This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യലിംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവ്യലിംഗം

ഒരു അര്‍ഥാലങ്കാരം. ശരീരാവയവങ്ങള്‍ക്ക്‌ ആഭരണമെന്നപോലെ കാവ്യത്തിനും അലങ്കാരം ശോഭാകരമാണ്‌. ഉക്തിവൈചിത്ര്യംകൊണ്ടുള്ള ചമത്‌കാരമാണ്‌ അലങ്കാരം. അതിശയ സാമ്യവാസ്‌തവശ്ലേഷങ്ങള്‍ അതിന്റെ ഉപാധികളുമാണ്‌. നോ. അലങ്കാരങ്ങള്‍

""ഹേതോര്‍വാക്യപദാര്‍ഥത്വേ
കാവ്യലിംഗമുദാഹൃതം'' (സാഹിത്യദര്‍പ്പണം)
""സമര്‍ഥനീയസ്യാര്‍ഥസ്യ
കാവ്യലിംഗം സമര്‍ഥനം'' (കുവലയാനന്ദം)
""ഹേതുവാക്യപദാര്‍ഥങ്ങ
ളാവുകില്‍ കാവ്യലിംഗമാം'' (ഭാഷാഭൂഷണം)	
 

എന്നാണ്‌ കാവ്യലിംഗത്തിന്റെ ലക്ഷണം. വാക്യാര്‍ഥമോ പദാര്‍ഥമോ ഹേതുവായി വരുമ്പോള്‍ കാവ്യലിംഗം അലങ്കാരം. പഞ്ചമീപ്രയോജികാവിഭക്തികൊണ്ടു ഹേതു പ്രകടമാകരുത്‌. പദാര്‍ഥ ഹേതുകം, വാക്യാര്‍ഥഹേതുകം എന്നു കാവ്യലിംഗം രണ്ടു വിധമുണ്ട്‌.

"കന്ദര്‍പ്പ നീ കളിക്കേണ്ട,
ഹന്ത ഞാന്‍ ശിവഭക്തനാം'

എന്നത്‌ വാക്യാര്‍ഥഹേതുകമായ കാവ്യലിംഗത്തിന്‌ ഉദാഹരണമാണ്‌. "ഞാന്‍ ശിവഭക്തനാണ്‌' എന്ന വാക്യാര്‍ഥം "കന്ദര്‍പ്പജയ'ത്തെ സമര്‍ഥിക്കുന്ന ഹേതുവാണ്‌. പരികരത്തില്‍ സാഭിപ്രായവിശേഷണത്തില്‍ ചമത്‌കാരം, കാവ്യലിംഗത്തില്‍ ഹേതുവായ വാക്യപദാര്‍ഥങ്ങളില്‍ ചമത്‌കാരം എന്നു ഭേദം. സമര്‍ഥിക്കേണ്ട കാര്യത്തിന്റെ സമര്‍ഥനമാണ്‌ കാവ്യലിംഗം. സാമാന്യവിശേഷങ്ങളുടെ അന്യോന്യ സമര്‍ഥനമാണ്‌ അര്‍ഥാന്തരനയാസം എന്നു ഭേദം. ഇത്‌ നിര്‍ഹേതു എന്ന കാവ്യദോഷത്തിന്റെ പരിഹാരം മാത്രമാകയാല്‍ കാവ്യലിംഗം ഒരു പ്രതേ്യകാലങ്കാരമായി പരിഗണിക്കേണ്ടതില്ലെന്നും പക്ഷമുണ്ട്‌. "കാവ്യലിംഗ'ത്തിലെ "കാവ്യ'ശബ്‌ദം ന്യായശാസ്‌ത്രസങ്കേതപ്രകാരമുള്ള ജ്ഞാപകാര്‍ഥമായ "ലിംഗ'ത്തില്‍നിന്ന്‌ വ്യാവര്‍ത്തിപ്പിക്കാനും ചമത്‌കാരകമായിരിക്കണമെന്നു സൂചിപ്പിക്കാനും വേണ്ടിയാണ്‌.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍