This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവോ, ചാള്‍സ്‌ കുവെന്‍ (1933 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവോ, ചാള്‍സ്‌ കുവെന്‍ (1933 )

Kao, Kuen Charles

ചാള്‍സ്‌ കുവെന്‍ കാവോ

നോബല്‍ സമ്മാനിതനായ യു.എസ്‌.ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍. ആധുനിക വാര്‍ത്താവിനിമയ ഉപാധിയായ ഫൈബര്‍ ഒപ്‌ടിക്‌സ്‌ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ കാവോ സുപ്രധാന പങ്കാണ്‌ വഹിച്ചത്‌. "ബ്രാഡ്‌ബാന്‍ഡ്‌ സാങ്കേതികവിദ്യയുടെ തലതൊട്ടപ്പന്‍ (Godfather of Broadband), എന്നും "ഫൈബര്‍ ഒപ്‌റ്റിക്‌സിന്റെ പിതാവ്‌', എന്നുമറിയപ്പെടുന്ന കാവോ 2009ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം വില്ലാര്‍ഡ്‌ എസ്‌. ബോയല്‍ (Willard S. Boyle), ജോര്‍ജ്‌ ഇ. സ്‌മിത്ത്‌ (George E. Smith) എന്നിവര്‍ക്കൊപ്പം പങ്കിട്ടു.

ചാള്‍സ്‌ കുവെന്‍ കാവോ പരീക്ഷണശാലയില്‍

1933 ന. 4ന്‌ ചൈനയിലെ ഷാങ്‌ഹായിലായിരുന്നു ജനനം. ഷാങ്‌ഹായിലും, ഹോങ്കോങ്ങിലുമായി സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയ കാവോ സര്‍വകലാശാലയില്‍ നിന്നും ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും (1957), ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍നിന്നും പിഎച്ച്‌.ഡിയും (1965) നേടി. ലണ്ടനിലെ പ്രസിദ്ധമായ സ്റ്റാന്‍ഫോര്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍ ലബോറട്ടറിയില്‍ ചേര്‍ന്നു. പില്‌ക്കാലത്ത്‌ നോബല്‍സമ്മാനത്തിന്‌ അര്‍ഹനാക്കിയ ഫൈബര്‍ ഒപ്‌ടിക്‌സുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ആരംഭിക്കുന്നത്‌ ഇവിടെവച്ചാണ്‌. പ്രകാശത്തെ വാര്‍ത്താവിനിമയത്തിനുപയോഗപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാന പഠനം. പ്രകാശരശ്‌മികളുടെ പൂര്‍ണ ആന്തരികപ്രതിഫലനം (Total internal reflection) എന്ന പ്രതിഭാസം ഉപയോഗപ്പെടുത്തി ഗ്ലാസ്‌ കുഴലുകളിലൂടെ സിഗ്നല്‍ പ്രഷണം നടത്താന്‍ സാധിക്കുമെന്ന്‌ ശാസ്‌ത്രലോകം ഏറെക്കുറെ കണ്ടെത്തിക്കഴിഞ്ഞിരുന്ന കാലമായിരുന്നു അത്‌. എന്നാല്‍ ദീര്‍ഘദൂരം പ്രകാശരശ്‌മികള്‍ കുറച്ച്‌ ദൂരം സഞ്ചരിക്കുമ്പോഴും പ്രകാശത്തിന്റെ തീവ്രത കുറഞ്ഞ്‌ ഏറെക്കുറെ മങ്ങിപ്പോകുന്നസ്ഥിതി വിശേഷമാണുണ്ടായിരുന്നത്‌. ദീര്‍ഘദൂര വാര്‍ത്താവിനിമയം ഇത്‌ അസാധ്യമാക്കി. പ്രകാശതീവ്രതക്ക്‌ സംഭവിക്കുന്ന ശോഷണം അഥവാ അറ്റന്വേഷ(Attenuation)നെക്കുറിച്ചാണ്‌ കാവോയും സംഘവും പഠനം തുടങ്ങുന്നത്‌. പ്രകാശതീവ്രത കുറയുന്നതിനുകാരണം, പ്രകാശത്തിനു സംഭവിക്കുന്ന പ്രകീര്‍ണനം (Scattering) ആണെന്നായിരുന്ന അന്ന്‌ നിലവിലുള്ള ധാരണ. എന്നാല്‍ പദാര്‍ഥ സവിശേഷതകളെക്കുറിച്ച്‌ ദീര്‍ഘകാലം സൂക്ഷ്‌മ പഠനങ്ങള്‍ നടത്തിയ കാവോ ഗ്ലാസില്‍ അടങ്ങിയ മാലിന്യഘടകങ്ങളായ (impurities) ഇരുമ്പ്‌, ചെമ്പ്‌, മാംഗനീസ്‌ എന്നിവയുടെ അയോണുകളാണ്‌ അറ്റനേ-്വഷന്‌ കാരണമെന്ന്‌ കണ്ടെത്തി. മാലിന്യങ്ങളുടെ അളവ്‌ കുറച്ചു നിര്‍മിച്ച നേര്‍ത്ത ഗ്ലാസ്‌ നാരുകള്‍ (Fibers) ഉപയോഗപ്പെടുത്തി ദീര്‍ഘദൂരം വാര്‍ത്താവിനിമയം സാധ്യമാക്കാമെന്നും ഇതിനായി 20റയ/സാ താഴെ അറ്റന്വേഷനുള്ള ഗ്ലാസുകള്‍ ഉപയോഗപ്പെടുത്താമെന്നും 1996ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ കാവോ സിദ്ധാന്തിച്ചു. ഈ പ്രബന്ധമാണ്‌ 2009ല്‍ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍സമ്മാനം കാവോക്ക്‌ നേടിക്കൊടുത്തത്‌.

നോബല്‍സമ്മാനവുമായി ചാള്‍സ്‌ കുവെന്‍ കാവോ

തന്റെ കണ്ടെത്തലുകള്‍ പ്രായോഗികമാക്കാനും ശ്രമമാരംഭിച്ച കാവോ വിവിധ രാജ്യങ്ങളിലെ ഗ്ലാസ്‌, പോളിമര്‍ നിര്‍മാണരംഗത്തെ വിദഗ്‌ധരുമായി ചേര്‍ന്ന്‌ നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഇത്തരം പഠനങ്ങളില്‍നിന്നും ശുദ്ധമാക്കിയ സിലിക്ക (SiO2) കൊണ്ട്‌ നിര്‍മിച്ച ഗ്ലാസ്‌ നാരുകള്‍ ഇതിനായി പ്രയോജനപ്പെടുത്താമെന്ന്‌ കണ്ടെത്തി. ഈ കണ്ടുപിടുത്തം ഗ്ലാസ്‌ നാരുകളുടെ നിര്‍മാണത്തെ ത്വരിതപ്പെടുത്തി. വാര്‍ത്താവിനിമയരംഗത്ത്‌ നിലവിലുണ്ടായിരുന്ന ചെമ്പുകമ്പികളുടെ സ്ഥാനത്തേക്ക്‌ ക്രമേണ ഒപ്‌ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ (OFC) കടന്നുവരുകയും ചെയ്‌തു. ഫൈബര്‍ ഒപ്‌ടിക്‌സ്‌ സാങ്കേതികവിദ്യയുടെ പ്രചരണാര്‍ഥം കാവോ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പുതിയ സങ്കേതങ്ങള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുകയും ചെയ്‌തു.

1974ല്‍ അമേരിക്കയിലെത്തിയ കാവോ സ്റ്റാന്‍ഫോര്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍ ലാബിന്റെ മാതൃസ്ഥാപനമായ ഐ.ടി.ടി. കോര്‍പറേഷനില്‍ ചീഫ്‌ സയന്റിസ്റ്റ്‌, ഡയറക്‌ടര്‍ ഒഫ്‌ എന്‍ജിനീയറിങ്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1982ല്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറായി. തുടര്‍ന്ന്‌ പശ്ചിമജര്‍മനിയിലും ജപ്പാനിലും സേവനമനുഷ്‌ഠിച്ച കാവോ 198796 കാലഘട്ടത്തില്‍ ഹോങ്കോങ്ങിലെ ചൈനീസ്‌ സര്‍വകലാശാലയുടെ വൈസ്‌ചാന്‍സലറായിരുന്നു.

നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ്‌ പ്രാഫസറായി പ്രവര്‍ത്തിച്ച കാവോ 300ഓളം പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്‌. 30ഓളം പേറ്റന്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്‌. ജപ്പാന്‍ പ്രസ്‌ (1996), പ്രിന്‍സ്‌ ഫിലിപ്പ്‌ മെഡല്‍ (1996), ചാള്‍സ്‌ സ്റ്റാര്‍ക്‌ ഡ്രാപര്‍ പ്രസ്‌ (1999), ഗ്രാന്‍ഡ്‌ ബൗഹാനിയ മെഡല്‍ (2010) എന്നിവയാണ്‌ നോബല്‍ കൂടാതെ അദ്ദേഹത്തെ തേടിയെത്തിയ പ്രധാന ബഹുമതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍