This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവുങ്ങല്‍പ്പണിക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവുങ്ങല്‍പ്പണിക്കന്മാര്‍

കഥകളി നടന്മാര്‍. വടക്കാഞ്ചേരി(തൃശൂര്‍ ജില്ല)യില്‍ തിച്ചൂര്‍ അയ്യപ്പന്‍കാവിനു സമീപമുള്ള കാവുങ്ങല്‍ തറവാട്ടില്‍നിന്നു കഥകളിരംഗത്തേക്കു കടന്നവരാണ്‌ കാവുങ്ങല്‍പ്പണിക്കന്മാര്‍ എന്നപേരില്‍ അറിയപ്പെടുന്നത്‌. രാജാക്കന്മാരുടെയോ നാടുവാഴികളുടെയോ രക്ഷാകര്‍ത്തൃത്വം കൂടാതെ പരമ്പരാഗതമായ കലാവിരുതുകൊണ്ടും പരിശീലനംകൊണ്ടും കഥകളിരംഗത്തെ പരിപോഷിപ്പിച്ച കാവുങ്ങല്‍പ്പണിക്കന്മാരില്‍ പ്രമുഖര്‍ ഉണ്ണീരിപ്പണിക്കര്‍, രാമുണ്ണിപ്പണിക്കര്‍, കുഞ്ഞിക്കൃഷ്‌ണപ്പണിക്കര്‍, ചാത്തുണ്ണിപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, നാരായണപ്പണിക്കര്‍, ശങ്കരന്‍കുട്ടിപ്പണിക്കര്‍, ചാത്തുണ്ണിപ്പണിക്കര്‍ എന്നിവരാണ്‌.

1. ഉണ്ണീരിപ്പണിക്കര്‍ (1750-1830?). കാവുങ്ങല്‍ തറവാട്ടില്‍നിന്ന്‌ ആദ്യമായി കഥകളിരംഗത്തേക്കു കടന്നത്‌ ഉണ്ണീരിപ്പണിക്കരാണ്‌. ഇദ്ദേഹത്തിന്റെ ആദ്യകാല വിവരങ്ങള്‍ ലഭ്യമല്ല. കപ്ലിങ്ങാട്ടു നമ്പൂതിരിയുടെ കഥകളിയോഗത്തില്‍ ചെണ്ടക്കാരനായിരുന്നു ഉണ്ണീരി. ഇദ്ദേഹത്തിനു ചെണ്ടകൊട്ടിനു പുറമേ പാട്ടും വശമായിരുന്നു; മാത്രമല്ല, കഥകളിയുടെ എല്ലാവശങ്ങളിലും അഗാധജ്ഞാനവുമുണ്ടായിരുന്നു. സമര്‍ഥനായ കളിയാശാന്‍ കൂടിയായിരുന്ന ഉണ്ണീരിയുടെ മരുമകനാണ്‌ കാവുങ്ങല്‍പ്പണിക്കന്മാരില്‍ ആദ്യമായി പേരെടുത്ത രാമുണ്ണിപ്പണിക്കര്‍. ഉണ്ണീരിയുടെ ശിഷ്യന്മാരില്‍ പ്രമുഖരാണ്‌ പൊയിലത്തു ശേഖരവാരിയരും കലവൂര്‍ നാരായണമേനോനും.

2. രാമുണ്ണിപ്പണിക്കര്‍ (1809-80). കാവുങ്ങല്‍ തറവാട്ടിലെ ആദ്യത്തെ കഥകളി നടനായ രാമുണ്ണി 1809ല്‍ തിച്ചൂരില്‍ ജനിച്ചു. ഇട്ടീരിപ്പണിക്കരുടെ കീഴില്‍ കച്ചകെട്ടിയശേഷം മാതുലനായ ഉണ്ണീരിപ്പണിക്കരുടെ കളിയോഗത്തില്‍ച്ചേര്‍ന്നു വേഷംകെട്ടിത്തുടങ്ങി. ബാലനായിരുന്ന രാമുണ്ണിയുടെ കുട്ടിരാവണന്റെ വേഷം സ്വാതിതിരുനാള്‍ മഹാരാജാവിനെ ഹഠാദാകര്‍ഷിച്ചു. ഉണ്ണീരിയുടെ നിര്യാണാനന്തരം പതിനെട്ടുകാരനായ രാമുണ്ണിയാണ്‌ കളിയോഗത്തിന്റെ ഭാരമേറ്റെടുത്തത്‌. ഭീമന്‍ (ബകവധം), ഹനുമാന്‍ (കല്യാണസൗഗന്ധികം), അര്‍ജുനന്‍ (കാലകേയവധം), രാവണന്‍ (തോരണയുദ്ധം, ബാലിവിജയം), സുന്ദരബ്രാഹ്മണന്‍ (രുക്‌മിണീ സ്വയംവരം) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തവേഷങ്ങള്‍. ഇദ്ദേഹത്തിന്റെ ബാലിയും മികച്ചതാണ്‌. രാമുണ്ണിപ്പണിക്കര്‍ ദുരേ-്യാധനന്റെ വേഷംകെട്ടിത്തുടങ്ങിയതോടെയാണ്‌ കൊച്ചി പ്രദേശത്തു ദുര്യോധനവധത്തിന്‌ പ്രചാരമുണ്ടായത്‌. 1880ല്‍ ഇദ്ദേഹം നിര്യാതനായി. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‌ മരുമകനായ കുഞ്ഞിക്കൃഷ്‌ണപ്പണിക്കര്‍.

3. കുഞ്ഞിക്കൃഷ്‌ണപ്പണിക്കര്‍ (1827?1903). രാമുണ്ണിപ്പണിക്കരുടെ മരുമകനായ ഇദ്ദേഹം 1827?ല്‍ ജനിച്ചു. രാമുണ്ണിപ്പണിക്കരുടെ കീഴില്‍ കച്ചകെട്ടിയ ഇദ്ദേഹം പതിനെട്ടു വയസ്സായപ്പോഴേക്കും ആദ്യവസാനവേഷങ്ങള്‍കെട്ടി അഭ്യാസത്തികവു സമ്പാദിച്ചുകഴിഞ്ഞിരുന്നു. അമ്മാവന്റെ നിര്‍ദേശാനുസരണം ഇദ്ദേഹം മണ്‌ഡല ഭജനകൊണ്ടും സ്വയംവരമന്ത്രം ഉരുക്കഴിച്ചും കന്യാകുമാരീദേവിയെ പ്രസാദിപ്പിച്ചതായി പറയപ്പെടുന്നു. മടങ്ങിവരുന്നവഴി കുഞ്ഞിക്കൃഷ്‌ണന്‍ ഉത്രംതിരുനാള്‍ മഹാരാജാവിനെ കാണുകയും രാജാവിന്റെ ആജ്ഞാനുസരണം കാലകേയവധത്തിലെ അര്‍ജുനന്റെ വേഷംകെട്ടി രാജാവിന്റെ കൈയില്‍നിന്ന്‌ ഓണപ്പുടവയും മറ്റും നേടുകയുമുണ്ടായി. പച്ച, കത്തി തുടങ്ങിയ ഏതുവേഷവും ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. കുഞ്ഞിക്കൃഷ്‌ണപ്പണിക്കരുടെ ബാലി, സുഗ്രീവന്‍, ഹനുമാന്‍, രാവണന്‍, ചെറിയ നരകാസുരന്‍ എന്നീ വേഷങ്ങള്‍ പ്രസിദ്ധങ്ങളാണ്‌. അമ്മാവന്റെ കാലശേഷം കളിയോഗത്തിന്റെ ചുമതല ഏറ്റെടുത്ത ഇദ്ദേഹം 1903ല്‍ അന്തരിച്ചു.

4. ചാത്തുണ്ണിപ്പണിക്കര്‍ (1846-1922). കാവുങ്ങല്‍ തറവാട്ടിലെ മറ്റൊരു താവഴിയിലെ അംഗമായ ചാത്തുണ്ണി 1846ല്‍ ജനിച്ചു. കുഞ്ഞിക്കൃഷ്‌ണപ്പണിക്കരുടെ സഹനടനായിരുന്ന ചാത്തുണ്ണിയുടെ പ്രധാനവേഷങ്ങള്‍ ഭീമനും (സൗഗന്ധികം) അര്‍ജുനനും (കാലകേയവധം) ആയിരുന്നു. "സലജ്ജോഹ'വും "ജനക തവദര്‍ശന'വും ആടുന്നതില്‍ അദ്വിതീയനായിരുന്നു ചാത്തുണ്ണി. നരകാസുരന്റെ വേഷം തന്മയത്വമായി ആടിയതുകൊണ്ട്‌ ഇദ്ദേഹത്തിന്‌ നരകാസുരപ്പണിക്കര്‍ എന്നൊരു പേരും ഉണ്ടായിരുന്നു. ഇദ്ദേഹം 1922ല്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ശിഷ്യയാണ്‌ തിച്ചൂര്‌ തീയാടത്തു മാധവി.

5. ശങ്കരപ്പണിക്കര്‍ (1872-1935). കുഞ്ഞിക്കൃഷ്‌ണപ്പണിക്കര്‍ക്കുശേഷം കാവുങ്ങല്‍ കളിയോഗത്തിന്റെ ചുമതല വഹിച്ച ശങ്കരപ്പണിക്കര്‍ 1872ല്‍ ജനിച്ചു. കുഞ്ഞിക്കൃഷ്‌ണപ്പണിക്കരുടെയും ചാത്തുണ്ണിപ്പണിക്കരുടെയും കീഴില്‍ കച്ചകെട്ടിയ ഇദ്ദേഹത്തിന്റെ കലാവാസനയും സൗന്ദര്യവും അഭ്യാസത്തികവും പ്രസിദ്ധമായിരുന്നു. പതിനെട്ടു വയസ്സാകുന്നതിനു മുമ്പുതന്നെ കോട്ടയം കഥകളിലെയും മറ്റും ആദ്യവസാനങ്ങള്‍ കെട്ടി പ്രസിദ്ധനായി. നാരദന്‍, ദുര്‍വാസാവ്‌, ചെറിയ നരകാസുരന്‍, സന്താനഗോപാലബ്രാഹ്മണന്‍, കീചകന്‍, ഹനുമാന്‍, ബാലി, അര്‍ജുനന്‍, ഭീമന്‍ എന്നീ വേഷങ്ങളാണ്‌ ശങ്കരപ്പണിക്കര്‍ തന്മയത്വമായി അവതരിപ്പിച്ചിരുന്നത്‌. 1905ല്‍ ഉണ്ടായ സ്‌മാര്‍ത്തവിചാരത്തില്‍ ശങ്കരപ്പണിക്കര്‍ ഭ്രഷ്‌ടനാക്കപ്പെട്ടതോടെ ഇദ്ദേഹത്തിന്‌ ക്ഷേത്രങ്ങളിലും കോവിലകങ്ങളിലും ഇല്ലങ്ങളിലും പ്രവേശനമില്ലാതായി. തുടര്‍ന്ന്‌ പാലക്കാട്ടു താമസമാക്കിയ ശങ്കരപ്പണിക്കര്‍ 1909 മുതല്‍ മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കരുടെ കളിയോഗത്തില്‍ ചേര്‍ന്നു വേഷംകെട്ടിവന്നു.

1935ല്‍ കൊല്ലങ്കോട്ടു വാസുദേവരാജാവിന്റെ അതിഥിയായി എത്തിയ കൊച്ചി മഹാരാജാവിന്റെ മുമ്പില്‍ വേഷംകെട്ടി അംഗീകാരവും ഓണപ്പുടവയും വാങ്ങാന്‍ കഴിഞ്ഞതുവഴി ശങ്കരപ്പണിക്കരുടെ ഭ്രഷ്‌ട്‌ നീങ്ങുകയും ചെയ്‌തു. ഇദ്ദേഹം 1935ല്‍ അന്തരിച്ചു.

6. നാരായണപ്പണിക്കര്‍ (1890-1920). കുഞ്ഞിക്കൃഷ്‌ണപ്പണിക്കരുടെ ഭാഗിനേയിയുടെ പുത്രനായ നാരായണപ്പണിക്കരാണ്‌, ജാതിഭ്രഷ്‌ടുകൊണ്ട്‌ ശങ്കരപ്പണിക്കര്‍ നാടുവിട്ടുപോയശേഷം കാവുങ്ങല്‍ കളിയോഗത്തിന്റെ നേതൃത്വം വഹിച്ചത്‌. ശങ്കരപ്പണിക്കരുടെ കീഴില്‍ കച്ചകെട്ടിയ നാരായണപ്പണിക്കരുടെ പ്രസിദ്ധ കത്തിവേഷങ്ങള്‍ കീചകന്‍, ദുര്യോധനന്‍, ശിശുപാലന്‍ എന്നിവയാണ്‌. 1920ല്‍ മുപ്പതുവയസ്സു തികയുന്നതിനുമുമ്പ്‌ ഇദ്ദേഹം അന്തരിച്ചു.

7. ശങ്കരന്‍കുട്ടിപ്പണിക്കര്‍ (1908-1990). ശങ്കരപ്പണിക്കരുടെ മരുമകനായ ശങ്കരന്‍കുട്ടി 1908ല്‍ ജനിച്ചു. കോത്തുണ്ണിപ്പണിക്കരുടെയും അപ്പുണ്ണിപ്പൊതുവാളുടെയും ശിഷ്യനായിരുന്ന ശങ്കരന്‍കുട്ടി വെള്ളിനേഴിയില്‍ ചെന്ന്‌ പട്ടിക്കാന്തൊടി രാവുണ്ണിമേനോന്റെ കീഴിലും അഭ്യസനം നടത്തി. കൂടല്ലൂര്‍ നമ്പൂതിരിപ്പാടിന്റെയും തിരുനാവായ വാധ്യാന്‍ നമ്പൂതിരിയുടെയും കളിയോഗങ്ങളിലും പിന്നീട്‌ കുതിരവട്ടത്തു ശങ്കരന്‍ തമ്പാന്റെയും വാചാലികിട്ടന്റെയും കളിയോഗത്തിലും ശങ്കരന്‍കുട്ടി ആദ്യവസാനവേഷങ്ങള്‍ ആടിയിരുന്നു. കോട്ടയം കഥകളിലായിരുന്നു ശങ്കരന്‍കുട്ടിക്കു കൂടുതല്‍ ആഭിമുഖ്യം. ധര്‍മപുത്രര്‍, ഭീമന്‍, അര്‍ജുനന്‍, ശ്രീകൃഷ്‌ണന്‍, കീചകന്‍, ദുര്യോധനന്‍, നന്ദികേശ്വരന്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന വേഷങ്ങള്‍. 1944-46 കാലത്ത്‌ ഇദ്ദേഹം മൃണാളിനി സാരാഭായിയുടെ നാട്യസംഘത്തില്‍ അംഗമായിരുന്നു. 1952ല്‍ കൊല്ലങ്കോട്‌ ഹൈസ്‌കൂളില്‍ കഥകളിയധ്യാപകനായി നിയമിതനായി. 1969ല്‍ ഇദ്ദേഹം അധ്യാപകവൃത്തിയില്‍ നിന്നുവിരമിച്ചു.

8. ചാത്തുണ്ണിപ്പണിക്കര്‍ (1923-2007). കാവുങ്ങല്‍ തറവാട്ടിലെ ഒടുവിലത്തെ കഥകളി നടനായ ചാത്തുണ്ണിപ്പണിക്കര്‍ 1923ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍ അമ്മാവനായ ശങ്കരപ്പണിക്കരും കടമ്പൂര്‍ ഗോപാലന്‍ നായരുമായിരുന്നു. ആദ്യവസാനക്കാരനായിരുന്ന ചാത്തുണ്ണിയുടെ വീര, കരുണ, ഹാസ്യ, രൗദ്ര രസാഭിനയങ്ങള്‍ അദ്വിതീയമായിരുന്നു. കാലകേയവധത്തിലെ അര്‍ജുനന്‍, ബകവധത്തിലെ ഭീമന്‍, ഉത്തരാസ്വയംവരത്തിലെ ദുരേയാധനന്‍, ബാലിവിജയത്തിലെ രാവണന്‍, ദുര്യോധനവധത്തിലെ രൗദ്രഭീമന്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌ത വേഷങ്ങള്‍. 1945 മുതല്‍ മൃണാളിനി സാരാഭായിയുടെ നൃത്തപ്രദര്‍ശനങ്ങളില്‍ അപൂര്‍വമായി പങ്കെടുത്തിരുന്ന പണിക്കര്‍ 1949ല്‍ മൃണാളിനിയുടെ സംഘത്തില്‍ സ്ഥിരമായി ചേര്‍ന്നു. 1951ല്‍ മൃണാളിനിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ആരംഭിച്ച "ദര്‍പ്പണ' എന്ന നാട്യകലാലയത്തില്‍ നര്‍ത്തകനും അധ്യാപകനുമായി. ദര്‍പ്പണയില്‍നിന്നും വിരമിച്ചശേഷം വീണ്ടും കഥകളിരംഗത്തേക്കു കടന്നു. ഇദ്ദേഹം 2007ല്‍ നിര്യാതനായി. നോ. കഥകളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍