This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യമീമാംസ (ഭാരതീയ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവ്യമീമാംസ (ഭാരതീയ)

1. ഭാരതീയരുടെ കാവ്യതത്ത്വവിചാരം. അലങ്കാരശാസ്‌ത്രം, കാവ്യശാസ്‌ത്രം എന്നീ പേരുകളിലും അറിയപ്പെടുന്നു. സൂക്ഷ്‌മമായ അന്വേഷണം, വിചാരം എന്നാണ്‌ മീമാംസാശബ്‌ദത്തിന്‌ ഇവിടെ അര്‍ഥം. ഭാരതീയ മീമാംസയ്‌ക്ക്‌ ഭരതന്റെ നാട്യശാസ്‌ത്രം മുതല്‍ ആരംഭിക്കുന്ന സുദീഘമായ ഒരു ചരിത്രമുണ്ട്‌. ബി.സി. 2-ാം ശ. മുതല്‍ എ.ഡി. 2-ാം ശ. വരെയുള്ള ഏതോ കാലത്താണ്‌ നാട്യശാസ്‌ത്രം നിര്‍മിതമായതെന്നു കരുതപ്പെടുന്നു (നോ. നാട്യശാസ്‌ത്രം). ഭരതന്റെ നാട്യശാസ്‌ത്രത്തിന്റെ വ്യാഖ്യാനവും വിവൃതിയുമാണ്‌ പില്‌ക്കാലത്തെ കാവ്യമീമാംസാഗ്രന്ഥങ്ങളില്‍ ഒട്ടേറെയെണ്ണം. ഭാമഹന്റെ (എ.ഡി. 6-ാം ശ.) ഉത്‌കൃഷ്‌ടകൃതിയാണ്‌ കാവ്യാലങ്കാരം. ഇദ്ദേഹത്തെത്തുടര്‍ന്ന്‌ ഉദ്‌ഭടന്‍ (കാവ്യാലങ്കാര സംഗ്രഹം), ദണ്‌ഡി (കാവ്യാദര്‍ശം), വാമനന്‍ (കാവ്യാലങ്കാരസൂത്രവൃത്തി), രുദ്രടന്‍ (കാവ്യാലങ്കാരം), ആനന്ദവര്‍ധനന്‍ (ധ്വന്യാലോകം), അഭിനവഗുപ്‌തന്‍ (അഭിനവഭാരതി, ലോചനം), രാജശേഖരന്‍ (കാവ്യമീമാംസ), കുന്തകന്‍ (വക്രാക്തി ജീവിതം), ധനഞ്‌ജയന്‍ (ധനികന്റെ വിവരണത്തോടുകൂടി ദശരൂപകം), മഹിമഭട്ടന്‍ (വ്യക്തിവിവേകം), ഭോജന്‍ (സരസ്വതീകണ്‌ഠാഭരണം), ക്ഷേമേന്ദ്രന്‍ (ഔചിത്യവിചാരചര്‍ച്ച), മമ്മടന്‍ (കാവ്യപ്രകാശം), രുയ്യകന്‍ (അലങ്കാരസര്‍വസ്വം), വിശ്വനാഥന്‍ (സാഹിത്യദര്‍പ്പണം), വിദ്യാനാഥന്‍ (പ്രതാപ രുദ്രീയം), ശിങ്കഭൂപാലന്‍ (രസാര്‍ണവസുധാകരം), ജഗന്നാഥന്‍ (രസഗംഗാധരം) എന്നീ പ്രമുഖ വിദ്വാന്മാരിലൂടെ കാവ്യമീമാംസ പുഷ്‌ടിപ്രാപിച്ചു. ഇവരില്‍ ആനന്ദവര്‍ധനനും അഭിനവഗുപ്‌തനും മൗലികപ്രതിഭ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഭോജവിശ്വനാഥാദികള്‍ വ്യുത്‌പാദകമോ നിര്‍ദേശകമോ ആയ പ്രതിഭ പ്രദര്‍ശിപ്പിക്കുന്നു.

സ്വപ്രതിഭയെ കാവ്യാവേക്ഷണംകൊണ്ടും ജീവിതനിരീക്ഷണംകൊണ്ടും അഭ്യാസംകൊണ്ടും സമ്പന്നമാക്കിക്കൊണ്ടിരിക്കുന്ന കവി രചിക്കുന്ന കവിത രസാത്മകമായിരിക്കും. "വാക്യംരസാത്മകം കാവ്യം' എന്ന വിശ്വനാഥന്റെ സാഹിത്യദര്‍പ്പണത്തിലെ നിര്‍വചനമാണ്‌ ഏറ്റവും പ്രശസ്‌തം. ഇവിടെ വാക്യമെന്നത്‌ ഒറ്റവാക്യമല്ല. വാക്യസംഘാതംകൊണ്ടാണ്‌ കാവ്യം രൂപംകൊള്ളുക. പദം, വാക്യം, പ്രകരണം, പ്രബന്ധം എല്ലാം രസത്തിലേക്കു നയിക്കുന്നതായിരിക്കണം; "രസഭാവനിരന്തരം' എന്നു ചുരുക്കം. ഈ രസം അലൗകികവും ബ്രഹ്മാനന്ദസദൃശവും ആണ്‌. അത്‌ ആന്തരസ്‌പന്ദനങ്ങള്‍ ഉളവാക്കി ഹൃദയത്തെ ചമത്‌കരിക്കുന്ന അദ്‌ഭുതകരമായ ഒരനൂഭൂതിവിശേഷം ആണെന്നു പറയാം ("ചമത്‌കാരശ്ചിത്തവിസ്‌താരരൂപോ വിസ്‌മയാപരപര്യായ:'സാഹിത്യദര്‍പ്പണം).

കാവ്യാസ്വാദനപ്രകാരം. ഭരതന്റെ നാട്യശാസ്‌ത്രത്തിലെ രസസൂത്രത്തില്‍, വിഭാവാനുഭാവ വ്യഭിചാരികളുടെ സംയോഗംകൊണ്ടാണ്‌ രസം ഉണ്ടാകുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. രസവും ഭാവവും തമ്മിലുള്ള ഭേദം, രസത്തിന്റെ ഉദ്‌ഭവസ്ഥാനം, അനുഭവിക്കുമ്പോള്‍ മനസ്സിന്റെ യഥാര്‍ഥനില തുടങ്ങിയവയെക്കുറിച്ച്‌ സംസ്‌കൃത കാവ്യശാസ്‌ത്രകാരന്മാരുടെ സൂക്ഷ്‌മാന്വേഷണങ്ങളാണ്‌ കാവ്യമീമാംസയുടെ അടിത്തറ. ഭട്ടലോല്ലടന്‍ (ഉത്‌പത്തിവാദം), ഭട്ടശങ്കുകന്‍ (അനുമിതിവാദം), ഭട്ടനായകന്‍ (ഭുക്തിവാദം), അഭിനവഗുപ്‌തന്‍ (അഭിവ്യക്തിവാദം) എന്നീ മനീഷികളിലൂടെ വളര്‍ന്നുവന്ന രസസ്വരൂപനിരൂപണത്തിന്റെ ചരിത്രം കാവ്യമീമാംസയിലെ സുപ്രധാനമായ ഒരധ്യായമാണ്‌. നാട്യശാസ്‌ത്രത്തിന്‌ അഭിനവഭാരതി എന്ന പേരിലും ധ്വന്യാലോകത്തിന്‌ ലോചനം എന്ന പേരിലും അഭിനവഗുപ്‌തന്‍ എഴുതിയ വിശദവ്യാഖ്യാനങ്ങള്‍ ഈ ചര്‍ച്ചയുടെ പരമകോടിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ദാര്‍ശനികനായ അഭിനവഗുപ്‌തന്‍ രസാസ്വാദനപ്രക്രിയയെ ദാര്‍ശനികമായ തലത്തില്‍ പ്രതിഷ്‌ഠിച്ചു. ഇദ്ദേഹത്തിന്റെ നിഗമനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. കാവ്യാര്‍ഥമാണ്‌ രസം; അധികാരിയായ രസികന്‌ (സഹൃദയന്‌) കാവ്യത്തില്‍നിന്നു കൂടുതല്‍ പ്രതീതി ലഭിക്കുന്നു.

2. ഈ പ്രതീതി ലഭിക്കുന്നതു സാധാരണീകൃതമായ രൂപത്തിലാണ്‌.

3. സാധാരണീകരണം ദേശകാലപരിമിതമല്ല. സ്വഗതപരഗത ഭാവങ്ങള്‍ക്കും ശത്രുമിത്രഭാവങ്ങള്‍ക്കും അതീതമാണ്‌; അത്‌ തടസ്സമറ്റതാണ്‌.

4. നിര്‍വിഘ്‌നമായ ഈ പ്രതീതി ചമത്‌കാരാത്മകമാണ്‌; ആനന്ദസ്വരൂപമാണ്‌. ആനന്ദം ആത്മസംവിത്തിന്റെ പൂര്‍ണപ്രകാശനവും വിശ്രാന്ത പരാമര്‍ശവും ആണെന്ന്‌ അഭിനവഗുപ്‌തന്‍ സ്ഥാപിച്ചിട്ടുണ്ട്‌. ലൂയി റെനൊ (Louis Renou), ഞോലി (Gnoli) മുതലായ പാശ്ചാത്യമനീഷികള്‍, ഭാരതീയരുടെ രസചര്‍ച്ച, പാശ്ചാത്യരുടെ സൗന്ദര്യചര്‍ച്ചയെക്കാള്‍ പതിന്മടങ്ങു മഹോന്നതമാണെന്ന്‌ മുക്തകണ്‌ഠം സമ്മതിച്ചത്‌ അഭിനവഗുപ്‌തനെ അനുസ്‌മരിച്ചുകൊണ്ടാണ്‌.

അരിസ്റ്റോട്ടില്‍ മുതല്‍ ടി.എസ്‌. എലിയട്ട്‌ വരെയുള്ള പാശ്ചാത്യ സാഹിത്യകാരന്മാരും കവിതയെക്കുറിച്ചു ചര്‍ച്ച (കാവ്യമീമാംസ) ചെയ്‌തിട്ടുണ്ട്‌. അവര്‍ കവിതയുടെ ഭൗതികാംശത്തിനാണ്‌ പ്രാധാന്യം നല്‌കുന്നത്‌.

2. രാജശേഖരന്റെ ഒരു കാവ്യതത്ത്വവിചാരഗ്രന്ഥം. പത്താം ശതകത്തിന്റെ ഉത്തരാര്‍ധമാണ്‌ രചനാകാലം. ഈ ഗ്രന്ഥം 18 അധികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും 18 അധ്യായങ്ങളുള്ള ഒന്നാം അധികരണം മാത്രമേ ലഭിച്ചിട്ടുള്ളു. കവി, ആസ്വാദകന്‍ ഇവരുടെ സ്വരൂപം, കാവ്യഭേദം, രീതിവിവേചനം, കാവ്യാര്‍ഥത്തിന്റെ ഉത്‌പത്തി മുതലായ നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു. അജ്ഞാതരായ അനേകം ആചാര്യന്മാരുടെ പരാമര്‍ശം ഈ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്‌.

(മുതുകുളം ശ്രീധര്‍: സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍