This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവേരി

തെക്കേ ഇന്ത്യയിലെ ഒരു നദി. പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉദ്‌ഭവിച്ച്‌ ആദ്യം കര്‍ണാടക സംസ്ഥാനത്തിലൂടെയും പിന്നീട്‌ തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ എന്നീ ജില്ലകളിലൂടെയും (768 കി.മീ.) ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഈ നദിയുടെ ആവാഹക്ഷേത്രം 72,520 ച.കി.മീ. വിസ്‌തൃതമാണ്‌. "ദക്ഷിണഗംഗ' എന്നുകൂടി വിളിക്കപ്പെടുന്ന കാവേരി ഒരു പുണ്യനദിയായി കരുതപ്പെടുന്നു.

കാവേരി നദി

കുടകിലെ ശൈയമലയാണ്‌ കാവേരിയുടെ പ്രഭവസ്ഥാനം. 30' (9.1 മീ.) സമചതുരമായ ഒരു തീര്‍ഥമായി ഇത്‌ മാറ്റപ്പെട്ടിരിക്കുന്നു. "തലൈക്കാവേരി' എന്നറിയപ്പെടുന്ന ഈ സ്ഥലത്ത്‌ "കാവേരിമാതാ'വിനായി അര്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു ക്ഷേത്രമുണ്ട്‌. കുളത്തില്‍ നിന്നു നീര്‍ച്ചോലയായി ഒഴുകുന്ന ജലം മലഞ്ചരിവുകള്‍ കടന്നു പാകമണ്‌ഡലം എന്നയിടത്തെത്തുന്നതോടെ പുഴയായിത്തീരുന്നു; ഹേമാവതി, ലക്ഷ്‌മണ തീര്‍ഥം എന്നീ ചിറ്റാറുകള്‍ സംഗമിക്കുന്നതോടെയാണ്‌ കാവേരി നദിയായി മാറുന്നത്‌. വയനാട്ടില്‍ ഉദ്‌ഭവിച്ച്‌ കിഴക്കോട്ടൊഴുകുന്ന കബനിയാറും കര്‍ണാടക സംസ്ഥാനത്തുവച്ചു കാവേരിയില്‍ ലയിക്കുന്നു. കര്‍ണാടക സംസ്ഥാനത്തിനുള്ളില്‍ത്തന്നെ ഈ നദിക്കു കുറുകേ വലുതും ചെറുതുമായി 12 അണക്കെട്ടുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ കണ്ണമ്പാടിയിലുള്ള കൃഷ്‌ണരാജസാഗര്‍ അണക്കെട്ടാണ്‌ ഏറ്റവും വലുത്‌. ഈ അണക്കെട്ടിന്‌ താഴെ കാവേരി രണ്ടു ശാഖകളായി പിരിഞ്ഞ്‌ ഉദ്ദേശം 13 കി.മീ. ഒഴുകിയശേഷം വീണ്ടും ഒത്തുചേരുന്നു. നദീമാര്‍ഗങ്ങള്‍ക്കിടയിലുള്ള തുരുത്ത്‌ (അരങ്കം) ശ്രീരംഗപട്ടണം എന്ന്‌ അറിയപ്പെടുന്നു; ആദ്യത്തെ അരങ്കം എന്ന കാരണത്താല്‍ ഈ പ്രദേശത്തിന്‌ ആതിരങ്കം (ആദി അരങ്കം) എന്നു പേരുണ്ട്‌. തുടര്‍ന്ന്‌ സങ്കീര്‍ണഭൂപ്രകൃതിയുള്ള തഴക്കാടു പ്രദേശത്തു കൂടിയാണ്‌ ഈ നദിയുടെ ഗതി. ശിവസമുദ്രം എന്ന സ്ഥലത്തുവച്ചു നദി വീണ്ടും രണ്ടായി പിരിയുന്നു. ഇവിടെ വടക്കുനിന്നു തെക്കോട്ട്‌ ഒഴുകുന്ന നദിയില്‍ ഗഗന്‍ചുക്കി, ബറാചുക്കി എന്നിങ്ങനെ രണ്ട്‌ ജലപാതങ്ങളുണ്ട്‌. ഈ പ്രപാതങ്ങള്‍ക്കു മുമ്പും പിമ്പുമുള്ള നദീഭാഗങ്ങള്‍ക്കിടയിലെ ഉയരവ്യത്യാസം 98 മീ. ആണ്‌. ഈ ജലപാതങ്ങളെ ഉപയോഗപ്പെടുത്തി ജലവൈദ്യുതി ഉത്‌പാദിപ്പിക്കുന്നു; ഉദ്ദേശം 147 കി.മീ. ദൂരത്തുള്ള കോളാര്‍ സ്വര്‍ണഖനി പ്രവര്‍ത്തിപ്പിക്കുന്നത്‌ ഈ വൈദ്യുതി ഉപയോഗിച്ചാണ്‌. കര്‍ണാടക സംസ്ഥാനത്തിലെ വ്യവസായ പുരോഗതിയുടെ അടിത്തറ പാകിയത്‌ ശിവസമുദ്രത്തിലെ ജലവൈദ്യുതി പദ്ധതിയായിരുന്നു. ഇവിടെയുള്ള തുരുത്തിന്‌ മൊത്തത്തില്‍ ശിവസമുദ്രം എന്നാണ്‌ പേര്‌. വീണ്ടും ഒന്നിച്ചു ചേരുന്ന കാവേരി തുടര്‍ന്നു നന്നേ ഇടുങ്ങിയ ഒരു ചുരത്തിലൂടെ ഒഴുകുന്നു; അത്യഗാധമായ ഈ ഭാഗത്ത്‌ നദിയുടെ വീതി 4 മീ. മാത്രമാണ്‌. ആടുകള്‍ക്കുപോലും ചാടിക്കടക്കാവുന്നത്‌ എന്ന അര്‍ഥത്തില്‍ ഇവിടം "മേകതാട്‌' എന്ന പേരില്‍ അറിയപ്പെടുന്നു. തുടര്‍ന്ന്‌ തമിഴ്‌നാട്ടിലേക്കു കടക്കുന്ന കാവേരി സേലം, കോയമ്പത്തൂര്‍ എന്നീ ജില്ലകള്‍ക്കിടയിലെ അതിര്‍ത്തിയായി ഒഴുകുന്നു; നിരവധി പോഷകനദികള്‍ ഇതുമായി സംഗമിക്കുന്നുണ്ട്‌. ഈ ഭാഗത്താണ്‌ പ്രസിദ്ധമായ ഹൊക്കെനക്കല്‍ ജലപാതം. കരിമ്പാറക്കെട്ടുകളില്‍ കുത്തനെ വീഴുന്ന ജലധാര ഉത്‌പാദിപ്പിക്കുന്ന നീരാവി ധൂമപടലം പോലെ ഉയര്‍ന്നു പൊങ്ങുന്നത്‌ ഈ അരുവിയുടെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ഇക്കാരണത്താലാണ്‌ ഈ പ്രപാതത്തിന്‌ ഹൊക്കെ (= പുക) എന്ന കന്നഡ പദവുമായി ബന്ധപ്പെട്ട പേര്‌ കിട്ടിയിരിക്കുന്നത്‌. തിരിച്ചെങ്കോട്‌, ഓമലൂര്‍ താലൂക്കുകളിലൂടെ മുന്നോട്ടു ഗമിക്കുന്ന കാവേരി സീതാമല, പാലമല എന്നിവയ്‌ക്കിടയിലൂടെ മേട്ടൂരിലെത്തുന്നു. ഇവിടെ മലകള്‍ നന്നേ ഞെരുങ്ങി സ്ഥിതിചെയ്യുന്നതുമൂലം ഉണ്ടായിട്ടുള്ള ചുരത്തിലാണ്‌ മേട്ടൂര്‍ അണക്കെട്ട്‌.

തലൈക്കാവേരി

മേട്ടൂരിനുശേഷം കാവേരിയുടെ ഗതി പ്രായേണ സമതലങ്ങളിലൂടെയാണ്‌. ഇവിടെവച്ച്‌ പ്രധാന പോഷകനദികളിലൊന്നായ ഭവാനി കാവേരിയില്‍ ലയിക്കുന്നു. ഈറോഡിനടുത്ത്‌ നൊയ്യല്‍, തിരുമണി എന്നീ ആറുകളും കാവേരിയില്‍ ഒഴുകിച്ചേരുന്നു. തിരുച്ചിറപ്പള്ളി ജില്ലയിലെ കരൂരിനു സമീപം അമരാവതിയുമായി സംഗമിക്കുന്നതോടെ കാവേരി ഒരു വന്‍ നദിയായി രൂപം കൊള്ളുന്നു. തിരുച്ചിറപ്പള്ളിക്ക്‌ 128 കി.മീ. പടിഞ്ഞാറ്‌ ഇലമന്നൂര്‍ എന്ന സ്ഥലത്തുവച്ച്‌ കാവേരിയുടെ ആദ്യത്തെ കൈവഴി പിരിയുന്നു. കൊള്ളിടമാറ്‌ എന്നു വിളിക്കപ്പെടുന്ന ഈ നദി വടക്കോട്ടു പിരിഞ്ഞ്‌ കാവേരിയോളം മുഴുപ്പോടെ തെക്കേ ആര്‍ക്കാട്ടു ജില്ലയെ ചുറ്റിയൊഴുകി ദേവിക്കോട്ട എന്ന സ്ഥലത്തുവച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. കൊള്ളിടമാറ്‌ പിരിയുന്നതിനു മുമ്പുള്ള നദീമാര്‍ഗത്തെ അഖണ്‌ഡ കാവേരി എന്നു വിശേഷിപ്പിക്കാറുണ്ട്‌. ഉദ്ദേശം 27 കി.മീ. ദൂരം പരസ്‌പരം അകന്നൊഴുകിയ ശേഷം കൊള്ളിടമാറ്‌ കാവേരിക്കു തൊട്ടടുത്ത്‌ എത്തിച്ചേരുന്നു. ഇവിടെ രണ്ടു നദീമാര്‍ഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലാശയ (ഉള്ളാര്‍) ഭാഗത്ത്‌ ഉണ്ടായിട്ടുള്ള തുരുത്താണ്‌ തിരുവരങ്കം. പ്രസിദ്ധമായ ചില ഹൈന്ദവക്ഷേത്രങ്ങള്‍ തിരുവരങ്കത്തെ ഒരു തീര്‍ഥാടന കേന്ദ്രമായി മാറ്റിയിരിക്കുന്നു. മുന്‍കാലത്തെ ചോളതലസ്ഥാനമായിരുന്ന ഉറൈയൂര്‍ കാവേരിയുടെ തെക്കേക്കരയിലായിരുന്നു.

കൃഷ്‌ണരാജസാഗര്‍ അണക്കെട്ട്‌

ഉള്ളാറിനു കുറുകേ നിര്‍മിക്കപ്പെട്ടിരിക്കുന്ന കല്ലണ ആണ്‌ കാവേരിയെയും കൊള്ളിടമാറിനെയും വേര്‍തിരിച്ചു നിര്‍ത്തുന്നത്‌; ശതാബ്‌ദങ്ങള്‍ക്കു മുമ്പു ചോളരാജാക്കന്മാരാല്‍ നിര്‍മിക്കപ്പെട്ട അണക്കെട്ടാണിത്‌. ഇതിനടുത്തുതന്നെ കാവേരിക്കു കുറുകേ മറ്റൊരണക്കെട്ടുണ്ട്‌. കാവേരിയുടെ മറ്റൊരു പിരിവായ വെണ്ണാറിലേക്കു വെള്ളം തിരിച്ചുവിടുകയാണ്‌ ഈ അണക്കെട്ടിന്റെ മുഖ്യധര്‍മം; തന്മൂലം "കാവേരിവെണ്ണാര്‍ റെഗുലേറ്റര്‍' എന്നു വിളിക്കപ്പെടുന്നു. ഈ അണക്കെട്ടുകളെ മൊത്തത്തില്‍ "ഗ്രാന്‍ഡ്‌ അണക്കെട്ട്‌' എന്നാണ്‌ വ്യവഹരിക്കുന്നത്‌. കല്ലണയ്‌ക്കു താഴെ കാവേരി വീണ്ടും പല കൈവഴികളായി പിരിയുന്നു. ഇവയില്‍ പ്രധാനപ്പെട്ടത്‌ വെണ്ണാര്‍ ആണ്‌. കുടമുരുട്ടിയാറ്‌, വെട്ടാറ്‌, അരിശിലാറ്‌, വീരചോഴനാറ്‌, വടവാറ്‌, പാമണിയാറ്‌, തിരുമലരാജനാറ്‌ തുടങ്ങിയ കൈവഴികളും പ്രസ്‌താവമര്‍ഹിക്കുന്നവയാണ്‌. വെണ്ണാര്‍തന്നെ പല ശാഖകളായി പിരിയുന്നുണ്ട്‌. ഈ ആറുകളും അവയില്‍നിന്നും ശതക്കണക്കിനു കി.മീ. ദൂരത്തില്‍ വെട്ടിയിട്ടുള്ള തോടുകളും തഞ്ചാവൂര്‍ ജില്ലയെ ജലസിക്തമാക്കുന്നു.

കാവേരിതീരം ജനസാന്ദ്രമായ അധിവാസകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. നിരവധി പട്ടണങ്ങള്‍ ഈ നദീതീരത്ത്‌ വളര്‍ന്നിട്ടുണ്ട്‌. ഇവയില്‍ തിരുവൈയാര്‍, കുംഭകോണം, മായൂരം മുതലായ പട്ടണങ്ങള്‍ തീര്‍ഥാടനകേന്ദ്രങ്ങളെന്ന നിലയിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്‌. തരംഗപാടി എന്ന സ്ഥലത്തിന്‌ 16 കി.മീ. വടക്കായി കാവേരി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. നിരവധി കൈവഴികളിലൂടെയുള്ള ജലശോഷണം നിമിത്തം പതനസ്ഥാനത്തെത്തുമ്പോഴും നദിയുടെ വീതി 18 മീ. ആയി കുറയുന്നു. കാവേരിയുടെ പതനസ്ഥാനം പരിപാവനമായ ഒരു പുണ്യതീര്‍ഥമായിട്ടാണ്‌ കരുതപ്പെടുന്നത്‌. "തണ്ണാറുങ്കാ വിരിത്താതുമലി പെരുന്തുറൈ പുണ്ണിയ നന്നീര്‍' എന്നിങ്ങനെയാണ്‌ ഇളങ്കോ അടികള്‍ ഈ തീര്‍ഥത്തിന്റെ മാഹാത്മ്യം സൂചിപ്പിച്ചിട്ടുള്ളത്‌. ചോളരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന "കാവിരിപ്പൂം പട്ടണം' ഈ നദീമുഖത്തായിരുന്നുവെന്നു കരുതപ്പെടുന്നു.

ഹൊക്കെനക്കല്‍ ജലപാതം

"കാവേരി'യുടെ നിഷ്‌പത്തിയെക്കുറിച്ചു പല ഐതിഹ്യങ്ങളും ഉണ്ട്‌. ശൂരപദ്‌മാസുരനെ ഭയന്ന്‌ ഇന്ദ്രനും ദേവഗണങ്ങളും സമുദ്രത്തിനടിയില്‍ ഒളിച്ചപ്പോള്‍ അവര്‍ പരിപാലിച്ചുപോന്ന "നന്ദവനം' വെള്ളംകിട്ടാതെ ഉണങ്ങിത്തുടങ്ങി. ഇതിനു പരിഹാരമുണ്ടാക്കുവാന്‍ ദേവേന്ദ്രന്‍ ഗണപതിയോട്‌ അഭ്യര്‍ഥിച്ചു. ശൈയമലയില്‍ തപസ്സനുഷ്‌ഠിച്ചുപോന്ന അഗസ്‌ത്യമുനിയുടെ കമണ്‌ഡലുവില്‍ സൂക്ഷിച്ചിരുന്ന ദിവ്യജലത്തെ വിനായകന്‍ കാകരൂപം പൂണ്ട്‌ തട്ടിക്കമഴ്‌ത്തുകയും, വാര്‍ന്നൊഴുകിയ ദിവ്യജലം വിപുലമായ ജലൗഘമായി വളര്‍ന്നു വന്‍നദിയുടെ രൂപത്തില്‍ പരന്നൊഴുകുകയും ചെയ്‌തു. ഇങ്ങനെ ഈ നദിക്ക്‌ "കാകവിരി' എന്ന പേര്‍ സിദ്ധിച്ചുവെന്നും ഈ പേര്‌ ലോപിച്ച്‌ "കാവിരി'യായിത്തീര്‍ന്നുവെന്നും സ്‌കന്ദപുരാണത്തില്‍ പ്രതിപാദിച്ചുകാണുന്നു. നദിയുടെ പേര്‌ തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ളതുപോലെ "കാവിരി' അല്ല; "കാവേരി' ആണെന്നാണ്‌ മറ്റൊരഭിപ്രായം. ചിലപ്പതികാരത്തില്‍ ഈ നദിയെ "കാവേരി' എന്ന പേരിലാണ്‌ വര്‍ണിച്ചിട്ടുള്ളത്‌. കവേരന്‍ എന്ന രാജാവ്‌ സന്താനഭാഗ്യത്തിനായി ബ്രഹ്മാവിനെ പ്രീതിപ്പെടുത്തുവാന്‍ തപസ്സനുഷ്‌ഠിച്ചു. ബ്രഹ്മാവ്‌ തന്റെ മകള്‍ വിഷ്‌ണുമായയെ കവേരന്റെ മകളായി നിയോഗിച്ചു. കവേരന്റെ പുത്രിയായി ജനിക്കയാല്‍ കാവേരി എന്ന പേര്‍ കൈവന്നു. ദേവാംശഭൂതയായ ഈ കുമാരി വിഷ്‌ണുവിനെ തപസ്സുചെയ്‌തു പ്രത്യക്ഷപ്പെടുത്തി; ഭഗവാന്റെ നിയോഗത്താല്‍ ലോപാമുദ്ര എന്ന പേരില്‍ അഗസ്‌ത-്യമുനിയുടെ ഭാര്യയായിത്തീരുകയും ചെയ്‌തു. ദൈവാജ്ഞപ്രകാരം അഗസ്‌ത്യന്‍ ഈ കുമാരിയെ തീര്‍ഥജലമാക്കി കമണ്‌ഡലുവില്‍ എടുത്തുകൊണ്ട്‌ ശൈയമലയില്‍ എത്തി. ഈ മലയില്‍ ബ്രഹ്മാവ്‌ തപസ്സനുഷ്‌ഠിക്കുകയായിരുന്നു (ഇക്കാരണത്താലാണ്‌ ഈ മലയ്‌ക്ക്‌ ബ്രഹ്മഗിരി എന്നു പേര്‍ വന്നത്‌). ബ്രഹ്മാവിന്റെ മുന്നില്‍ വിഷ്‌ണുഭഗവാന്‍ നെല്ലിമരത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ബ്രഹ്മദേവന്‍ തന്റെ കമണ്‌ഡലുവില്‍ നിറച്ചിരുന്ന വ്രജാനദിയിലെ പുണ്യജലം ശംഖില്‍ പകര്‍ന്ന്‌ തരുരൂപത്തില്‍ പ്രത്യക്ഷനായ വിഷ്‌ണുഭഗവാന്റെ പാദപ്രക്ഷാളനത്തിനൊരുങ്ങി. ഈ അവസരത്തില്‍, ബ്രഹ്മശക്തിയാല്‍, രൂക്ഷമായ കൊടുങ്കാറ്റുണ്ടാവുകയും അതിന്റെ ഫലമായി അഗസ്‌ത്യന്റെ കമണ്‌ഡലു കമിഴ്‌ന്ന്‌ അതില്‍ ജലരൂപത്തില്‍ സ്ഥിതിചെയ്‌തിരുന്ന കാവേരി ബഹിര്‍ഗമിക്കുകയും ചെയ്‌തു. വ്രജാതീര്‍ഥവുമായി സംഗമിച്ച്‌ ഈ തീര്‍ഥജലം പെരുകി നദിയായിത്തീര്‍ന്നു. ഇങ്ങനെയാണ്‌ അഗ്നിപുരാണത്തില്‍ കാവേരിയുടെ ഉത്‌പത്തിയെക്കുറിച്ച്‌ പ്രതിപാദിച്ചുകാണുന്നത്‌.

ഒരിക്കല്‍ ചോളരാജ്യത്ത്‌ രൂക്ഷമായ വരള്‍ച്ച ബാധിക്കയാല്‍ അക്കാലത്തെ രാജാവായ കാന്തമന്‍ അഗസ്‌ത്യമുനിയോട്‌ പരിഹാരം കാണുവാന്‍ യാചിച്ചുവെന്നും അതനുസരിച്ച്‌ മുനി തന്റെ കമണ്‌ഡലുവിലെ തീര്‍ഥജലം ഒഴുക്കി കാവേരി നദിക്ക്‌ പ്രഭാവം നല്‌കിയെന്നും മണിമേഖലയില്‍ വിവരിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍