‍ശനത്തിനു തക്ക പ്രതിവിമര്‍ശനം ചെയ്യാന്‍ കഴിഞ്ഞ നല്ലൊരു പണ്‌ഡിതനും വ്യാഖ്യാതാവുമായിരുന്നു ഇദ്ദേഹം.

സുധീന്ദ്രതീര്‍ഥസ്വാമികള്‍
കാശീമഠം

കൊച്ചിയിലെ ഗൗഡസാരസ്വത ബ്രാഹ്മണര്‍ ചാതുര്‍മാസ്യ വ്രതമനുഷ്‌ഠിക്കാന്‍ വിജയീന്ദ്രതീര്‍ഥനെ ക്ഷണിച്ചുവരുത്തി. ഇദ്ദേഹം കൊച്ചിയില്‍ അവരുടെ കൂട്ടത്തില്‍ നിന്നു തിരഞ്ഞെടുത്ത ഒരു കുട്ടിക്ക്‌ സന്ന്യാസം നല്‌കുകയുണ്ടായി. ആ സന്ന്യാസിയാണ്‌ ശ്രീമദ്‌ യാദവേന്ദ്രതീര്‍ഥന്‍. കാശീമഠസംസ്ഥാനത്തിലെ ഒന്നാമത്തെ അധിപതിയും ഇദ്ദേഹമായിരുന്നു. കാശിയിലേക്കുള്ള മടക്കയാത്രയില്‍ വിജയീന്ദ്രതീര്‍ഥനെയും ശിഷ്യനെയും അനുഗമിച്ച ആ സാരസ്വതബ്രാഹ്മണന്‍, അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച്‌ ഗംഗാതീരത്തില്‍ കുറച്ചു സ്ഥലം വാങ്ങി മഠം സ്ഥാപിക്കാന്‍ വേണ്ട കെട്ടിടം നിര്‍മിച്ചു. വിജയീന്ദ്രതീര്‍ഥന്റെ ഗുരുവായ കുംഭകോണം മഠസ്വാമി ശ്രീമത്‌ സുരേന്ദ്രതീര്‍ഥന്‍, കുംഭകോണത്ത്‌ എത്തിച്ചേര്‍ന്ന യാദവേന്ദ്രതീര്‍ഥന്‌ നിത്യപൂജയ്‌ക്കുവേണ്ട സാളഗ്രാമവും വ്യാസന്റെയും രഘുപതിയുടെയും വിഗ്രഹങ്ങളും മതാഘോഷങ്ങള്‍ നടത്താനും നിയമങ്ങള്‍ നടപ്പാക്കാനുമുള്ള അധികാരവും നല്‌കി. കാശീമഠം മുമ്പും ഉണ്ടായിരുന്നെങ്കിലും പരിപൂര്‍ണമായ അധികാരാവകാശങ്ങളും പ്രൗഢിയും അതിനു കൈവന്നത്‌ സ്വാമി യാദവേന്ദ്രതീര്‍ഥന്റെ കാലത്താണ്‌. ഇന്ന്‌ കാശിയിലെ മൂലമഠം കൂടാതെ 14 മഠങ്ങള്‍കൂടി കാശീമഠത്തിന്റെ വകയായുണ്ട്‌.

ഇപ്പോഴത്തെ മഠാധിപതിയായ ശ്രീമത്‌ സുധീന്ദ്രതീര്‍ഥസ്വാമികള്‍ ഈ പരമ്പരയിലെ ഇരുപതാമത്തെ ഗുരുവാണ്‌. മുന്‍ഗാമികളെപ്പോലെ ഇദ്ദേഹവും പല ക്ഷേത്രങ്ങളിലും പ്രതിഷ്‌ഠാകര്‍മവും പുനഃപ്രതിഷ്‌ഠയും നടത്തിയിട്ടുണ്ട്‌. സമൂഹത്തിലെ അംഗങ്ങളുടെ ആത്മീയം മാത്രമല്ല, സാമ്പത്തികവും ആരോഗ്യപരവും സാംസ്‌കാരികവുമായ ഭദ്രത ലാക്കാക്കിയാണ്‌ ശ്രീ കാശീമഠ വെല്‍ ഫെയര്‍ ഫണ്ട്‌ 1956-ല്‍ ഇദ്ദേഹം സ്ഥാപിച്ചത്‌. വൈദിക സംസ്‌കാരത്തിന്റെ പ്രചാരണാര്‍ഥം ഗ്രന്ഥങ്ങള്‍ പ്രസിദ്ധം ചെയ്യാന്‍ 1971-ല്‍ ബോംബേ (മുംബൈ)യില്‍ ഒരു ഭാരതീയ സാംസ്‌കൃതിക്‌ പ്രകടനാലയവും സ്ഥാപിച്ചിരിക്കുന്നു.

(എന്‍.എന്‍. ആനന്ദന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B6%E0%B5%80%E0%B4%AE%E0%B4%A0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍