This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവുതീണ്ടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവുതീണ്ടല്‍

കാവുതീണ്ടല്‍ ചടങ്ങ്‌

മീനഭരണിയുത്സവത്തോടനുബന്ധിച്ച്‌ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്‌. കുംഭത്തിലെ ഭരണിനാള്‍ മുതല്‍ മീനത്തിലെ അശ്വതിനാള്‍ വരെയാണ്‌ ഭരണിക്കാലം. അശ്വതിനാളാണ്‌ കാവുതീണ്ടല്‍ നടക്കുന്നത്‌. അശ്വതി ദിവസം രാവിലെ തുടങ്ങുന്ന പൂജ നാലുമണിവരെ നീണ്ടുനില്‌ക്കും. അവസാനത്തെ പൂജ കഴിഞ്ഞാലുടന്‍ ദേവിയുടെ ആഭരണങ്ങളെല്ലാം അഴിച്ചു മാറ്റും. സന്ധ്യ കഴിഞ്ഞു പൂജാരിമാരായ അടികള്‍ ദേവീവിഗ്രഹത്തില്‍ ചന്ദനക്കൂട്ടു പൂശും. പൂജ കഴിഞ്ഞ്‌ നടയടച്ചാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ മൂത്ത തമ്പുരാന്‍ ബലിക്കല്‍പ്പുരയില്‍ വന്ന്‌ ഇരുപത്തിനാല്‌ സ്ഥാനികള്‍ക്ക്‌ ആയുധം നല്‌കും. ഇവര്‍ ദേവിയുടെ സേനാധിപന്മാരാണെന്നാണ്‌ സങ്കല്‌പം. ഈ ചടങ്ങിനുശേഷം രാജാവ്‌ ആല്‍ത്തറയില്‍ കയറിനിന്ന്‌ തന്റെ മുത്തുക്കുട നിവര്‍ത്തുന്നതോടെ "കാവുതീണ്ടല്‍' ചടങ്ങ്‌ ആരംഭിക്കുന്നു. ദേവി അപ്പോഴേക്കും ദാരികനെ വധിച്ചിട്ടുണ്ടെന്നാണ്‌ സങ്കല്‌പം. കാവുതീണ്ടലിന്റെ സമയമാകുമ്പോഴേക്കും "പാലയ്‌ക്കല്‍ വേലന്‍' ഘോഷയാത്രയായി വടക്കേനടയില്‍ എത്തിയിട്ടുണ്ടാവും. രാജാവ്‌ കുട നിവര്‍ത്തുന്ന മാത്രയില്‍ വേലനും സംഘവും തുള്ളിച്ചാടി തെറിപ്പാട്ടും പാടി ആര്‍ത്തട്ടഹസിച്ചു മൂന്നു പ്രാവശ്യം പ്രദക്ഷിണം ചെയ്‌തു ക്ഷേത്രത്തെ അശുദ്ധമാക്കും. മനുഷ്യരുടെ കൂടെ ഭൂതപ്രതാദികളും ഈ പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേലനും ആള്‍ക്കാരും ആയുധം ധരിച്ചിരിക്കും. ഇപ്പോള്‍ ആയുധത്തിന്റെ സ്ഥാനത്ത്‌ വെറും കമ്പു മാത്രമേ കൈയിലുണ്ടാവൂ.

കാവുതീണ്ടലിന്‌ അനുവാദം ലഭിക്കുമ്പോള്‍ ക്ഷേത്രത്തിനു ചുറ്റും കൂടിയിരിക്കുന്ന ഭക്തന്മാരും ആരവത്തോടുകൂടി ക്ഷേത്രത്തിനു ചുറ്റും ഓടുകയും വടികൊണ്ടും മറ്റും ക്ഷേത്രത്തിന്മേല്‍ അടിക്കുകയും അരി, ഉപ്പ്‌, മുളക്‌, മസാലപ്പൊടി, വെറ്റില, അടയ്‌ക്ക, മഞ്ഞപ്പൊടി, കുരുമുളക്‌ എന്നീ വഴിപാടു സാധനങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ എറിയുകയും ചെയ്യുന്നു. തീര്‍ഥാടകര്‍ തികഞ്ഞ ഭക്തിയോടെയാണ്‌ തെറിപ്പാട്ടുകള്‍ പാടിയിരുന്നത്‌. ഈ ക്ഷേത്രം ഒരു ബുദ്ധവിഹാരമായിരുന്നുവെന്നും ബൗദ്ധന്മാരെ തുരത്തുന്നതിനു വേണ്ടിയാണ്‌ തെറിപ്പാട്ടുകള്‍ പാടിയിരുന്നതെന്നും പിന്നീട്‌ ബുദ്ധവിഹാരം ഭഗവതീക്ഷേത്രമായപ്പോഴും ആ പഴയ ചടങ്ങ്‌ തുടര്‍ന്നു വരുന്നതാണെന്നും പറയപ്പെടുന്നു. 1930കളില്‍ ഈ തെറിപ്പാട്ടിനെതിരായി ജനപ്രക്ഷോഭമുണ്ടായതിനെത്തുടര്‍ന്ന്‌ തെറിപ്പാട്ടുകള്‍ പാടാറില്ല എന്നു തന്നെ പറയാം. ഭരണിയോടനുബന്ധിച്ചു നടന്നിരുന്ന കോഴിവെട്ടും 1945ലെ ഒരു നിയമംമൂലം നിരോധിക്കപ്പെട്ടു. ഇപ്പോള്‍ ഒരു കോഴിയെ പറപ്പിച്ചു വിടുക മാത്രമാണ്‌ ചെയ്യുന്നത്‌. നോ. കൊടുങ്ങല്ലൂര്‍

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍