This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവുകള്‍

കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്‌ക്കൊരു മകന്‍, അയ്യപ്പന്‍, നാഗത്താന്മാര്‍ മുതലായവരെ കുടിവച്ച്‌ ആരാധിച്ചുവരുന്ന സ്ഥലങ്ങള്‍. സര്‍പ്പാരാധനയ്‌ക്കും വൃക്ഷാരാധനയ്‌ക്കുമുള്ള കേരളത്തിലെ പ്രാദേശിക ആരാധനാകേന്ദ്രങ്ങളായിരുന്നു കാവുകള്‍. മതിലോ, വേലിയോ കെട്ടി വേര്‍തിരിച്ചിരുന്ന വള്ളിപ്പടര്‍പ്പുകളും വൃക്ഷങ്ങളും നിറഞ്ഞ സ്ഥലങ്ങളായിരുന്നു ഇവ. പിന്നീട്‌ മാതൃദേവതകളെയും പ്രാദേശിക ദൈവങ്ങളെയും കാവുകളില്‍ ആരാധിച്ചുവരുന്നു. കാവുകളില്‍ സര്‍പ്പക്കാവുകളും ശാസ്‌താം കാവുകളും കാളിക്കാവുകളും ഉള്‍പ്പെടുന്നു. ഇവയില്‍ അധികവും കാടുകളിലാണ്‌ ഉദ്‌ഭവിച്ചിട്ടുള്ളത്‌. മാനവസംസ്‌കാരത്തിന്റെ വികാസപരിണാമപ്രക്രിയയുടെ ഒരു പ്രത്യേക കാലഘട്ടത്തില്‍ മനുഷ്യന്‍ അവനെ ഭയപ്പെടുത്തിയിരുന്ന പ്രകൃതിശക്തികള്‍ക്കും അവന്റെ സങ്കല്‌പത്തിലുണ്ടായിരുന്ന പ്രകൃത്യതീതശക്തികള്‍ക്കും ദിവ്യത്വത്തിന്റെ പരിവേഷം ചാര്‍ത്തിക്കൊടുത്തു. പഞ്ചഭൂതങ്ങളും പാമ്പുകളും ചാത്തനും കാളിയും ദൈവങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചു. നാഗാരാധന ദ്രാവിഡസംസ്‌കാരത്തിന്റെ സവിശേഷതകളില്‍ ഒന്നായിരുന്നു. ദേവീകോപംമൂലം വസൂരിയും സര്‍പ്പകോപംമൂലം ത്വഗ്‌രോഗങ്ങളും ഉണ്ടാകുന്നു എന്ന്‌ തെറ്റിദ്ധരിച്ച അന്നത്തെ മനുഷ്യര്‍ ഈ ദൈവങ്ങളെ കുടിയിരുത്താന്‍ കാവുകള്‍ സൃഷ്‌ടിച്ചു. രോഗശാന്തിക്കായി ചികിത്സ നടത്തുന്നതിനു പകരം കാവുകളില്‍ വഴിപാടുകള്‍ നടത്തി. സ്‌ത്രീകള്‍ ആര്‍ത്തവസമയത്ത്‌ കാവുകള്‍ തീണ്ടിയിരുന്നില്ല. കാവുകളിലെ പൂജയുടെ അവിഭാജ്യഘടകങ്ങളില്‍ ഒന്നായ പുള്ളുവപ്പാട്ട്‌ ദ്രാവിഡസംസ്‌കാരത്തിന്റെ ഭാഗമാണ്‌.

സര്‍പ്പക്കാവ്‌

ആരാധനാമൂര്‍ത്തികളെ അടിസ്ഥാനമാക്കി കാവുകളെ പലതായി തിരിക്കാറുണ്ട്‌. സര്‍പ്പക്കാവുകള്‍, അയ്യപ്പന്‍കാവുകള്‍, ഗണപതിക്കാവുകള്‍, കാളിക്കാവുകള്‍, വേട്ടയ്‌ക്കൊരുമകന്‍ കാവുകള്‍, ഊര്‍പ്പഴച്ചിക്കാവുകള്‍, ചീറുമ്പക്കാവുകള്‍, മുണ്ട്യക്കാവുകള്‍, പൂമാലക്കാവുകള്‍, മുച്ചിലോട്ടുകാവുകള്‍, കണ്ണങ്കാട്ടുകാവുകള്‍, പാലോട്ടുകാവുകള്‍ തുടങ്ങിയവയാണവ.

പാട്ട്‌, കളം, വേല, തീയാട്ട്‌, കളിയാട്ടം, തണ്ണീനമൃത്‌, താലപ്പൊലി, ചുറ്റുവിളക്ക്‌, കൂത്ത്‌, തിറ, കലശം എന്നിങ്ങനെ പലതരത്തിലുള്ള ഉത്സവങ്ങളും കാവുകളില്‍ അരങ്ങേറുന്നു. ഇവയില്‍ പലതും പല കാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്‌. ദിവസവും വിളക്ക്‌ കൊളുത്തുകയും വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉത്സവം നടത്തുകയും ചെയ്യുന്ന ലളിതമായ ആരാധനാക്രമങ്ങളുള്ള സ്ഥലങ്ങളായിരുന്നു കാവുകള്‍. അനുഷ്‌ഠാനങ്ങളെ അടിസ്ഥാനമാക്കി "തൂക്കക്കാവുകള്‍', "കാളിയാട്ടക്കാവുകള്‍', "തീയാട്ടുകാവുകള്‍', "പൂരക്കാവുകള്‍' എന്നിങ്ങനെ തിരിക്കാറുണ്ട്‌.

വിഷപ്പാമ്പുകളെക്കുറിച്ചുള്ള ഭയമാവണം നാഗാരാധനയ്‌ക്ക്‌ വഴിതെളിച്ചത്‌. കേരളത്തില്‍ ഇന്നു നിലവിലുള്ള സര്‍പ്പക്കാവുകളില്‍ ഏറ്റവും പ്രസിദ്ധം ആലപ്പുഴ ജില്ലയിലെ മണ്ണാറശ്ശാലയിലേതാണ്‌. സര്‍പ്പക്കാവുകളില്‍ വിശേഷാല്‍ പൂജകള്‍ നടത്തുന്നത്‌ ആയില്യം നാളിലാണ്‌. മഞ്ഞള്‍പ്പൊടിയും തെങ്ങിന്‍പൂക്കുലയും പാലും ഉപയോഗിച്ച്‌ നാഗദൈവങ്ങള്‍ക്ക്‌ ഒരുക്കുന്ന പൂജാദ്രവ്യമാണ്‌ നീറും പാലും. ചില സ്ഥലങ്ങളില്‍ ഇതിനായി നൂറും (ധാന്യമാവ്‌) പാലും ഉപയോഗിക്കുന്നു. കാവില്‍ നടത്തുന്ന ഇത്തരം പൂജയ്‌ക്ക്‌ "കാവൂട്ട്‌' എന്നു പറയുന്നു.

മറ്റൊരു പ്രസിദ്ധതീര്‍ഥാടനകേന്ദ്രമാണ്‌ ആര്യങ്കാവ്‌. ശാസ്‌താവാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ. ശബരിമല ക്ഷേത്രത്തിലെ മണ്‌ഡലപൂജക്കാലത്ത്‌ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ ഇവിടെ എത്തുന്നു. കേരളവും അയല്‍നാടായ തമിഴകവും നൂറ്റാണ്ടുകളിലൂടെ വളര്‍ത്തിയെടുത്ത സൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയാണ്‌ ആര്യങ്കാവ്‌. ആര്യങ്കാവ്‌ ക്ഷേത്രത്തിലേക്കാവശ്യമായ പൂജാസാമഗ്രികളില്‍ പലതും ഇന്നും ഇവിടെയെത്തുന്നത്‌ തമിഴ്‌നാട്ടിലെ ഭക്തജനങ്ങളുടെ സംഭാവനയായിട്ടാണ്‌.

കോട്ടയത്തെ പള്ളിപ്പുറത്തുകാവ്‌, കുറുമ്പ്രനാട്‌ താലൂക്കിലെ കൊല്ലം വിഷാരിക്കാവ്‌, തിരുവല്ലാ താലൂക്കിലെ പനയന്നാര്‍കാവ്‌, ഒളശ്ശയിലെ വേട്ടയ്‌ക്കൊരുമകന്‍ കാവ്‌, ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍ക്കാവ്‌, കൊട്ടാരക്കര റെയില്‍വേസ്റ്റേഷനു സമീപമുള്ള ചടയന്‍കാവ്‌ എന്നിവയ്‌ക്കു പിന്നിലുള്ള രസകരങ്ങളായ ഐതിഹ്യങ്ങള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ വര്‍ണിച്ചിട്ടുണ്ട്‌. കൈവിഷം, അപസ്‌മാരം, ഭ്രാന്ത്‌, ത്വഗ്‌രോഗങ്ങള്‍ എന്നിവയ്‌ക്കുള്ള ചികിത്സാകേന്ദ്രങ്ങള്‍ എന്ന നിലയില്‍ പലരും കാവുകളെ അഭയംപ്രാപിക്കുന്നുണ്ട്‌.

(മറവൂര്‍ ജി.കെ. പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍