This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യാനുശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവ്യാനുശാസനം

ഹേമചന്ദ്രവിരചിതമായ ഒരു അലങ്കാര ശാസ്‌ത്രഗ്രന്ഥം. സൂത്രം, വൃത്തി, ഉദാഹരണം എന്നീ ക്രമത്തിലാണ്‌ ഗ്രന്ഥം നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. ഇതില്‍ സൂത്രഭാഗത്തെ ഗ്രന്ഥനാമമായ "കാവ്യാനുശാസന' ശബ്‌ദം കൊണ്ടും വൃത്തിഭാഗത്തെ "അലങ്കാരചൂഡാമണി'യെന്ന ശബ്‌ദംകൊണ്ടും ഉദാഹരണത്തോടുകൂടിയ വൃത്തിയുടെ വിവരണഭാഗത്തെ "വിവേകം' എന്ന പേരുകൊണ്ടും വ്യവഹരിക്കുന്നു.

ഈ ഗ്രന്ഥത്തിന്‌ എട്ട്‌ അധ്യായങ്ങളുണ്ട്‌. ഒന്നാമത്തെ അധ്യായത്തില്‍ കാവ്യപ്രയോജനം, കാവ്യഹേതു, കാവ്യനിര്‍മാണത്തിനു സഹായകമായ കാര്യങ്ങള്‍, കാവ്യലക്ഷണം എന്നിവ പ്രതിപാദിച്ചിരിക്കുന്നു. രണ്ടാമത്തേതിലെ പ്രതിപാദ്യം രസങ്ങളാണ്‌. മൂന്നാമത്തേതില്‍ പദദോഷം, വാക്യദോഷം, അര്‍ഥദോഷം, രസദോഷം ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. നാലാമധ്യായം മാധുര്യം തുടങ്ങിയ മൂന്നു ഗുണങ്ങളെ വിശദമാക്കുന്നു. അഞ്ചാമത്തേത്‌ ശബ്‌ദാലങ്കാരങ്ങളെയും ആറാമത്തേത്‌ 29 അര്‍ഥാലങ്കാരങ്ങളെയും വിവരിക്കുന്നു. ഏഴാമത്തെ അധ്യായം നായികാനായകന്മാരുടെ സവിശേഷതകള്‍ പ്രതിപാദിക്കുന്നു. എട്ടാമത്തേതില്‍ പ്രക്ഷ്യം, ശ്രവ്യം എന്നിങ്ങനെ കാവ്യങ്ങളെ വര്‍ഗീകരിക്കുകയും അവയുടെതന്നെ പ്രഭേദങ്ങളെയും സവിശേഷതകളെയും വിവരിക്കുകയും ചെയ്യുന്നു. ഹേമചന്ദ്രന്‍ സങ്കരാലങ്കാരത്തില്‍ സംസൃഷ്‌ടിയെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. അതുപോലെ തുല്യയോഗിതയെക്കൂടി ഉള്‍ക്കൊള്ളിച്ച്‌ ദീപകലക്ഷണം പറഞ്ഞിരിക്കുന്നു. മമ്മടന്റെ പരിവൃത്തിയും പര്യായവും ഉള്‍ക്കൊള്ളുന്ന "പരിവൃത്തി' എന്നൊരലങ്കാരവും ഇവിടെ വിവരിച്ചിട്ടുണ്ട്‌. രസഭാവസംബന്ധികളായ അലങ്കാരങ്ങളെ ഇവിടെ ചര്‍ച്ച ചെയ്‌തിട്ടില്ല. നിദര്‍ശനാലങ്കാരത്തില്‍ പ്രതിവസ്‌തൂപമയും ദൃഷ്‌ടാന്തവും ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്വഭാവോക്തി, അപ്രസ്‌തുതപ്രശംസ എന്നീ രണ്ടലങ്കാരങ്ങളെ ജാതി, അന്യോക്തി എന്ന പേരിലാണ്‌ പറഞ്ഞിരിക്കുന്നത്‌.

കാവ്യാനുശാസനം ഒരു സ്വതന്ത്രകൃതിയല്ല. കാവ്യമീമാംസ, കാവ്യപ്രകാശം, ധ്വന്യാലോകം എന്നീ കൃതികളെ ആശ്രയിച്ചാണ്‌ ഈ ഗ്രന്ഥം നിര്‍മിച്ചിരിക്കുന്നത്‌. എന്നാല്‍ മറ്റ്‌ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്ന്‌ ഉദ്ധരിച്ചിട്ടുള്ള 1,500ഓളം ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ ഒരു സവിശേഷതയാണ്‌.

എ.ഡി. 1277ല്‍ രചിക്കപ്പെട്ട പ്രഭാചന്ദ്രന്റെ പ്രഭാവകചരിതമെന്ന ഗ്രന്ഥം ഹേമചന്ദ്രനെക്കുറിക്കുന്ന ചില വിവരങ്ങള്‍ നല്‌കുന്നു. ചങ്കദേവനെന്നാണ്‌ അദ്ദേഹത്തിന്റെ ശരിയായ പേരെന്നും, എ.ഡി. 1088ല്‍ ജനിച്ച അദ്ദേഹം എ.ഡി. 1173ല്‍ മരിച്ചെന്നും, ദേവചന്ദ്രനായിരുന്നു ഗുരുനാഥനെന്നും പ്രഭാചന്ദ്രന്‍ രേഖപ്പെടുത്തുന്നു.

14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഗ്‌ഭടനും "കാവ്യാനുശാസനം' എന്നൊരു ഗ്രന്ഥം നിര്‍മിച്ചിട്ടുണ്ട്‌. ഇദ്ദേഹം കാവ്യാലങ്കാര കര്‍ത്താവായ വാഗ്‌ഭടനില്‍നിന്നും ഭിന്നനാണ്‌. വാഗ്‌ഭടന്റെ കാവ്യാനുശാസനത്തിന്‌ ഗ്രന്ഥകര്‍ത്താവുതന്നെ നിര്‍മിച്ച അലങ്കാരതിലകമെന്നൊരു വ്യാഖ്യാനവുമുണ്ട്‌. അഞ്ചധ്യായങ്ങളുള്ള ഈ ഗ്രന്ഥവും ഒരു സ്വതന്ത്രകൃതിയല്ല. നോ. അലങ്കാരശാസ്‌ത്രം

(പ്രാഫ. കെ. ചന്ദ്രശേഖരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍