This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവുമ്പായി സമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവുമ്പായി സമരം

കാവുമ്പായി സ്‌മാരകം-പഴയകാല ചിത്രം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പു താലൂക്കിലുള്ള ഇരിക്കൂര്‍ ഫര്‍ക്കയില്‍പ്പെട്ട കാവുമ്പായി ഗ്രാമത്തില്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ വീരേതിഹാസം സൃഷ്‌ടിച്ച സമരം. കയ്യൂരിലും കരിവെള്ളൂരിലും നടന്ന വെടിവയ്‌പുകള്‍ക്കു(1941)ശേഷം കര്‍ഷകസമരത്തിന്റെ തീച്ചൂളയായി മാറിയതോടെയാണ്‌ ഈ ഗ്രാമത്തിന്‌ രാഷ്‌ട്രീയ പ്രാധാന്യമുണ്ടായത്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഉത്തരകേരളത്തിലെങ്ങും അലയടിച്ചുയര്‍ന്ന കര്‍ഷകപ്രസ്ഥാനത്തിന്റെ പുരോഗതിയും കാവുമ്പായിയിലും ചലനങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. 1946 നവംബറില്‍ ഇതിനടുത്ത കുയിലൂരില്‍നിന്ന്‌ കര്‍ഷകരുടെ ഒരു ജാഥ തലശ്ശേരിയിലെത്തി പുനംകൃഷി അനുവദിച്ചുകിട്ടാന്‍വേണ്ടി സബ്‌കലക്‌ടര്‍ക്കു നിവേദനം നല്‌കി; മറ്റൊരു ജാഥ കോഴിക്കോട്ട്‌ എത്തി കലക്‌ടര്‍ക്കും നിവേദനം സമര്‍പ്പിച്ചു. കാവുമ്പായിയിലെ കര്‍ഷകര്‍ മദിരാശിയിലെത്തി അന്നത്തെ റവന്യൂമന്ത്രിക്കും നിവേദനം നല്‌കിയിരുന്നു. എന്നാല്‍ പുനം കൃഷിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടായില്ലെന്നു മാത്രമല്ല, കുയിലൂര്‍, കാവുമ്പായി പ്രദേശങ്ങളിലെ കര്‍ഷകര്‍ ജന്മിമാരുടെ കിരാതമര്‍ദനങ്ങള്‍ക്കു വിധേയരാവുകയും ചെയ്‌തു. ഈ മര്‍ദനങ്ങളെ നേരിടാന്‍വേണ്ടി കൃഷിക്കാര്‍ രൂപവത്‌കരിച്ച സന്നദ്ധസേന കുയിലൂരില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുമ്പോള്‍ പൊലീസ്‌ അവരെ വേട്ടയാടി.

പുനംകുത്താന്‍ കിട്ടാത്തതുകൊണ്ട്‌ തൊഴിലവസരം നഷ്‌ടപ്പെട്ട കൃഷിക്കാര്‍ ആകെ പട്ടിണിയിലായി. ഇതിനു പുറമേ ജന്മിമാരുടെയും അവരുടെ കാര്യസ്ഥന്മാരുടെയും പൊലീസിന്റെയും മര്‍ദനങ്ങളും അവരെ അത്യധികം പീഡിപ്പിച്ചു. ഇതിനെ ചെറുക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ 1946 ഡി. 8ന്‌ രാത്രി കാവുമ്പായി ക്കുന്നില്‍ ആലോചനായോഗം ചേര്‍ന്നു; നാടനായുധങ്ങളും കരസ്ഥമാക്കി. കരക്കാട്ടിടം നായനാര്‍ എന്ന ജന്മിയുടെ വീട്ടില്‍ ക്യാമ്പുചെയ്‌തിരുന്ന എം.എസ്‌.പി.ക്കാര്‍ ആ രാത്രിയില്‍ കാവുമ്പായി ക്കുന്ന്‌ വളഞ്ഞു. ഉറങ്ങിക്കിടന്ന കര്‍ഷകനേതാക്കളായ പി. കുമാരന്‍, മഞ്ഞേരി ഗോവിന്ദന്‍ നമ്പ്യാര്‍, തെങ്ങില്‍ അപ്പു നമ്പ്യാര്‍, ബ്ലാത്തൂരിലെ കൃഷ്‌ണന്‍ എന്നിവരെ വെടിവച്ചും പുളിക്കല്‍ കുഞ്ഞിരാമനെ മര്‍ദിച്ചും കൊന്നു. നൂറിലധികം പേരെ പ്രതികളാക്കി പൊലീസ്‌ കേസും ചാര്‍ജ്‌ ചെയ്‌തു. പിന്നെയും ആറുമാസക്കാലത്തോളം ഈ പ്രദേശത്ത്‌ പൊലീസ്‌ മര്‍ദനം തുടര്‍ന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍