This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവേരി നദീജലതര്‍ക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവേരി നദീജലതര്‍ക്കം

തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ കാവേരി നദീജലം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍. കേരളവും പോണ്ടിച്ചേരിയും ഇതില്‍ കക്ഷികളാണ്‌. കുടകില്‍ നിന്നുത്ഭവിച്ച്‌ കര്‍ണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലൂടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന നദിയാണ്‌ കാവേരി. കേരളത്തിലെ കബനി നദി കാവേരിയില്‍ ചെന്നുചേരുന്നു. കാവേരിയുടെ ഒരു കൈവഴി പോണ്ടിച്ചേരിയിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

1807ലാണ്‌ കാവേരി നദീജല തര്‍ക്കം ആരംഭിക്കുന്നത്‌. അക്കാലത്ത്‌ മൈസൂര്‍ സാമന്തരാജഭരണത്തിനുകീഴിലും മദ്രാസ്‌ ബ്രിട്ടീഷധീനതയിലുമായിരുന്നു. മദ്രാസ്‌, മൈസൂര്‍ രാജവംശങ്ങള്‍ തമ്മില്‍ ബ്രിട്ടീഷ്‌ മധ്യസ്ഥതയില്‍ ദശകങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഇരുഭരണകൂടങ്ങളും ജലം ഉപയോഗിക്കുന്നതിന്‌ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. 1881ല്‍ മൈസൂറിന്റെ പരിഷ്‌കരിച്ച പദ്ധതിയെ മദ്രാസ്‌ എതിര്‍ത്തതിന്റെ ഫലമായി 1890ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഒരു യോഗം വിളിച്ചുചേര്‍ക്കുകയും 1892ല്‍ കരാര്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഇതില്‍ മൈസൂര്‍ അസംതൃപ്‌തരായിരുന്നു. കരാര്‍ ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന മദ്രാസിന്‌ അനുകൂലമാണെന്നായിരുന്നു അവരുടെ പരാതി. എന്നാല്‍ 3,000,000 ഏക്കര്‍ ഭൂമി നിലവില്‍ ഈ ജലമുപയോഗിച്ച്‌ കൃഷിയോഗ്യമാക്കിയിരിക്കുന്നുവെന്നും, അതില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ലക്ഷക്കണക്കിന്‌ കര്‍ഷകരുടെ ജീവിതത്തെ അത്‌ ഗുരുതരമായി ബാധിക്കുമെന്നും തമിഴ്‌നാട്‌ വാദിച്ചു. ഒത്തുതീര്‍പ്പുശ്രമങ്ങള്‍ ഉണ്ടായെങ്കിലും അവയെല്ലാം പരാജയപ്പെട്ടു.

1910ല്‍ മൈസൂര്‍ രാജാവ്‌ കണ്ണംബാഡി ഗ്രാമത്തില്‍ 41.5 ടി.എം.സി. ജലസംഭരണശേഷിയുള്ള അണക്കെട്ട്‌ നിര്‍മിക്കാന്‍ തീരുമാനിച്ചു. മദ്രാസ്‌ ഗവണ്‍മെന്റ്‌ ഇതിന്‌ അംഗീകാരം നല്‌കിയില്ലെന്ന്‌ മാത്രവുമല്ല, മേട്ടൂരില്‍ 80 ടി.എം.സി, സംഭരണശേഷിയുള്ള അണക്കെട്ട്‌ നിര്‍മിക്കാനും തീരുമാനിച്ചു. എന്നാല്‍ മൈസൂര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ച്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ അണയുടെ സംഭരണശേഷി 11 ടി.എം.സി.യാക്കി കുറച്ചു. തര്‍ക്കത്തെ തുടര്‍ന്ന്‌ സര്‍ എച്ച്‌.ഡി. ഗ്രിഫിന്‍ ആര്‍ബിറ്റേറ്ററായുള്ള കമ്മിറ്റി 1914ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും മൈസൂറിന്‌ 11 ടി.എം.സി. ശേഷിയുള്ള ജലസംഭരണി നിര്‍മിക്കാന്‍ അനുമതി ലഭിക്കുകയുമുണ്ടായി. ഈ കരാറനുസരിച്ച്‌ മൈസൂര്‍ 1,10,000 ഏക്കറില്‍ കൂടുതലോ, മദ്രാസ്‌ 3,01,000 ഏക്കറില്‍ കൂടുതലോ (നിലവിലുള്ള) കൃഷിക്കായി ജലം ഉപയോഗിക്കുവാന്‍ പാടില്ല എന്നതിനാല്‍ മദ്രാസ്‌ ഗവണ്‍മെന്റ്‌ അപ്പീലിനുപോവുകയും തര്‍ക്കം തുടരുകയും ചെയ്‌തു. 1924, 1929, 1933കളിലും ചെറു കരാറുകള്‍ നിലവില്‍ വന്നു. 1924ലെ കരാര്‍ 50 വര്‍ഷത്തിനുശേഷം അസാധുവായി.

1947ല്‍ സ്വാതന്ത്യ്രം കിട്ടിയതോടെ മദ്രാസ്‌, മൈസൂര്‍ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളായി. 1956ല്‍ ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകൃതമായതോടെ അതിര്‍ത്തികള്‍ മാറിമറിഞ്ഞു. കാവേരി നദിയുടെ ഉദ്‌ഭവസ്ഥാനമായ കുടക്‌ മൈസൂറിന്റെ ഭാഗമായി. മലബാര്‍ കേരളത്തിന്റെ ഭാഗമാവുകയും പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമാവുകയും ചെയ്‌തു. കബനിനദി കേരളത്തിലാണ്‌ ഉദ്‌ഭവിക്കുന്നത്‌ എന്നതുകൊണ്ട്‌ കേരളവും, പോണ്ടിച്ചേരിയിലാണ്‌ അവസാനിക്കുന്നത്‌ എന്നതിനാല്‍ അവരും ജലത്തിന്റെ പങ്ക്‌ ആവശ്യപ്പെട്ടു. 1960ഓടെ കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. 10 വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തി കാവേരി ഫാക്‌ട്‌ ഫൈന്‍ഡിങ്‌ കമ്മിറ്റി (KFFC) രൂപീകരിക്കുകയും 1973ല്‍ അന്തിമറിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തു. 1974ല്‍ കാവേരി വാലി അതോറിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചെങ്കിലും കരാര്‍ നിലവില്‍ വന്നില്ല. 1976ല്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇഎഎഇയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജഗജീവന്‍ റാമിന്റെ അധ്യക്ഷതയില്‍ മറ്റൊരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി. ഇത്‌ എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുകയും പാര്‍ലമെന്റില്‍ വയ്‌ക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. തമിഴ്‌നാട്ടില്‍ രാഷ്‌ട്രപതിഭരണം നിലവില്‍വരികയും അതിനെത്തുടര്‍ന്ന്‌ എ.ഐ.എ.ഡി.എം.കെ. അധികാരത്തില്‍ വരികയും ചെയ്‌തതോടെ പ്രശ്‌നത്തിന്‌ പുതിയ വഴിത്തിരിവായി.

കരാര്‍ അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ച തമിഴ്‌നാട്‌ 1924ലെ കരാര്‍ മാത്രമാണ്‌ പോംവഴിയെന്നും വാദിച്ചു. കുടകിലെ കുശാലനഗരിയില്‍ കര്‍ണാടക അണക്കെട്ട്‌ പണിയാന്‍ തുടങ്ങിയതോടെ തമിഴ്‌നാട്‌ കോടതിയെ സമീപിച്ചു. പിന്നീട്‌ തമിഴ്‌നാട്‌ കേസില്‍നിന്ന്‌ പിന്മാറുകയും ട്രബ്യൂണല്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇരു സംസ്ഥാനങ്ങളും വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 1990 ജൂണ്‍ 2ന്‌ പ്രധാനമന്ത്രി വി.പി. സിങ്ങാണ്‌ മൂന്നംഗ ട്രബ്യൂണല്‍ രൂപീകരിച്ചത്‌. എന്നാല്‍ ട്രബ്യൂണലിന്റെ നടപടികളില്‍ അതൃപ്‌തി വര്‍ധിപ്പിച്ചതിന്റെ ഫലമായി 1991ല്‍ വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. കര്‍ണാടകത്തില്‍ തമിഴരും, തമിഴ്‌നാട്ടില്‍ കന്നഡികരും അക്രമിക്കപ്പെട്ടു. 199596 ലെ കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന്‌ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം തമിഴ്‌നാട്‌ കര്‍ണാടകയ്‌ക്ക്‌ വെള്ളം വിട്ടുകൊടുക്കേണ്ടിവന്നു. ഇതിനിടയില്‍ കാവേരി റിവര്‍ അതോറിറ്റി രൂപീകരിച്ചെങ്കിലും തര്‍ക്കങ്ങള്‍ തുടര്‍ന്നു. 2002ല്‍ മഴ ലഭ്യത കുറഞ്ഞത്‌ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കര്‍ണാടകയ്‌ക്ക്‌ വെള്ളം വിട്ടുനല്‌കേണ്ടിയും വന്നു. എന്നാല്‍ കാവേരി ജില്ലയിലെ കര്‍ഷകപ്രക്ഷോഭത്തെത്തുടര്‍ന്ന്‌ വെള്ളം വിട്ടുനല്‍കുന്നത്‌ നിര്‍ത്തിവച്ചു. ഒരാള്‍ ആത്മാഹുതി ചെയ്‌തതോടെ പ്രശ്‌നം രൂക്ഷമായി. സുപ്രീംകോടതിയുടെ ഉത്തരവ്‌ കര്‍ണാടക സ്വീകരിച്ചില്ല. പ്രക്ഷോഭ സമരങ്ങള്‍ രൂക്ഷമാവുകയും കര്‍ണാടകയിലെ നെയ്‌വേലി പവര്‍സ്റ്റേഷന്‍ അക്രമിക്കപ്പെടുകയുമുണ്ടായി. 200305 കാലയളവില്‍ ആവശ്യമായ മഴ ലഭിച്ചത്‌ ഇരു സംസ്ഥാനങ്ങളിലും താത്‌കാലികമായി ശാന്തത കൈവരിക്കാന്‍ സഹായിച്ചു. 2005ല്‍ തീരുമായിരുന്ന ട്രബ്യൂണലിന്റെ കാലാവധി രണ്ടുതവണ ദീര്‍ഘിപ്പിച്ചു. 2007ലാണ്‌ ട്രബ്യൂണലിന്റെ അന്തിമവിധി വന്നത്‌. ഇതുപ്രകാരം തമിഴ്‌നാടിന്‌ 419 ബില്യന്‍ ക്യുബിക്‌ അടി വെള്ളവും കര്‍ണാടകയ്‌ക്ക്‌ 270 ബില്യന്‍ ക്യുബിക്‌ അടി വെള്ളവും കേരളത്തിന്‌ 30 ബില്യന്‍ ക്യുബിക്‌ അടി വെള്ളവും പേണ്ടിച്ചേരിക്ക്‌ 7 ബില്യന്‍ ക്യുബിക്‌ അടി വെള്ളവും ലഭിക്കും. കര്‍ണാടക തീരുമാനത്തില്‍ അസംതൃപ്‌തി പ്രകടിപ്പിക്കുകയും റിവ്യു പെറ്റീഷന്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. പൂര്‍ണമായും പരിഹരിക്കപ്പെടാതെ പ്രശ്‌നം ഇപ്പോഴും (2011) തുടരുകതന്നെയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍