This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യപീഠിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവ്യപീഠിക

ജോസഫ്‌ മുണ്ടശ്ശേരി

പ്രാഫ. ജോസഫ്‌ മുണ്ടശ്ശേരിയുടെ കാവ്യസിദ്ധാന്തസമന്വയ പ്രധാനമായ പഠനഗ്രന്ഥം. അന്വേഷണ തത്‌പരരായ കേരളീയ സാഹിത്യാസ്വാദകരുടെ സംവേദനപ്രാപ്‌തിയെ ഗണ്യമായി ഉന്നമിപ്പിച്ച ഒരു വിശിഷ്‌ട കൃതിയാണ്‌ കാവ്യപീഠിക. സംസ്‌കൃതത്തിലെയും ഇംഗ്ലീഷിലെയും കാവ്യതത്ത്വങ്ങള്‍ സമഗ്രമായി പരിശോധിച്ച്‌ അവയിലെ സാധര്‍മ്യങ്ങളും വൈജാത്യങ്ങളും വിശകലനം ചെയ്‌ത്‌ സമാനതകളെ സമന്വയിപ്പിക്കാനുള്ള യത്‌നമാണ്‌ മുണ്ടശ്ശേരി ഈ ഗ്രന്ഥത്തില്‍ നടത്തിയിരിക്കുന്നത്‌. ""മനുഷ്യന്റെ ഉത്തമരുചികളെ പ്രീണിപ്പിക്കേണ്ട സാഹിത്യാദികലകളുടെ മൗലികതത്ത്വങ്ങള്‍ എവിടെയും ഒന്നാവാനേ പാടുള്ളൂ എന്ന്‌ അദ്ദേഹം 12 അധ്യായങ്ങളുള്ള ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ തന്റെ രചനാലക്ഷ്യം സൂചിപ്പിക്കുന്നു. പാശ്ചാത്യപൗരസ്‌ത്യ കാവ്യസിദ്ധാന്തങ്ങളുടെ സൂക്ഷ്‌മതലങ്ങള്‍ അപഗ്രഥിച്ച്‌ മൂല്യനിര്‍ണയം നടത്തുന്ന ഈ കൃതിയില്‍ ഭാവവും രൂപവും തമ്മിലുള്ള ബന്ധം, പ്രതിഭയുടെ സ്വരൂപം, സൗന്ദര്യബോധവും സംസ്‌കാരവും, രസസിദ്ധാന്തം, കരുണവും ഭാരതീയ പാരമ്പര്യവും, പാത്രസൃഷ്‌ടി, ധ്വനി, ഔചിത്യദീക്ഷ, രീതിഗുണങ്ങള്‍, അലങ്കാരം, വൃത്തം, ഭാഷ എന്നിങ്ങനെ കാവ്യഘടനയുടെ ബാഹ്യവും ആന്തരികവുമായ ദൃഢതയെയും ചൈതന്യത്തെയും സംവേദന പ്രാപ്‌തിയെയും സ്‌പര്‍ശിക്കുന്ന എല്ലാവശങ്ങളെയും, പൗരസ്‌ത്യവും പാശ്ചാത്യവുമായ കാഴ്‌ചപ്പാടിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. പൗരസ്‌ത്യ സാഹിത്യമീമാംസയുടെ ചര്‍ച്ചയില്‍, ഭരതമുനിയുടെ നാട്യശാസ്‌ത്രവും, ആനന്ദവര്‍ധനന്റെ ധ്വന്യാലോകവും, അതിന്‌ വ്യാഖ്യാനം ചമച്ച അഭിനവഗുപ്‌തന്റെ ലോചനവും ആണ്‌ പ്രധാനമായും മുണ്ടശ്ശേരി ഉപജീവിക്കുന്നത്‌. ഭാവോദ്ദീപനം സാധിക്കുന്ന രസമാണ്‌ കാവ്യത്തിന്റെ മൗലികധര്‍മമെന്ന്‌ അദ്ദേഹം ഇതിലൂടെ സമര്‍ഥിക്കുന്നു. മാത്യു ആര്‍നോള്‍ഡ്‌, ഐ.എ. റിച്ചാര്‍ഡ്‌സ്‌, റ്റി.എസ്‌. എലിയറ്റ്‌, കോളറിഡ്‌ജ്‌ തുടങ്ങിയ കലാതത്ത്വവാദികള്‍ ആവിഷ്‌കരിച്ചിട്ടുള്ള താത്ത്വികവിചാരങ്ങളുടെ സമീക്ഷയിലൂടെയാണ്‌ പാശ്ചാത്യകാവ്യസിദ്ധാന്തങ്ങളുടെ സത്ത മുണ്ടശ്ശേരി വെളിവാക്കുന്നത്‌.

ഭാവഭദ്രതയിലും രൂപസൗകുമാര്യത്തിലും സൗന്ദര്യദീക്ഷയിലും ജീവിതവിമര്‍ശനത്തിലും സൂക്ഷ്‌മധ്വനിയുടെ അഭിവ്യജ്ഞനത്തിലും പൗരസ്‌ത്യനാടുകളിലെ ഉത്തമകൃതികളും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പ്രകൃഷ്‌ടകൃതികളും ഒരേ രീതിയും ശൈലിയും താളവും ജീവിതചിത്രണ വൈഭവവും പ്രകടമാക്കുന്നുണ്ടെന്ന നിഗമനത്തില്‍ അദ്ദേഹം എത്തുന്നു. മാറ്റൊലി, മാനദണ്‌ഡം, രൂപഭാവം, അന്തരീക്ഷം, വായനശാലയില്‍ തുടങ്ങിയ പ്രൗഢങ്ങളായ സാഹിത്യ വിമര്‍ശന ഗ്രന്ഥങ്ങളിലെ കാവ്യതത്ത്വവിശകലനത്തിലൂടെ കാവ്യപീഠികയിലെത്തുമ്പോള്‍ പ്രാഫ. മുണ്ടശ്ശേരി കാവ്യപാരാവാരത്തിന്റെ അമൃത്‌ കടഞ്ഞെടുത്ത്‌ സഹൃദയര്‍ക്ക്‌ സമര്‍പ്പിക്കുകയാണ്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍