This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യപ്രകാശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവ്യപ്രകാശം

സംസ്‌കൃതത്തിലെ ഒരു കാവ്യശാസ്‌ത്രഗ്രന്ഥം. കാശ്‌മീരത്തിലെ മമ്മടാചാര്യ(11-ാം ശ.)നാണ്‌ രചയിതാവ്‌. രാജാനക മമ്മടഭട്ടനെന്നും ഇദ്ദേഹത്തിന്‌ പേരുണ്ട്‌. കാവ്യപ്രസ്ഥാനത്തിന്റെ വ്യാഖ്യാനമായ സങ്കേതത്തിന്റെയും കാവ്യപ്രകാശദര്‍ശനത്തിന്റെയും കര്‍ത്താക്കള്‍ ഈ ഗ്രന്ഥത്തിലെ പത്താം ഉല്ലാസത്തിലെ പരികരാലങ്കാരംവരെ മമ്മടനും ശേഷിച്ചഭാഗം അലകനും രചിച്ചതാണെന്നു രേഖപ്പെടുത്തിക്കാണുന്നു.

ഈ കൃതിയില്‍ 142 കാരികകളും വൃത്തിയും ഉദാഹരണങ്ങളും അടങ്ങിയിരിക്കുന്നു. കാരികകളുടെ ലഘുടിപ്പണിയാണ്‌ വൃത്തി. ഗ്രന്ഥം പത്ത്‌ ഉല്ലാസങ്ങളായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഒന്നാം ഉല്ലാസത്തില്‍ കാവ്യപ്രയോജനം, കാവ്യസ്വരൂപം, വിഭാഗം എന്നിവയും; രണ്ടാം ഉല്ലാസത്തില്‍ അഭിധാദികളായ ശബ്‌ദവൃത്തികളും; മൂന്നില്‍ രസസ്വരൂപവിഭാഗങ്ങളും; നാലില്‍ ധ്വനിഭേദങ്ങളും; അഞ്ചില്‍ ഗുണീഭൂതവ്യംഗ്യഭേദങ്ങളും രസത്തിന്റെ വ്യംഗ്യത്വവും; ആറില്‍ ചിത്രമെന്ന അധമകാവ്യവിഭാഗവും; ഏഴില്‍ ശബ്‌ദാര്‍ഥരസദോഷങ്ങളും; എട്ടില്‍ മാധുര്യാദിഗുണത്രയവും; ഒമ്പതില്‍ യമകാദി ശബ്‌ദാലങ്കാരങ്ങളും; പത്തില്‍ ഉപമാദികളായ 61 അര്‍ഥാലങ്കാരങ്ങളും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണങ്ങള്‍ പ്രായേണ മറ്റു കൃതികളില്‍നിന്ന്‌ ഉദ്ധരിച്ചവയാണ്‌. ഇതിലെ രണ്ടാമുല്ലാസത്തിലെ പ്രതിപാദ്യത്തിന്റെ വിസ്‌തൃതവിവരണമുള്‍ക്കൊള്ളുന്ന ശബ്‌ദവ്യാപാരവിചാരം എന്ന കൃതിയും മമ്മടന്റേതാണ്‌.

കാവ്യപ്രകാശത്തില്‍ സമന്വയവാദമാണ്‌ കാണുന്നത്‌. കാവ്യത്തില്‍ രസത്തിന്റെ പ്രാധാന്യമംഗീകരിക്കുന്നതോടൊപ്പം അലങ്കാരാദികള്‍ക്കുള്ള സ്ഥാനവും വ്യവസ്ഥാപനം ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ട്‌ ഈ ഗ്രന്ഥം ഒരു നൂതനസിദ്ധാന്തത്തെ ആവിഷ്‌കരിക്കുകയല്ല; നിലവിലുണ്ടായിരുന്ന രസാലങ്കാരരീത്യ്ദിവാദങ്ങളെ സമന്വയിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. "അദോഷൗ ശബ്‌ദാര്‍ഥൗ സഗുണാവനലങ്കൃതീ പുനഃക്വാപി' എന്ന കാവ്യപ്രകാശത്തിലെ കാവ്യലക്ഷണം സമന്വയവാദത്തിന്റെ ഫലമാണ്‌. അതുകൊണ്ട്‌ കാവ്യശാസ്‌ത്രത്തിന്റെ സര്‍വാദരണീയ തത്ത്വങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന നിലയില്‍ ഈ കൃതി അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ഇത്‌ കാവ്യശാസ്‌ത്രാധേയതാക്കള്‍ക്ക്‌ പ്രിയങ്കരമാണ്‌.

കാവയപ്രകാശത്തിനു നിരവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. 17-ാം ശതകത്തില്‍ ജീവിച്ചിരുന്ന സിദ്ധിചന്ദ്രഗണി കാവ്യപ്രകാശഖണ്‌ഡനമെന്ന പേരില്‍ എഴുതിയിട്ടുള്ള ഖണ്‌ഡനാത്മകമായ വ്യാഖ്യാനം പ്രസിദ്ധമാണ്‌.

(പ്രാഫ. കെ. ചന്ദ്രശേഖരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍