This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യാലങ്കാര സൂത്രവൃത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവ്യാലങ്കാര സൂത്രവൃത്തി

ഒരു അലങ്കാരശാസ്‌ത്രഗ്രന്ഥം. എ.ഡി. 770നും 840നും ഇടയ്‌ക്കു ജീവിച്ചിരുന്ന വാമനനാണ്‌ ഈ ഗ്രന്ഥത്തിന്റെ രചയിതാവ്‌. വാമനന്‍ എന്നു പേരായി പാണിനീയസൂത്രങ്ങള്‍ക്ക്‌ കാശിക എന്ന വ്യാഖ്യാനം രചിച്ച വേറെ ഒരാള്‍ കൂടിയുണ്ട്‌. കാശികാവൃത്തികാരനും കാവ്യാലങ്കാര സൂത്രവൃത്തികാരനും ഒരാളാണെന്നുള്ള അഭിപ്രായവും ഉണ്ട്‌. എന്നാല്‍ ആ അഭിപ്രായത്തിനു സാര്‍വജനീനത്വമില്ല. ഇദ്ദേഹം കാശ്‌മീരില്‍ ജയാദിത്യന്റെ സദസ്യനായിരുന്നു. വാമനന്‍ ജയാപീഡരാജാവിന്റെ മന്ത്രിയായിരുന്നുവെന്ന്‌ രാജതരംഗിണിയില്‍ പ്രസ്‌താവിച്ചു കാണുന്നു.

കാവ്യാലങ്കാര സൂത്രവൃത്തി പ്രാചീനാലങ്കാര ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ്‌. ഈ ഗ്രന്ഥം ആദ്യം "സൂത്ര'വും പിന്നീട്‌ "വൃത്തി'യും എന്ന ക്രമത്തില്‍ രചിക്കപ്പെട്ടതാണ്‌. സൂത്രരൂപേണ നിര്‍മിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ക്ക്‌ സൂത്രകാരനല്ല വൃത്തിയെഴുതുക പതിവ്‌. എന്നാല്‍ കാവയാലങ്കാര സൂത്രവൃത്തിയില്‍ സൂത്രകാരനും വൃത്തികാരനും ഒരാളാണ്‌. ഇത്‌ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. വൃത്തിയുടെ ആരംഭത്തില്‍ "കവിപ്രിയ'യെന്നാണ്‌ വൃത്തിയുടെ പേരെന്നു സൂചിപ്പിച്ചിരിക്കുന്നു. സൂത്രകാരനഭിമതമായ ആശയത്തെ ഭംഗിയായി വെളിവാക്കുന്നതിനാണ്‌ സൂത്രകാരന്‍തന്നെ വൃത്തിയും നിര്‍മിച്ചത്‌. ഈ സൂത്രവൃത്തിക്ക്‌ കാമധേനു എന്നൊരു വ്യാഖയാനവുമുണ്ട്‌. ശ്രീ. ഗോപേന്ദ്രതിപ്പ ഭൂപാലനാണ്‌ അതിന്റെ കര്‍ത്താവ്‌.

വാമനനു മുമ്പുള്ള ഭാമഹന്‍ തുടങ്ങിയ കാവ്യശാസ്‌ത്ര പണ്‌ഡിതന്മാര്‍ കാരികാരൂപേണയാണ്‌ തങ്ങളുടെ ഗ്രന്ഥങ്ങള്‍ രചിച്ചത്‌. എന്നാല്‍ വാമനന്‍ മാര്‍ഗദര്‍ശിയായി നാട്യശാസ്‌ത്ര കര്‍ത്താവായ ഭരതമുനിയെയാണ്‌ സ്വീകരിച്ചത്‌. പ്രാചീന പ്രസ്ഥാനമവലംബിച്ച്‌ കാവ്യാലങ്കാരസൂത്രവൃത്തിയില്‍ അലങ്കാരശാസ്‌ത്രത്തിലെ ചില വിഷയങ്ങളെ വിസ്‌തരിച്ച്‌ പ്രതിപാദിക്കുകയും രസഭാവാദി വിഷയങ്ങളെ വിട്ടുകളയുകയും ചെയ്‌തിരിക്കുന്നു.

ഈ ഗ്രന്ഥത്തില്‍ മൂന്നു ഭാഗങ്ങളുണ്ട്‌: സൂത്രം, വൃത്തി, ഉദാഹരണം. സൂത്രവും വൃത്തിയും കൂടാതെ ചില ഉദാഹരണങ്ങളും വാമനന്‍ തന്നെ രചിച്ചതാണ്‌. മറ്റുള്ള ഉദാഹരണങ്ങള്‍ സംസ്‌കൃത സാഹിത്യത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളില്‍നിന്ന്‌ തിരഞ്ഞെടുത്തവയും.

ഈ ഗ്രന്ഥത്തെ ആകെ അഞ്ച്‌ അധികരണങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമധികരണത്തില്‍ മൂന്നും രണ്ടാമത്തേതില്‍ രണ്ടും മൂന്നാമത്തേതില്‍ രണ്ടും നാലമത്തേതില്‍ മൂന്നും അഞ്ചാമത്തേതില്‍ രണ്ടും വീതം ആകെ പന്ത്രണ്ടധ്യായങ്ങള്‍ ഇതിലുണ്ട്‌. ഒന്നാമത്തെ അധികരത്തിന്‌ "ശരീരക'മെന്നാണു പേര്‍. കാവ്യശരീരത്തെപ്പറ്റി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒന്നാമത്തെ അധ്യായത്തില്‍ കാവ്യം പ്രീതിഹേതുവാകയാല്‍ ദൃഷ്‌ടാര്‍ഥവും കീര്‍ത്തിഹേതുവാകയാല്‍ അദൃഷ്‌ടാര്‍ഥവും അതുകൊണ്ട്‌ സര്‍വസ്വീകാര്യമാണെന്ന്‌ സമര്‍ഥിച്ചിരിക്കുന്നു. രണ്ടാമധ്യായത്തില്‍ അധികാരി നിരൂപണത്തോടൊപ്പം രീതിയും പ്രതിപാദിക്കുന്നു. അധികാരി നിരൂപണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ വാമനന്‍ കവികളെ അരോചകികള്‍, സതൃണാഭ്യവഹാരികള്‍ എന്ന്‌ രണ്ടായി തരംതിരിച്ചിരിക്കുന്നു. "അരോചകികള്‍' എന്നതിന്‌ മിതമായി ഭക്ഷിക്കുന്നവരെന്നും "സതൃണാഭ്യവഹാരികള്‍' എന്നതിന്‌ വാരിവലിച്ചു തിന്നുന്നവരെന്നും അര്‍ഥമാണ്‌. പ്രകൃതത്തില്‍ ഈ രണ്ടു സങ്കേതങ്ങള്‍ക്കും വിവേകികളെന്നും അവിവേകികളെന്നുമാണ്‌ അര്‍ഥം. ഇവരില്‍ അരോചകികളായ വിവേകികള്‍ക്കു വേണ്ടിയാണ്‌ തന്റെ ശാസ്‌ത്രഗ്രന്ഥമെന്നു വാമനന്‍ പ്രസ്‌താവിച്ചിരിക്കുന്നു.

"രീതിരാത്മാകാവ്യസ്യ' എന്ന സൂത്രം കൊണ്ട്‌ കാവ്യത്തിന്റെ ജീവന്‍ രീതിയാണെന്ന്‌ വാമനന്‍ അഭിപ്രായപ്പെടുന്നു. പാദരചനാവിശേഷമായ രീതിയെ വൈദര്‍ഭി, ഗൗഡി, പാഞ്ചാലി എന്നു മൂന്നായി തരംതിരിച്ചിരിക്കുന്നു. രീത്യാത്മവാദം വാമനനോടുകൂടി മറയുകയും ചെയ്‌തു.

മൂന്നാമധ്യായത്തില്‍ കാവ്യത്തിന്റെ അംഗങ്ങളെയും വിഭാഗങ്ങളെയുമാണ്‌ പറഞ്ഞിരിക്കുന്നത്‌. "ലോകോവിദ്യാ പ്രകീര്‍ണം ച കാവ്യാംഗാനി' എന്ന സൂത്രത്തില്‍ കവിത നിര്‍മിക്കാനുള്ള മൂന്നംഗങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. ഇതില്‍ "ലോകം' എന്നതുകൊണ്ട്‌ പ്രകൃതിയെയും "വിദ്യ' എന്നതുകൊണ്ട്‌ വ്യാകരണാദി ശാസ്‌ത്രഗ്രന്ഥങ്ങളെയും "പ്രകീര്‍ണം' എന്നതുകൊണ്ട്‌ കാവ്യപരിചയത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌. കാവ്യാംഗനിരൂപണം കഴിഞ്ഞ്‌ ഗദ്യം, പദ്യം എന്ന കാവ്യഭേദങ്ങളെ വിശദമാക്കുന്നു. ഇതില്‍ ഗദ്യത്തെ വൃത്തഗന്ധി, ചൂര്‍ണം, ഉത്‌കലികാപ്രായം എന്നു മൂന്നായി തിരിച്ചിരിക്കുന്നു. പദ്യത്തെ സമം, അര്‍ധസമം, വിഷമം എന്നിങ്ങനെ അനേകവിധത്തില്‍ തരംതിരിച്ചിട്ടുണ്ട്‌. ദോഷദര്‍ശനമെന്നാണ്‌ രണ്ടാമത്തെ അധികരണത്തിന്റെ പേര്‍. ഇതില്‍ പദപദാര്‍ഥദോഷങ്ങളെ ഒരധ്യായത്തിലും വാക്യ വാക്യാര്‍ഥദോഷങ്ങളെ വേറൊരധ്യായത്തിലും വിവരിച്ചിരിക്കുന്നു.

രണ്ടധ്യായങ്ങളുള്ള മൂന്നാമത്തെ അധികരണത്തിന്റെ പേര്‍ ഗുണവിവേചനമെന്നാണ്‌. ഒന്നാമത്തെ അധ്യായത്തില്‍ ശബ്‌ദഗുണങ്ങളെയും രണ്ടാമത്തേതില്‍ അര്‍ഥഗുണങ്ങളെയും പ്രതിപാദിച്ചിരിക്കുന്നു. നാലാമത്തെ അധികരണത്തിന്‌ ആലങ്കാരികമെന്നാണ്‌ നാമധേയം. ഇതിലെ മൂന്നധ്യായങ്ങളിലായി ശബ്‌ദാലങ്കാര വിചാരം, ഉപമാവിചാരം, ഉപമാ പ്രപഞ്ചവിചാരം എന്നീ വിഷയങ്ങളാണ്‌ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്‌. അഞ്ചാമത്തെ അധികരണത്തിന്‌ "പ്രായോഗിക'മെന്നു പേര്‍. കവികള്‍ക്കു പ്രയോഗവിഷയത്തില്‍ ഈ പ്രകരണം വളരെ ഉപകരിക്കുന്നതുകൊണ്ട്‌ പ്രായോഗികമെന്ന പേര്‍ അന്വര്‍ഥംതന്നെ. ഗ്രന്ഥകര്‍ത്താവായ വാമനന്‌ ശാസ്‌ത്രത്തിലും കാവ്യനാടകാദികളിലുമുള്ള അഗാധമായ പാണ്‌ഡിത്യം ഈ അധികരണത്തില്‍ വെളിവാകുന്നുണ്ട്‌. അലങ്കാരശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പ്രായേണ കാണാത്തതും വ്യാകരണവിഷയവുമായ ശബ്‌ദശുദ്ധിയുടെ നിരൂപണം ഈ ഗ്രന്ഥത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നു. പ്രാചീനാലങ്കാരികന്മാരുടെയിടയില്‍ വിമര്‍ശനകല വളരെ അഭിവൃദ്ധമായിരിന്നുവെന്ന്‌ ഈ ഗ്രന്ഥം തെളിയിക്കുന്നു നോ. അലങ്കാരശാസ്‌ത്രം

(പ്രാഫ. കെ. ചന്ദ്രശേഖരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍